'22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു'; ശരീരഭാരം കുറച്ച അനുഭവം പങ്കുവച്ച് വിസ്മയ മോഹൻലാൽ
മോഹൻലാലിന്റെ ആക്ഷൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. മകൻ പ്രണവ് തിരിച്ചു വരവിൽ ചെയ്ത രണ്ട് ചിത്രങ്ങളിലും ആക്ഷന് പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ വഴങ്ങുമെന്ന് തെളിയിച്ചയാളാണ് വിസ്മയ. തായ് ആയോധനകല പരിശീലിക്കുന്ന വിസ്മയുടെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നാളുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ശരീരഭാരം കുറച്ച അനുഭവം പങ്കു വയ്ക്കുകയാണ് വിസ്മയ.
തായ്‌ലൻഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് വിസ്മയ ശരീര ഭാരം കുറച്ചത്. 22 കിലോ ഭാരം കുറയ്ക്കാനായതായി വിസ്മയ ഇൻസ്റ്റഗ്രാം പോസിറ്റിൽ പറഞ്ഞു. ഫിറ്റ് കോഹിന് വിസ്മയ നന്ദിയും അറിയിച്ചു.
‘ഫിറ്റ് കോഹ് തായ്‌ലൻഡില്‍ ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വന്നപ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു‘
‘ശരീര ഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനും ഞാൻ ആഗ്രഹിച്ചു. പക്ഷേ അതിനായി ഒന്നും ചെയ്യാതെയും കുറച്ച് വർഷങ്ങൾ ചിലവഴിച്ചു. പടികൾ കയറുമ്പോൾ എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ ഈ ഞാൻ ഇവിടെയാണ്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു‘
’ഇത് വല്ലാത്തൊരു സാഹസികമായ യാത്ര ആയിരുന്നു. ആദ്യമായി ‘മ്യു തായ്’ പരീക്ഷിക്കുന്നത് മുതൽ മനോഹരമായ കുന്നുകൾ കയറുന്നത് വരെ, ഒരു പോസ്റ്റ്കാർഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകൾ വരെ. ഇത്തരം പ്രവത്തികൾ ചെയ്യാൻ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല!’
‘പരിശീലകൻ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. ഒരു മികച്ച പരിശീലകനാണ് അദ്ദേഹം. ഓരോ ദിവസവും 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നൽകുന്നതിൽ നിന്ന് തുടങ്ങുന്നു. എല്ലായ്പ്പോഴും എന്നെ പിന്തുണച്ച് നിൽക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആത്മാർത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു‘
‘പരിക്കേറ്റപ്പോൾ സഹായിച്ചും മുന്നോട്ട് പോകാൻ എന്നെ തിട്ടപ്പെടുത്തിയും കഠിനമാകുമ്പോൾ ഉപേക്ഷിക്കാതിരിക്കാൻ പ്രേരിപ്പിച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നു. കഴിയില്ലെന്ന് സ്വയം തോന്നിയപ്പോൾ എനിക്ക് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്ന നിരവധി വേളകൾ. അതെ, ഇത് ശരീരഭാരം കുറയ്ക്കുക എന്നതിലുപരിയായുള്ള കാര്യമാണ്. പുതിയ കുറേ കാര്യങ്ങൾ പരീക്ഷിച്ചു. ചില ആളുകളെ കണ്ടു അതിശയപ്പെട്ടു. എന്നെത്തന്നെ വിശ്വസിക്കാനും മുന്നോട്ട് നയിക്കാനും കഴിഞ്ഞു. ഒടുവിൽ ഞാൻ അത് ചെയ്യുമെന്ന് പറയുന്നതില്‍ നിന്നും ഞാൻ അത് ചെയ്യുകയുമാണ്‘
’ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറയും. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. അടുത്ത തവണ ഞാൻ തീർച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി’ എന്നാണ് വിസ്മയ കുറിച്ചത്.