കാലിനടിയിലെ മണ്ണ് കാക്കാന്‍ മനുഷ്യ കടല്‍ ഭിത്തി തീര്‍ത്ത് ചെല്ലാനം തീരം
ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെയുള്ള കടലാക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തില്‍ മനുഷ്യ കടല്‍ ഭിത്തി തീര്‍ത്തു. പതിറ്റാണ്ടുകളായി ചെല്ലാനം തീരദേശവാസികള്‍ നേരിടുന്ന പ്രശ്നത്തിന് ഇതുവരെ പരിഹാരം കാണാന്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിനിടെ പല താത്പര്യങ്ങളുടെ പേരിലാണ് പദ്ധതികള്‍ പലതും നടക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. ഏറ്റവുമൊടുവില്‍ തീര സംലക്ഷണ പദ്ധതിയില്‍ നിന്ന് ചെറിയ കടവു മുതല്‍ ബീച്ച് റോഡുവരെയുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാനാശ്ശേരി സമരപന്തല്‍ കേന്ദ്രീകരിച്ച് മനുഷ്യ കടല്‍ ഭിത്തി കെട്ടിയത്. തീരം കാക്കാനുള്ള ചെല്ലാനത്തുകാരുടെ സമരം 856 ദിവസം പൂര്‍ത്തിയായി.
2019 ഒക്ടോബർ 28 മുതൽ ചെല്ലാനത്തുകാര്‍ തങ്ങളുടെ മണ്ണ് നഷ്ടപ്പെടുന്നതിന് ഒരു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്. ചെല്ലാനം കമ്പിനിപടിയിലായിരുന്നു ആദ്യം സമരപന്തല്‍ ഉയര്‍ന്നത്. കൊച്ചിൻ പോർട്ടിന്‍റെ ആഴം കൂട്ടലാണ് ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്ന് സമരസമിതി പറയുന്നു.
എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ വിജനമായപ്പോള്‍, സമരം വീടുകളിലേക്ക് മാറ്റി. ഓരോ ദിവസവും ഊഴമനുസരിച്ച് ഓരോരോ വീട്ടുകാര്‍ നിരാഹാരമിരുന്നു കൊണ്ടായിരുന്നു ആക്കാലത്ത് സമരാഗ്നി കെടാതെ സൂക്ഷിച്ചത്.
കേരളത്തിൽ 10 സ്ഥലങ്ങളിൽ കടൽ ആക്രമണം രൂക്ഷമായി തുടരുന്നുണ്ടെന്ന് സമര സമിതി പറയുന്നു. അതിൽ ഏറ്റവും രൂക്ഷമായ പ്രദേശമല്ലാതിരുന്നിട്ടും 344.2 കോടി രൂപയുടെ പദ്ധതി ഇവിടെ മാത്രം പാസായത് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ശക്തമായ ഇടപെടല്‍ കൊണ്ടാണെന്നും സമര സമിതി ചൂണ്ടിക്കാട്ടി.
ചെല്ലാനം ഫിഷിങ്ങ് ഹാർബർ മുതൽ വടക്കോട്ട് ചെറിയ കടവ് കമ്പിനിപ്പടി വരെയുള്ള 10.5 കി.മീ.സ്ഥലം വരെ താഴെ കരിങ്കൽഭിത്തിയും അതിന് മുകളിൽ 4 കാലുകളുള്ള 2 ടൺ വീതം ഭാരമുള്ള ടെട്രാപോഡ് കോൺക്രീറ്റ് കട്ടകളും ക്രമമായി അടുക്കി 5.5 മീ ഉയരത്തിൽ സംരക്ഷണഭിത്തി കെട്ടാനാണ് പദ്ധതി.
