- Home
- News
- Viral News
- ട്രോളന്മാര്‍ ഭ്രാന്തന്മാരെന്ന് ഇ പി; 'യെന്ത് പറഞ്ഞാലും ചിറ്റപ്പനെ ഞങ്ങള്‍ക്കിഷ്ടമാണെന്ന്' ട്രോളന്മാരും
ട്രോളന്മാര്‍ ഭ്രാന്തന്മാരെന്ന് ഇ പി; 'യെന്ത് പറഞ്ഞാലും ചിറ്റപ്പനെ ഞങ്ങള്‍ക്കിഷ്ടമാണെന്ന്' ട്രോളന്മാരും
യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന്, കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ കേരളം ചൂട് പിടിച്ചു. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടിയില്‍ നിന്നും രക്ഷപ്പെടാനായി ജൂണ്‍ 13 ന് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇ പി ജയരാജനും കയറി. എന്നാല്‍, പിന്നാലെ കയറിയ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ തിരുവനന്തപുരം വിമാനത്തില്‍ വച്ച് കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചു. ഈ സമയം ഇ പി ജയരാജന്‍ പ്രതിഷേധക്കാരെ ഒരു പ്രത്യേക ആക്ഷനിലൂടെ തള്ളിമാറ്റി മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിച്ചു. ഈ കേസില്‍ ഇന്‍ഡിഗോ സ്വതന്ത്ര അന്വേഷണം നടത്തുകയും ഒടുവില്‍ പ്രതിഷേധക്കാര്‍ക്ക് രണ്ട് ആഴ്ചത്തെ യാത്രവിലക്കും ഇ പി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രവിലക്കും ഏര്‍പ്പെടുത്തി. ഇത് സിപിഎമ്മിലും അണികളിലും ഒരു പോലെ പ്രതിഷേധത്തിനിടയാക്കി. താനിനി ഇന്‍ഡിഗോ കമ്പനിയുടെ വിമാത്തില്‍ യാത്ര ചെയ്യില്ലെന്ന് ഇ പി ജയരാജന്‍ ശപഥമെടുത്തു. ഇതോടെ ട്രോളന്മാരും രംഗത്തെത്തി. 'ചിറ്റപ്പനോടെന്താ ചിറ്റമ്മ നയം' എന്ന് ട്രോളന്മാരും ചോദിച്ചു. ഇതില്‍ കുപിതനായ ഇപി ട്രോളന്മാര്‍ക്കെതിരെയും തിരിഞ്ഞു. ഇതോടെ ട്രോളന്മാര്‍ ഇപിയെ അക്ഷരാര്‍ത്ഥത്തില്‍ എയറിലാക്കി.

ഒരു ഇടവേളയ്ക്ക് ശേഷം ആ വിഷയത്തിന്‍റെ തുടര്‍ച്ചയെന്നവണ്ണം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളന്മാരുടെ നിരന്തര ആക്രമണത്തിന് വിധേയനാവുകയാണ് മുന്‍ വ്യവസായ മന്ത്രിയും ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍.
വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാർത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആവർത്തിച്ചു. വിഷയം പരിശോധിച്ച റിട്ടയേർഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി. തന്നെ വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇന്‍ഡിഗോ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'എന്‍റെ ഭാഗത്ത് പിശകില്ല. അതിനകത്ത് (വിമാനത്തിൽ) യൂത്ത് കോൺഗ്രസുകാര് 7, 8 സീറ്റുകളിലായിരുന്നു. മറ്റൊരാൾ മൗനം ദീക്ഷിച്ചായിരുന്നു. ഞാൻ ഇരുന്നത് 18 ലും മുഖ്യമന്ത്രി 20 ലുമായിരുന്നു. ലാന്‍റ് ചെയ്ത ഉടൻ ഇവർ ചാടിയെഴുന്നേറ്റു'. അദ്ദേഹം തുടര്‍ന്നു.
'ഞാൻ രണ്ട് സീറ്റ് പിടിച്ച് നിന്നത് കൊണ്ട് മുഖ്യമന്ത്രിക്കടുത്തേക്ക് അവർക്ക് എത്താനായില്ല. അവരുടെ വിമാനത്തിൽ അക്രമം ചെയ്യാൻ വന്നവരെ അതിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിനെ എനിക്ക് പുരസ്കാരം നൽകുകയായിരുന്നു വേണ്ടത്.' ഇ പി ജയരാജന്‍ സ്വയം വിലയിരുത്തി.
