അതിശക്തമഴ; കല്ലാര്‍ പൊന്മുടി റോഡില്‍ കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു
ഇന്നലെ വൈകീട്ടാരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളില്‍ റോഡുകള്‍ തടസപ്പെട്ടു. പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞത് ഗതാഗതത്തെയും ബാധിച്ചു. കല്ലാര്‍ പൊന്മുടി റോഡിലെ 22-ാം വളവില്‍ റോഡിലേക്ക് കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. റോഡിന്റെ മുക്കാല്‍ ഭാഗത്തോളം മണ്ണ് വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ വൈകുന്നേരം മുതല്‍ പൊന്മുടി അടക്കമുള്ള തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. പെന്മുടിയില് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് അരവിന്ദ്.
സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നതിനാല്‍ പൊന്മുടി, മീന്മുട്ടി, ബ്രൈമൂർ ഇക്കോ ടൂറിസങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് പൊന്മുടി 22 -ാം വളവില്‍ കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടത്.
വെള്ളറടയില്‍ 15 അടി ഉയരമുള്ള മതില് ഇടിഞ്ഞ് അയല്‍വാസിയുടെ കാറിന്റെ മുകളിലേക്ക് വീണു. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതിനിടെ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റീമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 140 സെ. മീ ഉയർത്തി. പെരിങ്ങൾക്കുത്തു ഡാമിന്റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു. ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ടാണ്.
ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ് അലർട്ടാണ്. മധ്യ-തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്.