രണ്ട് ദിവസത്തെ ശക്തമായ മഴ മുന്നറിയിപ്പ്; ഡാമുകള്‍ തുറന്നു, ആശങ്കകളില്ലാതെ നീരൊഴുക്ക്
നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന കേന്ദ്രകാലാവസ്ഥാ അറിയിപ്പിനെ തുടര്‍ന്ന് മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിന്‍റെ (idukki dam) മൂന്ന് ഷട്ടറുകളും വീണ്ടും തുറന്നു. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്‍റിമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയത്. ഇതോടെ ഇടുക്കി ഡാമില്‍ നിന്ന് ഒരു സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളിത്തുടങ്ങി. ഇടുക്കിയുടെ താഴ്വാരങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ വലിയ പ്രശ്നങ്ങളില്ലാതെയാണ് ജലം താഴ്വാരയിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ ഡാം തുറന്ന് വിട്ടതാണ് ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ പ്രളയത്തിന് കാരണമായതെന്ന പഠനങ്ങള്‍ പിന്നീട് വന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തവണ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഡാമുകള്‍ നേരത്തെ തുറക്കാന്‍ തീരുമാനമായത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ജി കെ പി വിജേഷ്, ഷഫീഖ് മുഹമ്മദ്, കൃഷ്ണപ്രസാദ്, ചന്തു പ്രവത്.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് (Kerala Rains)സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം രണ്ട് ദിവസം കൂടി മഴ ശക്തമായാല്‍ ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമാകും. അങ്ങനെയെങ്കില്‍ ഡാമുകളില്‍ അളവില്‍ കവിഞ്ഞ ജലമെത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഈയൊരു സാധ്യത മുന്നില്‍ കണ്ടാണ് ഇന്ന് തന്നെ ഡാമുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നാളെ മുതൽ രണ്ട് ദിവസത്തേക്ക് കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി ചെറുതോണി അണക്കെട്ടും പമ്പ അണക്കെട്ടും ഇടമലയാര്‍ അണക്കെട്ടുമാണ് ഇന്ന് തുറന്നത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകളും തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പിന്നാലെ നീരൊഴുക്ക് പരിഗണിച്ച് ഒരു മണിക്കൂറോളം പിന്നിട്ട ശേഷം നാലാമത്തെ ഷട്ടര്‍ തുറന്നു. ഇതിനെ പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറക്കുകയായിരുന്നു.
ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടുക്കി ഡാം തുറക്കുന്നതിന് മുൻപ് മുൻകരുതലായാണ് ഇടമലയാർ ഡാം തുറന്നത്. ഡാമിന്‍റെ രണ്ടു ഷട്ടറുകൾ 80 സെന്‍റീമീറ്റർ വീതമാണ് ഉയർത്തിയത്. ആശങ്കയുടെ സാഹചര്യം ഇല്ലെങ്കിലും നദി തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.'
അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് ചെറുതോണി പട്ടണത്തിലെ പുഴയോട് ചേർന്നുള്ള കടകൾക്ക് ആവശ്യമെങ്കിൽ ഒഴിയണമെന്ന് കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു.
ചെറുതോണിക്ക് പിന്നാലെ തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളിലേക്കാണ് പിന്നീട് വെള്ളമെത്തിയത്. ഇവിടെ രണ്ടിടത്തും കഴിഞ്ഞ തവണ അണക്കെട്ട് തുറന്നപ്പോൾ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. നിരവധി വീടുകൾ തകർന്നിരുന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു. '
വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും.
അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ട്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി,
പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് ഈ വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരുന്നു. പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവര്‍ത്തിച്ചു. നാളെ മുതല്‍ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുമെന്നും അറിയിച്ചു.
ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നതും നിരോധിച്ചു.
പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തേട് അണക്കെട്ട് ഇന്നലെ തുറന്നു വിട്ടിരുന്നു. നിലവിലെ ജലനിരപ്പ് വിലയിരുത്തി കക്കി ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടർ 60 സെന്‍റീമീറ്ററിൽ നിന്ന് 90 ആക്കി ഉയർത്തി. 200 ക്യുമെക്സ് വെള്ളം ആണ് ഇവിടെ നിന്ന് നിലവിൽ ഒഴുക്കിവിടുന്നത്.
ഇന്ന് പുലർച്ചെ രണ്ട് ഷട്ടറുകൾ 30 സെന്‍റീ മീറ്റർ വീതം തുറന്ന പമ്പ അണക്കെട്ടിൽ ഉച്ചയോടെ 45 സെന്‍റീമീറ്റർ ആയി ഉയർത്തി. പമ്പയിൽ പരമാവധി 10 സെന്‍റീമീറ്റർ വരെയാണ് ജലനിരപ്പ് ഉയരുന്നത്. അച്ചൻകോവിൽ ആറ്റിൽ നിന്നും കയറിയ വെള്ളം , പന്തളം തുമ്പമൺ നരിയാപുരം കടയ്ക്കട് മേഖലകളിൽ വീടുകളിൽ നിന്നും റോഡിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും പൂര്‍വ്വ സ്ഥിതിയിലെത്താന്‍ സമയമെടുക്കും.
എൻഡിആർഎഫ് സംഘവും മത്സ്യ തൊഴിലാളികളുടെ ബോട്ടുകളും വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മണിമല ആറിന്‍റെ തീരത്ത് മല്ലപ്പള്ളി അടക്കമുള്ള മേഖലകളിലും വെള്ളം പൂർണമായും ഇറങ്ങി. എന്നാല്‍, തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona