ഇടുക്കിയില്‍ ചാരായ റെയ്ഡിനെത്തിയ സംഘത്തിന് കിട്ടിയത് കാട്ടുപോത്തിറച്ചി; രണ്ട് പേര്‍ പിടിയില്‍
രഹസ്യ വിവരത്തേത്തുടര്‍ന്ന് വാറ്റ് ചാരായം പിടിക്കാനിറങ്ങിയ സ്ക്വാഡിന് കിട്ടിയത് ഒരു കിലോ കാട്ടുപോത്തിറച്ചി ഉണങ്ങിയത്. കാട്ടിറച്ചി വ്യാപാരം ചെയ്യുന്ന ആളിന്‍റെ പക്കല്‍ നിന്ന് വാങ്ങിയതാണെന്നാണ് പിടിയിലായ രണ്ട് പേര്‍ നല്‍കിയിരിക്കുന്ന മൊഴി
ചാരായം വാറ്റി വില്‍ക്കുന്നുവെന്ന വിവരത്തിനെ തുടര്‍ന്ന് റെയ്ഡിനെത്തിയ സ്ക്വാഡ് പിടികൂടിയത് കാട്ടുപോത്തിറച്ചി. ഇടുക്കി മാങ്കുളം മുനിപാറയിലാണ് സംഭവം.
എടാട്ട് കുന്നേൽ പ്രസന്നൻ കുട്ടപ്പൻ നായർ ( 62 ), പ്രണവ് പ്രസന്നൻ (30) എന്നിവര്‍ ചാരായം വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് നാർകോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് ഇവിടെ എത്തിയത്.
വീട്ടിൽ പരിശോധന നടത്തിയപ്പോൾ കിടപ്പുമുറിയിലെ അലമാരയിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഉണക്ക കാട്ടിറച്ചി കണ്ടെത്തുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനേ തുടര്‍ന്ന് ഫോറസ്റ്റ് വകുപ്പ് കേസെടുക്കുകയായിരുന്നു.
അടിമാലി ഭാഗത്ത് താമസിക്കുന്ന സുഹൃത്ത് നൽകിയ കാട്ടുപോത്തിറച്ചിയാണെന്നാണ് പ്രതികൾ ചോദ്യം ചെയ്യലില്‍ വിശദമാക്കിയത്. കാട്ടിറച്ചി വ്യാപാരം നടത്തുന്നവരെക്കുറിച്ച് സൂചനകൾ ലഭിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഉദയ സൂര്യൻ, പ്രിവന്‍റീവ് ഓഫീസർ കെ എച്ച് രാജീവ്, കെ വി സുകു, സി വിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, മാനുവൽ എൻ ജെ ,സച്ചു ശശി, ശരത് എസ് പി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.