ബസ്സാർ വേളാങ്കണ്ണി പ്രദേശങ്ങളിൽ 150 മീ. അകലത്തിൽ 4 പുലിമുട്ടുകൾ 55 മീറ്റര്‍ വീതം നീളത്തില്‍ പടിഞ്ഞോട്ട് നീട്ടും. ഇവ " T " ആകൃതിയിൽ നിർമ്മിക്കും. തെക്കെ അറ്റത്തും വടക്കെ അറ്റത്തും ഓരോ " I "ആകൃതിയിലുള്ള പുലി മുട്ടുകളും അങ്ങനെ 750 മീറ്ററിനുള്ളില്‍ 6 പുലിമുട്ടുകൾ നിർമ്മിക്കാനാണ് പദ്ധതി.
പുത്തൻതോട് ഫിഷിങ്ങ് ഗ്യാപ്പിന് തെക്കുവശത്ത് രണ്ടെണ്ണവും വടക്കുവശത്ത് 5 പുലിമുട്ടുകൾ " T " ആകൃതിയില്‍ 55 മീ.നീളത്തിലും 150മീ. അകലത്തിലും രണ്ടറ്റത്തും ഒരോ " I " ആകൃതി പുലി മുട്ടുകൾ 35 മീ. നീളത്തിലുമായി മൊത്തം 9 പുലിമുട്ടുകൾ 1,200 മീ. സ്ഥലത്ത് നിർമ്മിക്കുമെന്നും ആയിരുന്നു അന്ന് പ്രഖ്യപിച്ചിരുന്നത്.
എന്നാല്‍, പ്രഖ്യാപനം നടത്തിയവര്‍ ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ അത് വെറും 6.65 കി.മീ സ്ഥലത്തെ കരിങ്കൽ , ടെട്രാപോഡ് കടൽ ഭിത്തി മാത്രമായി ചുരുങ്ങി. ടെണ്ടര്‍ വളരെ പെട്ടെന്ന് തന്നെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ലഭിക്കുകയും താമസമില്ലാതെ പണി ആരംഭിക്കുകയും ചെയ്തു.
ചെല്ലാനം കൊച്ചി തീരത്ത് ഏറ്റവും കൂടുതൽ കടലാക്രമണമുള്ള ബസ്സാർ വേളങ്കണ്ണി ദേശത്ത് പുലിമുട്ടുകളും കടൽഭിത്തിയും നിർമ്മിക്കുന്നതിനോ പുത്തൻതോട്, കണ്ണമാലി പ്രദേശത്ത് കടൽഭിത്തികളും പുലിമുട്ടുകളുടെയും നിര്‍മ്മാണത്തിനുള്ള ടെണ്ടർ പോലും ക്ഷണിച്ചിട്ടില്ലെന്നും സമര സമിതി ആരോപിച്ചു.
നിർദ്ധിഷ്ട പദ്ധതി വിഭാവനം ചെയ്ത പോലെ പൂർത്തിയായാൽ തന്നെയും ചെറിയകടവ്, കാട്ടിപ്പറമ്പ് , മാനാശ്ശേരി, സൗദി, ബീച്ച് റോഡ് പ്രദേശങ്ങളിൽ അതിരൂക്ഷമായ കടലാക്രമണത്തിന് കാരണമാകുമെന്നം തദ്ദേശീയര്‍ പറയുന്നു. അതിനാൽ ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങളെ ഒറ്ററീച്ചായി പരിഗണിച്ച് പദ്ധതിയിൽപ്പെടുത്തി പണി പൂർത്തിയാക്കണമെന്ന്
ചെല്ലാനം കൊച്ചി ജനകീയവേദി ആവശ്യപ്പെട്ടു. ജനകീയ വേദി സമരം തുടങ്ങി 856-ാം ദിവസം തികയുന്ന 2022 മാർച്ച് ഒന്നിന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാനാശ്ശേരി സമരപന്തലിൽ നടക്കുന്ന സമരത്തിൽ ആദ്യഅവസാനംഎല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്അഭ്യർത്ഥിക്കുന്നു.