മലയാളിയെ മല കയറ്റിയ ബാബു; കേസെടുത്ത് വനം വകുപ്പ്, പൊലീസ് ഇനി ട്രക്കിങ്ങും നിരോധിക്കുമോയെന്ന് ട്രോളന്മാര്‍
പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കയറവേ കാല്‍വഴുതി 46 മണിക്കൂര്‍ പാറയിടുക്കില്‍ കുടുങ്ങി കിടക്കേണ്ടിവന്ന ബാബുവിനെ ഒടുവില്‍ സൈന്യത്തിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇത്രയേറെനേരം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ചൂടിനെയും തണുപ്പിനെയും നേരിട്ട് ധൈര്യത്തോടെ പിടിച്ച് നിന്ന ബാബുവിനെ പുകഴ്ത്തിയും സൈന്യത്തെ വാഴ്ത്തിയും ട്രോളന്മാരുമെത്തി. ബാബുവിനെ രക്ഷപ്പെടുത്തിയത് മറ്റ് ചിലത് കൂടിയാണ് നമ്മേ പഠിപ്പിക്കുന്നത്. തമിഴ്നാട് അതിര്‍ത്തി മുതല്‍ കര്‍ണ്ണാട അതിര്‍ത്തി വരെ കേരളത്തിന്‍റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി മലനിരകളാല്‍ സമ്പന്നമാണ് സഹ്യപര്‍വ്വത മലനിരകള്‍. എന്നിട്ടും കേരളത്തിന് എല്ലാ സുരക്ഷാ സംവിധാനങ്ങളും അടങ്ങിയ ഒരു ട്രക്കിങ്ങ് സംവിധാനമില്ല. വനംവകുപ്പും ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പൊലീസുമുണ്ട്. പക്ഷേ, അവരുടെ സംവിധാനങ്ങള്‍ക്കൊന്നും ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയില്‍ കുരുങ്ങിപ്പോയ ഒരാളെ രക്ഷിക്കാനുള്ള സംവിധാനങ്ങളോ അതിനുള്ള പരിജ്ഞാനമോ പരിശീലനമോ ഇല്ല. പക്ഷേ ഒന്നുണ്ട്. മലയിറങ്ങിയ ബാബുവിനെതിരെ വനം വകുപ്പിന്‍റെ കേസുണ്ട്. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് പറയുന്നു. ഇക്കാരണത്താല്‍ ഇനി കേരളാ പൊലീസ് ഇനി ട്രക്കിങ്ങ് തന്നെ നിരോധിക്കുമോയെന്നാണ് ട്രോളന്മാരുടെ ചോദ്യം. കാണാം മലയാളിയെ മല കയറിയ ബാബുവും പിന്നെ ട്രോളുകളും.
ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തതില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ അതൃപ്തി അറിയിച്ചു. രക്ഷാദൌത്യത്തിന് മാധ്യമങ്ങള്‍ അമിതാവേശം കാണിച്ചെന്നും ട്രോളന്മാരുടെ ആരോപണമുണ്ട്.