15 ലക്ഷം പുസ്തകങ്ങളുമായി 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം
യുഎഇയുടെ അക്ഷരമുറ്റമായ ഷാര്‍ജയിൽ നാല്‍പത്തിയൊന്നാമത് രാജ്യാന്തര പുസ്തകോൽസവത്തിന് തിരിതെളിഞ്ഞു. ലോകത്തെങ്ങുമുള്ള എഴുത്തുകാര്‍ ഇനിയുള്ള ദിവസങ്ങളില്‍ കഥയും കവിതയും ചര്‍ച്ചയുമായി ഷാര്‍ജയിലെ സാഹിത്യാസ്വാദകര്‍ക്കൊപ്പമുണ്ടാകും. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി കഴിഞ്ഞു. പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാര്‍ജ പുസ്തകോൽസവത്തിലുള്ളത്. ഷാര്‍ജയിലെ പുസ്തകോത്സവ നഗരിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ്ങ്: ജോജി ജെയിംസ്, ചിത്രങ്ങള്‍ പകര്‍ത്തിയത് കൃഷ്ണ പ്രസാദ് ആര്‍ പി
ഷാര്‍ജയിൽ ഇത് അക്ഷരങ്ങളുടെ വസന്തകാലം. യുഎഇയുടെ അക്ഷരനഗരയിൽ വായനയുടെ പൂക്കാലം. സാഹിത്യാസ്വാദകര്‍ക്കിത് കാവ്യസംഗമഭൂമി. നാൽപത്തിയൊന്നാമത് ഷാര്‍ജ പുസ്തകോൽസവത്തിന് തിരിതെളിയുമ്പോൾ കോവിഡിന്‍റെ കെട്ട ഓര്‍മകളിൽ നിന്നുള്ള തിരിച്ചു വരവിന് കൂടിയാണ് അരങ്ങുണര്‍ന്നത്.
അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവത്തിന്‍റെ പ്രമേയം. രാജ്യാതിര്‍ത്തികൾക്കപ്പുറം വായനയുടെ ഏകലോകത്തേക്ക് ആസ്വാദകനെ ചേര്‍ത്ത് നിര്‍ത്തുകയാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം.
നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം വളര്‍ന്നു കഴിഞ്ഞു. അറിവിനും അക്ഷരങ്ങൾക്കും എന്നും ഒന്നാം സ്ഥാനം കല്‍പ്പിക്കുന്ന ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീര്‍ഘദര്‍ശിത്വമാണ് ഷാര്‍ജ പുസ്തകോൽസവത്തിന്‍റെ ഇന്നത്തെ പേരും പെരുമയും
95 രാജ്യങ്ങളാണ് ഇക്കുറി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിന്‍റെ ഭാഗമാകുന്നത്. 2,213 പ്രസാധകരാണ് ഈ വര്‍ഷം അവരുടെ പുസ്തകങ്ങളുമായി ഷാര്‍ജയിലേക്കെത്തിയിരിക്കുന്നത്. വിവിധ ഭാഷകളിലായി പതിനഞ്ച് ലക്ഷത്തിലധികം കൃതികളാണ് വായനക്കാരെ കാത്തിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് 112 പ്രസാധകരാണ് ഷാര്‍ജ പുസ്തകോൽസവത്തിന്‍റെ ഭാഗമാകുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. മുന്നൂറിലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഈ പുസ്തകോൽസവത്തിൽ നടക്കും
സുനിൽ പി.ഇളയിടം, ജി.ആര്‍.ഇന്ദുഗോപൻ, സി.വി.ബാലകൃഷ്ണൻ തുടങ്ങി വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ എഴുത്തുകാരും ഇത്തവണ പ്രവാസ ലോകത്തെ ഈ കാവ്യോൽസവത്തിലേക്കെത്തുന്നുണ്ട്. വായനക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനത്തിനും ഷാര്‍ജ പുസ്തകോൽസവം സാക്ഷ്യം വഹിക്കും.
പുസ്തകോൽസവത്തിനിടെ ഒരു ചിത്രപ്രദര്‍ശനമെന്ന കൗതുകവും ഇത്തവണ ഷാര്‍ജ പുസ്തകോൽസവത്തിലുണ്ട്. സിനിമ നടൻ കോട്ടയം നസീറിന്‍റെ ചിത്രങ്ങൾ വാങ്ങാനും ആസ്വദിക്കാനും പുസ്തകോൽസവത്തിൽ അവസരമുണ്ടാകും. ഇതിന് പുറമേ നസീറിന്‍റെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകവും ലഭ്യമാണ്. സംവിധായകൻ നാദിര്‍ഷയാണ് കോട്ടയം നസീറിന്‍റെ സോളോ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
പുസ്തകങ്ങൾ വാങ്ങിക്കുക എന്നതിനപ്പുറം സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദി കൂടിയാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം. പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനും അവരുടെ സാഹിത്യവിശേഷങ്ങൾ നേരിട്ടറിയാനും വായനക്കാര്‍ക്ക് അവസരമുണ്ട്. വായനയുടെ ലോകത്തേക്ക് കുട്ടികളെ വരവേല്‍ക്കാൻ ലക്ഷ്യമിട്ട് ഒട്ടേറെ വ്യത്യസ്തമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
അപൂര്‍വമായ ഒട്ടേറെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഷാര്‍ജ പുസ്തകോൽവത്തെ ശ്രദ്ധേയമാക്കുന്നു. പഴയകാലത്തെ ഖുറാനും, തുകൽച്ചുരുഴുകളുമെല്ലാം ആസ്വദകര്‍ക്ക് നേരിട്ട് കണ്ട് മനസിലാക്കാന്‍ സാധിക്കുന്നു.
കോവിഡിന്‍റെ കെടുതികളെല്ലാം മറികടന്നെത്തുന്ന ലോകത്തിന് മുന്നിലേക്കാണ് ഇത്തവണ ഷാര്‍ജ പുസ്തകോൽസവമെത്തുന്നത്. പതിനേഴ് ലക്ഷത്തിൽപ്പരം ആളുകൾ പുസ്തകോൽസവ നഗരിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. അതിജീവനത്തിന്‍റെ, പ്രത്യാശയുടെ വലിയ സന്ദേശം കൂടി പങ്കുവച്ചുകൊണ്ടാണ് പുസ്തകോൽസവം ആസ്വദകര്‍ക്ക് സ്വന്തമാകുന്നത്.