'എന്‍റെ വേരുകള്‍ എന്‍റെ മക്കള്‍ കാണണം'; ആഗ്രഹം പൂര്‍ത്തിയാക്കാതെ ഋഷി കപൂര്‍ യാത്രയായി

First Published Apr 30, 2020, 11:55 AM IST

സ്വന്തം അഭിപ്രായങ്ങളെ എവിടെയും എപ്പോഴും തുറന്ന് പറയുന്നതില്‍ മറ്റ് സിനിമാ നടന്മാരില്‍ നിന്ന് വ്യത്യസ്തനാണ് ഋഷി കപൂര്‍. ഒരിക്കല്‍ പാകിസ്ഥാന്‍റെ ഭാഗമാണ് പാക് അധിനിവേശ കാശ്മീര്‍ എന്ന ഫറൂഖ് അബ്ദുള്ളയുടെ അഭിപ്രായത്തോട് പ്രതികരിക്കവേയാണ് ഋഷി കപൂര്‍ തന്‍റെ വേരുകളെ കുറിച്ച് പറഞ്ഞത്. സ്വാതന്ത്രത്തോടെ രണ്ട് രാജ്യങ്ങളില്‍ ജീവിക്കേണ്ടി വന്ന അനേകം പേരുടെ പിന്‍തുടര്‍ച്ചയാണ് താനെന്നും അന്ന് ഋഷി കപൂര്‍ ഓര്‍ത്തെടുത്തു. വിഭജനത്തില്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും കുടിയേറിയ ലക്ഷോപലക്ഷം കുടുംബങ്ങളുടെ പ്രതിനിധി കൂടിയായിരുന്നു ഋഷി കപൂര്‍. പാകിസ്ഥാനെ ശത്രുതാ മനോഭാവത്തോടെ സമീപിക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നുമില്ല. 

 

നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്ദുള്ള പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാന്‍റെതാണെന്നും അതിന് വേണ്ടി ഇന്ത്യ എത്ര യുദ്ധം ചെയ്തിട്ടും കാര്യമില്ലെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. "ഫറൂഖ് അബ്ദുള്ളക്ക് സലാം, അദ്ദേഹം പറഞ്ഞ ആ സത്യം അംഗീകരിക്കുന്നു. പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാന്‍റെതാണെന്നും എന്നാല്‍, ജമ്മു കശ്മീര്‍ ഇന്ത്യയുടേതാണെന്നും" ഋഷി കപൂര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് 65 വയസായെന്നും മരിക്കുന്നതിന് മുന്‍പ് പാകിസ്ഥാന്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞ ഋഷി, തന്‍റെ വേരുകള്‍ തന്‍റെ മക്കള്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തമ്മിലടി അവസാനിപ്പിക്കാന്‍ സമയമായില്ലേയെന്നും ഇരുരാജ്യത്തെയും ഭരണാധികാരികളോടും  ഋഷി കപൂര്‍ ചോദിച്ചു. പാകിസ്ഥാനിലെ പെഷവാറിലാണ് ഋഷി കപൂറിന്‍റെ കുടുംബവേരുകളുള്ളത്. ഇന്ത്യ - പാകിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്നാണ് ഋഷി കപൂറിന്‍റെ കുടുംബം ഇന്ത്യയിലെത്തുന്നത്.