'ജോര്‍ജുകുട്ടി'ക്കും കുടുംബത്തിനുമൊപ്പം മൊബൈല്‍ ഷോപ്പില്‍; ചിത്രങ്ങള്‍ പങ്കുവച്ച് ജീത്തു ജോസഫ്
'ദൃശ്യം 2' ചിത്രീകരണം ആരംഭിച്ചതു മുതല്‍ ചിത്രത്തിന്‍റെ ഓരോ അപ്‍ഡേറ്റും വാര്‍ത്തയാവാറുണ്ട്. ഒരു മെഗാഹിറ്റ് ചിത്രത്തിന്‍റെ രണ്ടാംഭാഗം എന്നതിനൊപ്പം കൊവിഡ് കാലത്ത് ചിത്രീകരണം ആരംഭിക്കുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍താര ചിത്രം എന്നതും 'ദൃശ്യം 2' ലൊക്കേഷനിലേക്ക് പ്രേക്ഷകശ്രദ്ധയെ ക്ഷണിക്കുന്ന ഘടകമാണ്. ചിത്രീകരണത്തിന്‍റെ ഭാഗമായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'ജോര്‍ജുകുട്ടി'യും കുടുംബവും ഒരു മൊബൈല്‍ ഷോപ്പിലെത്തുന്നതിന്‍റെ സ്റ്റില്ലുകള്‍ രാവിലെ മുതല്‍ക്കേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ അവിടെനിന്നുള്ള ചില ക്ലിക്കുകള്‍ ഒഫിഷ്യല്‍ ആയി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
ജീത്തു ജോസഫ് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളില്‍ ജോര്‍ജുകുട്ടിയെ അവതരിപ്പിക്കുന്ന മോഹന്‍ലാലും ഭാര്യാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീനയും മക്കളായി എത്തുന്ന അന്‍സിബ ഹസനും എസ്‍തര്‍ അനിലുമുണ്ട്.
എറണാകുളത്ത് ആരംഭിച്ച ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ചിത്രം തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്തത്.
ദൃശ്യം ചിത്രീകരിച്ച തൊടുപുഴ വഴിത്തല മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് പുതിയ സിനിമയുടെയും പ്രധാന ലൊക്കേഷന്‍.
കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രീകരണമായതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെയാണ് ഷെഡ്യൂള്‍ പുരോഗമിക്കുന്നത്.
ഷൂട്ടിംഗ് ആരംഭിച്ചാല്‍ പുറത്തുനിന്ന് ആരും കയറാതെ അടച്ചിടേണ്ടതിനാല്‍ മുഴുവന്‍ താരങ്ങളും ആദ്യദിനം മുതല്‍ ക്രൂവിനൊപ്പമുണ്ട്.