ആദ്യ മൂന്ന് പേരും ഇന്ത്യക്കാര്‍; ഏകദിനത്തില്‍ അതിവേഗം 10,000 തികച്ച അഞ്ച് താരങ്ങള്‍
ടി20യുടെ വരവോടെ ക്രിക്കറ്റിന്റെ സ്വഭാവം തന്നെ മാറി. ഏകദിന ക്രിക്കറ്റില്‍ വലില സ്‌കോറുകള്‍ പിറക്കാന്‍ തുടങ്ങി. എല്ലാം അതിവേഗത്തിലായി. ബാറ്റ്‌സ്മാന്മാര്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടാന്‍ തുടങ്ങിയതിനും അധികസമയമായിട്ടില്ല. വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതോടെ വ്യക്തിഗത നേട്ടങ്ങളും താരങ്ങളെ തേടിവന്നു. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് പരിശോധിക്കാം.
വിരാട് കോലി- 205 ഇന്നിങ്സ്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോലി. വെറും 205 ഇന്നിങ്സുകളിലാണ് കോലി 10,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. 2008 ആഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കോലിക്കു എലൈറ്റ് ക്ലബ്ബിലെത്താന്‍ 10 വര്‍ഷവും 67 ദിവസവും മാത്രമേ വേണ്ടി വന്നുള്ളൂ. ഇതിനകം 248 ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം 59.33 ശരാശരിയില്‍ 11,867 റണ്‍സാണ് നേടിയിട്ടുള്ളത്. 43 സെഞ്ച്വറികളും 58 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -259 ഇന്നിങ്സ്
സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്ന് അടുത്തിയാണ് കോലി ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്. 259 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്റെ നേട്ടം. 10,000 റണ്‍സിലെത്താന്‍ സച്ചിനു വേണ്ടി വന്നത് 11 വര്‍ഷങ്ങളും 103 ദിവസവുമായിരുന്നു. 2001 മാര്‍ച്ച് 31ന് ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ഇത്രയും റണ്‍സ് മറികടന്നത്. 2012ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനു മുമ്പ് 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമടക്കം 18,426 റണ്‍സ് സച്ചിന്‍ സ്വന്തമാക്കി.
സൗരവ് ഗാംഗുലി -263 ഇന്നിങ്സ്
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് മൂന്നാം സ്ഥാനത്ത്. 263 ഇന്നിങ്സുകളില്‍ നിന്നാണ് ദാദ 10,000 റണ്‍സ് ക്ലബ്ബിലെത്തിയത്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരായിരുന്നു നേട്ടം. ഇത്രയും റണ്‍സെടുക്കാന്‍ അദ്ദേഹത്തിന് വേണ്ടി വന്നത് 13 വര്‍ഷവും 204 ദിവസവുമായിരുന്നു. കരിയറില്‍ 311 ഏകദിനങ്ങളില്‍ കളിച്ച ദാദ 41.02 ശരാശരിയില്‍ 11,363 റണ്‍സ് നേടിയിട്ടുണ്ട്.
റിക്കി പോണ്ടിങ് -266 ഇന്നിങ്സ്
മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് നാലാമന്‍. 10,000 റണ്‍സെന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ 12 വര്‍ഷവും 37 ദിവസവുമാണ് അദ്ദേഹമെടുത്തത്. 2007 മാര്‍ച്ച് 24ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിലായിരുന്നു പോണ്ടിങ് ഈ നേട്ടം കൈവരിച്ചത്. 266 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു 10000 ക്ലബിലെത്താന്‍.
ജാക്വിസ് കാലിസ് -272 ഇന്നിങ്സ്
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലാണ് ജാക്വിസ് കാലിസിന്റെ സ്ഥാനം. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം 2009 ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരായ മല്‍സരത്തിലാണ് താരം 10,000 റണ്‍സ് തികച്ചത്. 1996ല്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ കുപ്പായമണിഞ്ഞ കാലിസ് 13 വര്‍ഷവുമെടുത്താണ് 10,000 ക്ലബിലെത്തിയത്. വിരമിക്കുമ്പോള്‍ ഏകദിനത്തില്‍ നിന്നും 11,579 റണ്‍സും 273 വിക്കറ്റുകളും കാലിസ് വീഴ്ത്തിയിരുന്നു.