- Home
- Technology
- Science (Technology)
- രാപ്പകല്‍ വ്യത്യാസമില്ലാതെ ഏത് കാറ്റിലും കോളിലും ഭൗമ നിരീക്ഷണം; എന്താണ് 'നൈസാര്‍' മിഷന്‍?
രാപ്പകല്‍ വ്യത്യാസമില്ലാതെ ഏത് കാറ്റിലും കോളിലും ഭൗമ നിരീക്ഷണം; എന്താണ് 'നൈസാര്‍' മിഷന്‍?
ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് നൈസാര്‍ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്‍റെ വിക്ഷേപണത്തിനുള്ള അവസാന തയ്യാറെടുപ്പുകളില്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് എന്‍ ഐ സാര്‍ കുതിച്ചുയരുക ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി.

ജിഎസ്എൽവി-എഫ്16
ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന എൻ ഐ സാർ (NISAR) ഭൗമ നിരീക്ഷണ ഉപഗ്രഹം ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് ജൂലൈ 30ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5:40നാണ് നൈസാര്‍ വിക്ഷേപണം. ഇസ്രൊയുടെ കരുത്തുറ്റ ജിഎസ്എൽവി-എഫ്16 ആണ് വിക്ഷേപണ വാഹനം.
ചിലവേറിയ ഭൗമനിരീക്ഷണ ഉപഗ്രഹം
ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് എൻ ഐ സാർ കൃത്രിമ ഉപഗ്രഹം നിലയുറപ്പിക്കാൻ പോകുന്നത്. 2,400 കിലോഗ്രാം ഭാരമുള്ള നൈസാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി രൂപയ്ക്ക് മുകളില്‍ വരും. ഈ തുക നാസയും ഇസ്രൊയും പങ്കിടുന്നു. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് എറ്റവും മുടക്കുമുതലുള്ള ഉപഗ്രഹം കൂടിയാണ് എൻ ഐ സാർ.
രണ്ട് സാർ റഡാറുകള്‍
രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍. ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും, നാസയുടെ എൽ ബാൻഡ് റഡാറും നൈസാര്‍ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുന്നു. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്‌മമായി പകര്‍ത്താന്‍ നൈസാര്‍ സാറ്റ്‌ലൈറ്റിനാകും.
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയും
ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം എൻ ഐ സാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ പതിയും. കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പും ഒപ്പിയെടുക്കും. കാട്ടുതീകളും ഹിമാനികളുടെ ചലനവും മഞ്ഞുപാളികളിലെ മാറ്റവും തിരിച്ചറിയും. കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈർപ്പവും വിളകളുടെ വളർച്ചയും വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നൈസാറിന് ശേഷിയുണ്ട്.
മണ്ണിനടിയിലും വിവര ശേഖരണം
എൽ ബാൻഡ് റഡാറിന്‍റെ ഉയർന്ന തരംഗദൈർഘ്യം കൂടുതൽ ആഴത്തിലേക്കിറങ്ങി ചെല്ലും മണ്ണിനടിയിലേക്കും, വൃക്ഷത്തലപ്പുകൾക്ക് താഴേക്കും കടന്നുചെല്ലും. രണ്ട് റഡാറുകളിൽ നിന്നുള്ള വിവരങ്ങളും ചേർത്താൽ കൂടുതൽ കൃത്യതയോടെയും മിഴിവോടെയും വിവരശേഖരണം നടത്താം.
ഭൂമിയെ 12 ദിവസത്തിലൊരിക്കല്‍ ഒപ്പിയെടുക്കും
നൈസാറിന് വിക്ഷേപണം കഴിഞ്ഞാൽ 90 ദിവസം കമ്മീഷനിംഗ് കാലമാണ്. ഉപഗ്രഹം ബഹിരാകാശത്ത് എത്തി പത്താം ദിവസമാണ് പന്ത്രണ്ട് മീറ്റർ വ്യാസമുള്ള റഡാർ റിഫ്ലക്‌ടർ വിടർത്തി തുടങ്ങുക. ആ കുട നിവർത്തി തീരാൻ തന്നെ എട്ട് ദിവസമെടുക്കും. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാറിന്‍റെ റഡാർ ദൃഷ്‌ടിയിൽപ്പെടും. കമ്മീഷനിംഗ് കഴിഞ്ഞാൽ അഞ്ച് വർഷത്തെ ദൗത്യ കാലാവധിയാണ് നൈസാര്‍ ഉപഗ്രഹത്തിന് നിശ്ചയിച്ചിരിക്കുന്നത്.