'മാനസിക രോഗികൾ കുറേയുണ്ട്. ചിന്താ കുഴപ്പമുള്ളവരും പ്രാന്തന്മാരും കുറേയുണ്ട്. അവരാണ് ട്രോളുകൾ ഉണ്ടാക്കുന്നത്. ഇന്‍ഡിഗോ എന്നെ ബഹിഷ്കരിച്ചു, അവരെ ഞാനും ബഹിഷ്കരിച്ചു. അവരോട് നടപടി തിരുത്താൻ ഞാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.' ട്രോളന്മാര്‍ മാനസിക രോഗികളാണെന്നും തന്നെ ബഹിഷ്ക്കരിച്ച ഇന്‍ഡിഗോയെ താനും ബഹിഷ്ക്കരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
'ഡൽഹീന്ന് മാധ്യമപ്രവർത്തകരാണ് വിമാനത്തിലെ വിലക്ക് സംബന്ധിച്ച് ആദ്യം അറിയിച്ചത്. എന്നാൽ, എനിക്ക് ഇക്കാര്യത്തിൽ യാതൊരു വിവരവും ലഭിച്ചില്ലായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ബാൻ ഉണ്ടെന്ന് മനസിലായത്. വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാർത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവർത്തിച്ചു.
'എനിക്കനുകൂലമായേ ആരും പറയൂ. ഞാൻ ചെയ്തത് ശരിയാണ്. കോൺഗ്രസിന്‍റെ ഡൽഹീലുള്ള എംപിമാർ ക്രിമിനലുകളെ സംരക്ഷിക്കാൻ കത്തയച്ചു. ഞാൻ ആരാണെന്നൊന്നും പരിശോധിക്കാൻ അവർ തയ്യാറായില്ലെന്നും ഇ പി ആരോപിച്ചു.
'അഡ്വ പാരിപ്പള്ളി കൃഷ്ണകുമാറിനെയാണ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട കാര്യം കൈകാര്യം ചുമതലപ്പെടുത്താൻ നിയമിച്ചത്. റിട്ടയേർഡ് ജഡ്ജി അടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് നൽകിയത്.' അദ്ദേഹം കേസിനെ കുറിച്ച് വ്യക്തമാക്കി.
'കോൺഗ്രസുകാർ നിലവാരമില്ലാത്തവരാണ്. എന്തും വിളിച്ചുപറയും, കുറച്ച് കഴിയുമ്പോ മാപ്പ് പറയും. അവർ പറയുന്നതിനൊന്നും മറുപടിയില്ല. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ വിമാനത്തിനകത്ത് കഠാര പോലുള്ള വല്ലതും കടത്താൻ ശ്രമിച്ചോയെന്ന് പരിശോധിക്കണം'- ഇപി ജയരാജൻ തന്‍റെ സംശയം പ്രകടിപ്പിച്ചു.
ഇതിനിടെ ഇ പി ജയരാജന്‍, തന്നെ വിലക്കിയ ഇന്‍ഡിഗോയുടെ നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കി. എ.എം.ആരിഫ് എംപി വഴിയാണ് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അദ്ദേഹം നിവേദനം നൽകിയത്. ഇൻഡിഗോയുടെ ഈ നടപടി അനാവശ്യ കീഴ‍്‍വഴക്കത്തിന് വഴിവയ്ക്കുമെന്നും ആരിഫ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിമാനങ്ങളിൽ സമാന രീതിയിലുള്ള ആക്രമണങ്ങൾ വർദ്ധിക്കാൻ ഈ തീരുമാനം ഇടയാക്കുമെന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ പി ജയരാജന്‍ ശക്തിയുക്തം വ്യക്തമാക്കി.
ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടെയെന്നും കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ പി ആവേശം കൊണ്ടു. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി ജയരാജൻ വിമര്‍ശിച്ചു. നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാന്യൻമാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. കൂട്ട് കച്ചവടവും ഗൂഢാലോചനയുമാണ് സംഭവത്തിന് പിന്നിൽ ഉണ്ടായത്. അത് ഓരോന്നായി പുറത്ത് വരികയാണെന്ന് പറഞ്ഞ ഇപി ജയരാജന്‍, കെ എസ് ശബരിനാഥനെക്കെതിരായ നടപടി അതിന്‍റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്‍ഡിഗോ ഓഫീസിലേക്ക് നോട്ടീസ് വന്നതായി മാത്രമാണ് വിവരം, അല്ലാതെ നേരിട്ട് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് ഏറ്റവും കൂടുതല്‍ തവണ യാത്ര ചെയ്യുന്നത് താനും തന്‍റെ ഭാര്യയുമാണെന്നും വെളിപ്പെടുത്തിയ അദ്ദേഹം ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും വാശിപിടിച്ചു. ഇ പി ജയരാജന്‍റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയുമായി അദ്ദേഹത്തന്‍റെ ഭാര്യ പി കെ ഇന്ദിരയും രംഗത്തെത്തി.
ഇതിനിടെ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസുകാരില്‍ നിന്നും തന്‍റെ ജീവന്‍ രക്ഷിച്ച ഇ പി ജയരാജന് വേണ്ടി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് നല്‍കിയ ശിക്ഷയേക്കാള്‍ വലിയ ശിക്ഷയാണ് ഇന്‍ഡിഗോ, ഇ പി ജയരാജന് നല്‍കിയതെന്നും അതിനാല്‍ ഇ പി ജയരാജനെതിരെ കേസ് എടുക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്‍ഡിഗോയുടെ അന്വേഷണ റിപ്പോർട്ട് സംഭവത്തിൽ ഉൾപ്പെട്ടവരെ കേൾക്കാതെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചത് എന്ന ഒരു ആക്ഷേപം ഉണ്ട്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. ഇപിയും ഗൺ മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചു ഗൂഢാലോചന ഉണ്ടായി. യൂത്ത് കോൺഗ്രസാണ് ഇത് ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 'ഞാൻ ഇറങ്ങിയതിനു ശേഷം അല്ല പ്രതിഷേധം. വിമാനം ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ എഴുന്നേറ്റ് വരാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യം വിളിച്ചു. സീറ്റ് ബെൽറ്റ് അഴിക്കാനുള്ള നിർദേശം വന്നപ്പോൾ ചാടി എഴുന്നേറ്റു. ആരും ഇറങ്ങിയിട്ടില്ല. വാതിൽ പോലും തുറന്നില്ല.' അദ്ദേഹം ആ സംഭവങ്ങള്‍ ഓര്‍ത്തെടുത്തു.
'യാത്രയ്ക്കിടെ എന്നെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ആണ് ശ്രമം നടന്നത്. തടയാൻ ശ്രമിച്ച അംഗ രക്ഷകർക്ക് പരിക്കേറ്റു. അറസ്റ്റ് ചെയ്ത പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലെ തങ്ങളെ ആക്രമിച്ചതായി പരാതി പെട്ടില്ല. ഗൗരാവമായ കുറ്റം മറയ്ക്കാൻ പിന്നെ പരാതി നല്കി.' അദ്ദേഹം വ്യക്തമാക്കി.
'പരിശോധിച്ചപ്പോൾ പരാതിയിൽ കേസ് എടുക്കാൻ ആകില്ലെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍, പ്രതിഷേധം ആസൂത്രിതം എന്ന് അന്വേഷണത്തിൽ കണ്ടെത്തി'. മുഖ്യമന്ത്രി രഹസ്യം വെളിപ്പെടുത്തി.
' പ്രതിഷേധത്തിന് വാട്സ്ആപ്പ് വഴി ആഹ്വാനം നല്കി. മുൻ എം എല്‍ എ കൂടിയായ് നേതാവ് ആണ് പിന്നിൽ. പ്രതിഷേധാക്കാർക്ക് ടിക്കറ്റ് സ്പോൺസര് ചെയ്തത് യൂത്ത് കോൺഗ്രസാണ് ' മുഖ്യമന്ത്രി ആ രഹസ്യം പൊട്ടിച്ചു. എന്നാല്‍ ഇപിക്കെതിരെ കേസെടുക്കാത്തത് ഇരട്ട നീതിയാണെന്നായിരുന്നു വിഡി സതീശന്‍റെ കുറ്റപ്പെടുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam