ആചാരപ്പെരുമയിൽ അൽപശി ആറാടി പത്മനാഭസ്വാമി
ആചാരപ്പെരുമയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ആറാട്ട് നടന്നു. ഇന്നലെ വൈകീട്ട് ശംഖുമുഖത്ത് നടന്ന ആറാട്ടോട് കൂടി ഉത്സവത്തിന് കൊടിയിറങ്ങി. അൽപശി ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട തിങ്കളാഴ്ച രാത്രി 8.30 ഓടെ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ നടത്തിയിരുന്നു. ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. കിഴക്കേക്കോട്ടയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് പത്മനാഭസ്വാമിയെ വിമാനത്താവളത്തിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലിൽ ആചാരപരമായ ആറാട്ടിനെത്തിക്കുന്നതാണ് ചടങ്ങ്. അല്‍പശി ആറാട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.

രാജകുടുംബ സ്ഥാനി, ക്ഷേത്രത്തിൽ നിന്ന് ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണ ഗരുഡ വാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും വെള്ളി ഗരുഡവാഹനത്തിലും എഴുന്നള്ളിച്ചു.
പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിച്ചു. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമായി.
ഇവയ്ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തി.
തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങി. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന് അകത്ത് കൂടിയാണ് ഘോഷയാത്ര കടന്ന് പോയത്. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തിയതോടെ ഉത്സവത്തിന് കൊടിയിറങ്ങി.
1932ൽ വിമാനത്താവളം വരുന്നതിന് വളരെ മുമ്പുളള പരമ്പരാഗത വഴിയായതിനാൽ ഘോഷയാത്രയ്ക്ക് റൺവേയിലൂടെ കടന്നുപോകാൻ പ്രത്യേക അനുവാദമുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്നലെ വൈകീട്ട് നാല് മുതല്‍ ഒമ്പത് വരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam