ബെയ്‍ലി പാലം ഒരുങ്ങുന്നു; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സൈന്യം, ദുരന്തഭൂമിയിലേക്ക് കൂടുതല്‍ സഹായങ്ങള്‍
കര, നാവിക, വ്യോമ സേനകളുടെ കൂട്ടായ പ്രവര്‍ത്തനത്തിനൊപ്പം ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് മണ്ണില്‍ പുതഞ്ഞ് പോയ ജീവനുകള്‍ നേടി രണ്ടാം ദിവസവും ശ്രമം തുടരുന്നത്. ഇന്നലത്തെതിനേക്കാള്‍ സുസജ്ജവും ലക്ഷ്യബോധവുമുള്ള രക്ഷാപ്രവര്‍ത്തനാണ് ഇന്ന് നടക്കുന്നത്. നാളെ രാവിലെയോടെ ചൂരല്‍മലയിലെ തകര്‍ന്ന പാലത്തിന്‍റെ സ്ഥാനത്ത് സൈന്യം താത്കാലിക ബെയ്‍ലി പാലം ഒരുക്കും. പാലം ഒരുങ്ങുന്നതോടെ കൂടുതല്‍ ദുരന്തമേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരാനാകും. അതേസമയം ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്ന സൈനിക വാഹനങ്ങള്‍ക്കും മെഡിക്കല്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കുന്ന വണ്ടികള്‍ക്കും സുഗമമായി കടന്ന് പോകാന്‍ വഴിയൊരുക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററടക്കം രക്ഷാപ്രവർത്തനത്തിനുണ്ട്. കരമാര്‍ഗം എത്തി ചേരാന്‍ ദുഷ്ക്കരമായ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ചൂരൽ മലയിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അഭ്യര്‍ത്ഥിച്ചു.
കണ്ണൂരിലെത്തിയ ആദ്യ വ്യോമസേനാ വിമാനത്തിൽ ആദ്യ ബെയ്‍ലി പാലം നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചിരുന്നു. ഇവ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെ ദുരന്ത മേഖലയിൽ എത്തിച്ചിരുന്നു. ഇവ ഉപയോഗിച്ച് ഒന്നാമത്തെ പാലം നിർമാണം പുരോഗമിക്കുകയാണ്. ഈ പാലം നാളെ പകലോടെ പൂര്‍ത്തിയാകുമെന്ന് കരുതുന്നു.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരൽ മലയിൽ നിന്നും താത്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ രണ്ടാമത്തെ പ്രത്യേക വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്. വ്യോമസേന എത്തിച്ച സാമഗ്രികൾ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ 17 ട്രക്കുകളിലായി ചൂരൽമലയിലെത്തിക്കും.
ഇതിനിടെ വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലകളില്‍ ഇന്നും മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാളത്തെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടാണ്.
ഉരുള്‍പൊട്ടിയൊഴുകിയ വഴയില്‍ ഇനി കാര്യമായതൊന്നും അവശേഷിച്ചിട്ടില്ല. ഇരുനിലവീടുകള്‍ പോലും മണ്ണിനടിയിലാണ്. ഇനിയും എത്രപേരെ കണ്ടെത്താനുണ്ടെന്നതിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഉരുള്‍പൊട്ടിയൊഴുകിയ വഴിയില്‍ ഉണ്ടായിരുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കുകളെടുക്കുകയാണ്. ഇതുവഴി എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകുമെന്ന് ഏകദേശം കണക്കാന്‍ കഴിയും.
മുണ്ടക്കൈ പൂര്‍ണ്ണമായും തകര്‍ന്ന് മണ്ണിനടിയിലായെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ രക്ഷാ ഉപകരണങ്ങൾ എത്തിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോക യോഗം വിലയിരുത്തി.
ഉരുണ്ടെത്തിയ കൂറ്റന്‍പറകള്‍ക്കും അടിഞ്ഞ് കൂടിയ ചെളിയും താഴെയാണ് പല വീടുകളുടെയും അവശിഷ്ടങ്ങള്‍. ദുരന്തപ്രദേശങ്ങളില്‍ ശക്തമായ ചളി അടിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാലുറപ്പിക്കാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയത്. വീടുകള്‍ ഉണ്ടായിരുന്ന ഇടങ്ങള്‍ ഇന്ന് ശൂന്യമാണ്. എല്ലാം അടിഞ്ഞ് കൂടിയ ചളിയിലാകട്ടെ കാലുറപ്പിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുന്നു.
മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള പ്രധാനപ്പെട്ട രണ്ട് വാര്‍ഡുകളാണ് മുണ്ടക്കൈയും ചൂരല്‍ മലയും. 900 പേരാണ് മുണ്ടക്കൈയിൽ മാത്രം വോട്ടര്‍പട്ടികയിലുള്ളത്. ചൂരൽമല വാര്‍ഡിൽ 855 വോട്ടര്‍മാരാണ് ഉള്ളത്. കുട്ടികള്‍, സ്റ്റേറ്റുകളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍, റിസോര്‍ട്ടിലെ ജീവനക്കാരും അതിഥികളും ഒഴികെയുള്ള കണക്കാണിത്.
മുണ്ടക്കൈയിൽ മാത്രം ആകെയുള്ളത് 431 കെട്ടിടങ്ങളാണ്. പാഡികളിലെ ഓരോ റൂമും ഉള്‍പ്പെടെയുള്ള കണക്ക്. മുണ്ടക്കൈയിൽ എട്ട് എസ്റ്റേറ്റുകളുണ്ട്. ഇതിൽ പുഞ്ചിരിമട്ടത്തെയും വെള്ളരിമലയിലെയും കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയി. ചൂരൽമല വാര്‍ഡില്‍ 599 കെട്ടിടങ്ങളാണ് ഉള്ളത്. ദുരന്തത്തിന്‍റെ കാഠിന്യം കണത്തിലെടുത്താല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
ചൂരൽമലയിൽ നിലംപൊത്തിയ വീട്ടിൽ നിന്നും പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കൂടുതൽ സങ്കടകരമായ കാഴ്ചകളാണ് മുണ്ടക്കൈയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിൽ നിന്ന് ഇന്ന് കണ്ടെടുത്ത എട്ട് മൃതദേഹങ്ങളും വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്. കസേരയിൽ ഇരിക്കുന്ന രീതിയിലുള്ള 4 മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. മണ്ണിൽ പുതഞ്ഞ് പോയവരെ തേടിയുള്ള രക്ഷാപ്രവർത്തകരുടെ ദൗത്യം പുരോഗമിക്കുകയാണ്.