കാലം തെറ്റി പുഞ്ചക്കരിയിലെത്തിയ വര്‍ണ്ണക്കൊക്കുകള്‍
തിരുവനന്തപുരം ജില്ലയിലെ വെള്ളായണി കായലോരത്തെ പുഞ്ചക്കരിപ്പാടത്ത് ദേശാടന പക്ഷികളെത്തിത്തുടങ്ങി. പടത്തിന്‍റെ ഏതാണ്ടെല്ലാ ഭാഗത്തും വിവിധ വലിപ്പത്തിലും വര്‍ണ്ണത്തിലുമുള്ള പക്ഷികള്‍ ചേക്കേറിയിരിക്കുകയാണ്. വിവിധ ഇനത്തില്‍പ്പെട്ട നൂറിലധികം കൊക്കുകളും നീലക്കൊഴികളും ഇവിടെയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അനുകൂലമായ കാലാവസ്ഥാ, ഇരപിടിക്കാനുള്ള സാഹചര്യം, കൂടൊരുക്കാന്‍ സുരക്ഷിതമായ ഇടം, എന്നിങ്ങനെ ദേശാടനപക്ഷികള്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായ സ്ഥലമാണ് വെള്ളായനിക്കായല്‍. വര്‍ഷങ്ങളായി ഓക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് ഇവിടെ ദേശാടനപക്ഷികളെത്താറുള്ളത്. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.
കാലം തെറ്റിയ മഴയേപ്പോലെയാണ് ഇപ്പോള്‍ ദേശാടനപ്പക്ഷികളുടെ വരവും. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ വന്നിരുന്ന ദേശാടനപക്ഷികള്‍ ഇപ്പോള്‍ ജനുവരിയോട് കൂടിയാണ് വെള്ളായനിയിലെത്തിത്തുടങ്ങിയത്.
കഴിഞ്ഞ ആഴ്ചയോടെയാണ് വര്‍ണ്ണക്കൊക്കുകള്‍ (painted stork) സംഘങ്ങളായി പുഞ്ചക്കരിയിലെത്തി തുടങ്ങിയത്. സ്റ്റോർക്ക് കുടുംബത്തിലെ ഒരു വലിയ കൊക്കാണ് പെയിന്‍റഡ് സ്റ്റോർക്ക് അഥവാ വര്‍ണ്ണക്കൊക്ക്. അതോടൊപ്പം അസംഖ്യം വെള്ളക്കൊക്കുകളും ഇവിടെയുണ്ട്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഹിമാലയത്തിന് തെക്ക് ഉഷ്ണമേഖലാ ഏഷ്യന്‍ സമതലങ്ങളിലെ തണ്ണീർത്തടങ്ങള്‍ മുതല്‍ തെക്കുകിഴക്കൻ ഏഷ്യയില്‍ വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
വലിപ്പമുള്ള ശരീരം, മഞ്ഞനിറത്തോടെയുള്ള മുഖവും കൊക്കുകളും, ഇളം റോസ് നിറത്തില്‍ നീളമേറിയ കാലുകള്‍, വെള്ളത്തൂവലുകളോടെയുള്ള ശരീരം, വെള്ളയും കറുപ്പും നിറങ്ങളുള്ള ചിറക്, ഏറ്റവും പുറകിലായി ഇളം റോസ് നിറത്തില്‍ തൂവലുകള്‍ എന്നിങ്ങനെയുള്ള പ്രത്യേകതകളുള്ള ദേശാടനപക്ഷികളാണ് വര്‍ണ്ണക്കൊക്കുകള്‍.
ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് വര്‍ണ്ണക്കൊക്കുകളുടെ പ്രജനനകാലം. ഒറ്റത്തവണ രണ്ട് മുതല്‍ അഞ്ച് വരെ മുട്ടകളാണ് സാധാരണ ഇടാറ്. കഴിഞ്ഞ നവംബറില്‍ പുഞ്ചക്കരിപ്പാടത്ത് യൂറേഷ്യന്‍ ഹോബി ഫാല്‍ക്കനെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലായി രണ്ട് തവണമാത്രമാണ് ഇവയെ ഇതുവരെ കണ്ടെത്തിയത്.
നദികളിലോ തടാകങ്ങളിലോ ഉള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ് വര്‍ണ്ണക്കൊക്കുകളുടെ ഇഷ്ട കേന്ദ്രങ്ങള്‍. ഇവ സാധാരണയായി കൂട്ടം കൂട്ടമായിട്ടാണ് ഇരതേടുന്നത്. തങ്ങളുടെ പാതി തുറന്ന കൊക്കുകൾ വെള്ളത്തിൽ മുക്കി അരികുളില്‍ നിന്ന് തൂത്തുവാരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്പർശനത്തിലൂടെ അറിയുന്ന ചെറുമത്സ്യങ്ങളെയാണ് ഇവ അകത്താക്കുന്നത്.
വര്‍ണ്ണക്കൊക്കുകള്‍ നീന്തുമ്പോൾ ജലാശയങ്ങളില്‍ ഒളിച്ചിരിക്കുന്ന മത്സ്യങ്ങളെ തള്ളി പുറത്തെത്തിക്കാനായി കാലുകൊണ്ട് വെള്ളം ഇളക്കിവിടുന്നത് പതിവാണ്. പലപ്പോഴും മറ്റ് ജലപക്ഷികളോടൊപ്പം മരങ്ങളിൽ കോളനികളായാണ് ഇവ കൂടൊരുക്കുന്നത്. കാലുകളിലൂന്നി കുതിച്ച് ഉയര്‍ന്നാണ് ഇവ സാധാരണയായി പറക്കുന്നത്.
എല്ലാ കൊക്കുകളെയും പോലെ ഇവയും കഴുത്തു നീട്ടിയാണ് പറക്കുന്നത്. മറ്റ് കൊക്കുകളെ പോലെ ഇവ മിക്കവാറും നിശ്ശബ്ദരായിരിക്കും. എന്നാല്‍, കൂടണഞ്ഞാല്‍ ഇവ കലഹപ്രീയരാണ്. ഇവയുടെ ശബ്ദം ഏറെ കഠിനമാണ്.
വർണക്കൊക്കുകളെ (painted stork) കൂടാതെ കഷണ്ടി കൊക്ക് (black ibis),ചാരമുണ്ടി (grey heron ), ചായമുണ്ടി (purple heron), വിവിധയിനം വെള്ള കൊക്കുകൾ (egrets), ചുവന്ന തിത്തിരി , മഞ്ഞക്കണ്ണി തിത്തിരി , വിവിധയിനം വാലുകുലുക്കികൾ (wagtails), കാട്ടുതാറാവിനങ്ങൾ എന്നിവയെല്ലാം പുഞ്ചക്കരിയിലെ പതിവ് കാഴ്ചയാണിപ്പോള്‍.