വീടിനും ഓണം മൂഡ് വേണ്ടേ? ഇങ്ങനെയൊന്ന് മേക്ക് ഓവർ ചെയ്താലോ
10 ദിവസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഓണം. പുതിയ വസ്ത്രങ്ങളും, വിവിധതരം ഓണം കൂട്ടുകളും, ഭക്ഷണവും, പരിപാടികളും എല്ലാമുണ്ട്. ഓണം എത്തുന്നതിന് മുന്നേ വീടും വൃത്തിയാക്കുന്ന ശീലവും നമുക്കുണ്ട്. ഓണത്തിന് പരമ്പരാഗതമായ രീതിയിൽ വീട് അലങ്കരിക്കാം.

വീട് അലങ്കരിക്കാം
ഓണക്കാലത്ത് വീടും അലങ്കരിക്കേണ്ടത് പ്രധാനമാണ്. വീട്ടിൽ ഓണം മൂഡ് കൊണ്ടുവരാൻ സിംപിളായി ഇങ്ങനെയൊന്ന് അലങ്കരിച്ചു നോക്കൂ.
പൂക്കളം
വീടിന്റെ മുൻ ഭാഗത്തായാണ് നമ്മൾ അത്തപൂക്കളം ഇടുന്നത്. ഫ്രഷായി, മനോഹരമായ നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് അത്തപ്പൂക്കളം ഇടുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള പൂക്കളും നിറങ്ങളും ഉപയോഗിച്ച് ഏതു രീതിയിലും അത്തപൂവിടാൻ സാധിക്കും.
പൂമാല
പരമ്പരാഗതമായി വീട് അലങ്കരിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് പൂമാല. ഇത് വീടിന്റെ പ്രവേശന വാതിലിലും മറ്റ് മുറികളിലും ഇടാറുണ്ട്. ജമന്തി, മുല്ല, മാവില എന്നിവ ഉപയോഗിച്ച് പൂമാല തയാറാക്കാൻ സാധിക്കും. തൂണുകൾ ഉണ്ടെങ്കിൽ അതിൽ ചുറ്റിയിടുന്നതും വീടിന് കൂടുതൽ ഭംഗി നൽകുന്നു.
പ്രകാശം വേണം
വീടിനുള്ളിൽ എപ്പോഴും പ്രകാശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വിളക്കുകൾ, സുഗന്ധമുള്ള മെഴുകുതിരികൾ, വ്യത്യസ്തമായ നിറത്തിലുള്ള ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് വീടിനകം പ്രകാശപൂരിതമാക്കാം.
ചുമരുകൾ അലങ്കരിക്കാം
പൂമാലകൾ ഇട്ടതുകൊണ്ട് മാത്രം അലങ്കാരങ്ങൾ പൂർണമായെന്ന് പറയാൻ കഴിയില്ല. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കഥകളും ചുമരിൽ പ്രദർശിപ്പിക്കുന്നത് കൂടുതൽ ഭംഗി നൽകുന്നു.
മുറികൾ
ലിവിങ് റൂം മാത്രം അലങ്കരിച്ചതുകൊണ്ട് കാര്യമായില്ല. പലപ്പോഴും കിടപ്പുമുറികൾ അലങ്കരിക്കാൻ നമ്മൾ മറന്നുപോകുന്നു. കുറച്ച് പൂക്കൾ ചെറിയ പാത്രത്തിലാക്കി കിടപ്പുമുറിയിൽ വയ്ക്കാം. സുഗന്ധം പരത്തുന്ന തിരി കത്തിച്ചുവയ്ക്കുന്നതും കിടപ്പുമുറിയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നു. കൂടാതെ പൂക്കൾ ഉള്ള കർട്ടനുകളും, കിടക്ക വിരികളും ഉപയോഗിക്കാവുന്നതാണ്.
