School Reopen: സ്കൂള്‍ തുറന്നിട്ടും പടിക്ക് പുറത്ത് നില്‍ക്കേണ്ടിവരുന്ന ആനപ്പടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
നീണ്ട അടച്ചിടലിന് ഒടുവില്‍ സ്കൂളുകള്‍ തുറന്നു. എല്ലാവരും ക്ലാസികളിലെത്തിയപ്പോള്‍ രാവിലെ മുതല്‍ ക്ലാസ് മുറിക്ക് പുറത്ത് നില്‍ക്കുകയാണ് തിരൂര്‍ ആനപ്പടി എഎംഎല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. മറ്റ് സ്കൂളികളിലെ വിദ്യാര്‍ത്ഥികള്‍ പാഠഭാഗങ്ങള്‍ പഠിക്കുമ്പോള്‍ തകര്‍ന്ന് വീഴാറായ സ്കൂളിലിരുന്ന് ഞങ്ങളെങ്ങനെ പഠിക്കുമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദിക്കുന്നത്. ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകളാണ് ഇവിടെയുള്ളത്. ഏതാണ്ട് അമ്പതോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രശാന്ത് നിലമ്പൂര്‍.
നീണ്ട അവധിക്ക് ശേഷം ഉത്സാഹത്തോടെയാണ് അവരെല്ലാവരും തങ്ങളുടെ സ്കൂളിലെത്തിയത്. പുതിയ ഉടുപ്പുകള്‍ അണിഞ്ഞ് രക്ഷിതാക്കളോടൊപ്പം കുട്ടികള്‍ സ്കൂളിലെത്തിയെങ്കിലും ക്ലാസില്‍ കയറാന്‍ പറ്റാതെ പുറത്ത് നില്‍ക്കുകയാണ് കുട്ടികള്‍.
പല ക്ലാസ് മുറികളിലും ഓടുകള്‍ പൊട്ടി കിടക്കുകയാണ്. ഓടുകള്‍ മാത്രമല്ല, ചില ക്ലാസുകളില്‍ ഉത്തരത്തിന് ബലം നല്‍കാന്‍ വച്ച പട്ടികകള്‍ പോലും പൊട്ടി താഴെ വീണിട്ടുണ്ട്. ചില പട്ടികകള്‍ ചിതലരിച്ച് ഏത് നിമിഷവും നിലംപോത്താമെന്ന അവസ്ഥയിലാണ്. '
ക്ലാസ് മുറികളിലിരുന്നാല്‍ ഏത് നിമിഷവും തലയില്‍ ഓടുകള്‍ പൊട്ടിവീഴാമെന്നതാണ് അവസ്ഥ. രണ്ട് വര്‍ഷമായി യാതൊരു വിധത്തിലുമുള്ള നവീകരണം സ്കൂളില്‍ നടത്തിയിട്ടില്ല. സ്കൂളിലേക്ക് അവധി കഴിഞ്ഞ് കുട്ടികളെത്തുമ്പോള്‍ മാനേജ്മെന്‍റിന്‍റെ ആരും തന്നെ സ്കൂളിലുണ്ടായിരുന്നില്ല.
ക്ലാസ് മുറികളിലിരിക്കാന്‍ പേടിയാണെന്നും സ്കൂളില്‍ കയറാന്‍ പറ്റാത്തതിനാല്‍ സങ്കടമാണെന്നും പല ക്ലാസുകളിലും പലകകള്‍ പൊളിഞ്ഞ് തങ്ങളുടെ ശരീരത്തില്‍ വീഴുന്ന അവസ്ഥയിലാണെന്നും ക്ലാസുകളില്‍ ഇരിക്കാന്‍ പറ്റില്ലെന്നും വിദ്യാര്‍ത്ഥിനിയായ അശ്വനി എസ് കൃഷ്ണ പറഞ്ഞു.
ഏയ്ഡഡ് സ്ക്കൂളാണ് ആനപ്പടി എഎംഎല്‍ സ്കൂള്‍. അതുകൊണ്ട് തന്നെ മാനേജ്മെന്‍റുമായി ബന്ധപ്പെട്ട് സ്വത്ത് അവകാശ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആരാണ് സ്കൂള്‍ നന്നാക്കേണ്ടതെന്ന് തര്‍ക്കത്തെ തുടര്‍ന്നാണ് സ്കൂളിന്‍റെ നവീകരണം നിലച്ചത്.
ഇതോടെ രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിനകത്ത് ഇരുത്താന്‍ പറ്റില്ലെന്ന് നിര്‍ബന്ധം പിടിച്ചു. സമീപത്തുള്ള റെയില്‍വേ ലൈനിലൂടെ ട്രയിനുകള്‍ പോകുമ്പോള്‍ പോലും സ്കൂള്‍ കുലുങ്ങുകയാണെന്നും ഇത്തരമൊരു അവസ്ഥയില്‍ കുട്ടികളെ സ്കൂളിലിരുത്തി പഠിപ്പിക്കാന്‍ പറ്റില്ലെന്നും ഒരു രക്ഷിതാവ് പറഞ്ഞു.
പല തവണ അധ്യാപകരുടെ അടുത്ത് സ്കൂളിന്‍റെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞിരുന്നെന്നും എന്നാല്‍. ഇതുവരെ ഇതിന് പരിഹാരം കണ്ടെത്തിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. മാനേജ്മെന്‍റിന്‍റെ തര്‍ക്കങ്ങള്‍ തീര്‍ക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ നേര്‍ക്കല്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.
നേരത്തെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്കൂള്‍ കെട്ടിടം നവീകരിച്ചിരുന്നത്. അപ്പോഴും മാനേജ്മെന്‍റിലെ ആരും തന്നെ സ്കൂളുകളിലേക്ക് എത്തിയിരുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.