ഓണം വരവറിയിച്ച് തലസ്ഥാനത്ത് പുലികളിറങ്ങി
തിരുവനന്തപുരത്ത് ഒണവരവറിയിച്ച് പുലികളിറങ്ങി. ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തൃശൂരില്‍ നിന്ന് പന്ത്രണ്ട് പുലികളും ഒപ്പം ചെണ്ടക്കാരുമാണ് തലസ്ഥാനത്തെത്തിയത്. ചെണ്ട കൊട്ടി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പുലിക്കളി ഉദ്ഘാടനം ചെയ്തു. കനകക്കുന്നായിരുന്നു വേദി. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണം പോലും ആഘോഷിക്കാന്‍ പറ്റാത്ത മലയാളികള്‍ ഇത്തവണ ഓണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തൃശ്ശൂരില്‍ നിന്നും പ്രഫഷണല്‍ പുലികള്‍ തന്നെയാണ് ഇത്തവണ തലസ്ഥാനത്ത് ഇറങ്ങിയത്.
പന്ത്രണ്ട് ചെണ്ടകളില്‍ നിന്ന് ഒരുമിച്ച് ഒരേ താളത്തില്‍ മേളം ഉയര്‍ന്നതോടെ ആളുകള്‍ ചുറ്റുകൂടി. പിന്നൊന്നും നോക്കിയില്ല. പുലിമുഖം വരച്ച കുടവയറുകള്‍ ഇളകിയാടി.
താളത്തിനൊത്ത് പുലികള്‍ ആടിത്തുടങ്ങിയപ്പോള്‍ ആദ്യം കണ്ട് നിന്ന കുട്ടികളും പിന്നാലെ മുതിര്‍ന്നവരും താളം ചവിട്ടി.
കൂടിനിന്നവരെല്ലാം താളം ചവിട്ടി ഇളകിയാടുമ്പോള്‍ മന്ത്രിക്കും താളം പിടിക്കാനൊരു മോഹം. അദ്ദേഹവും ചെണ്ടയിലൊരു കൈ നോക്കി.
ആദ്യകളി തലസ്ഥാനത്തായതിനാല്‍ ഏറെ സന്തോഷമുണ്ടെന്ന് പുലികളും പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആഘോഷങ്ങള്‍ തിരികെയെത്തിയ സന്തോഷത്തിനാണ് ജനങ്ങളും.