രണ്ട് പരമ്പരകളിലുമായി ആകെ 10 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ലോകകപ്പ് ടീമിലെത്താന്‍ മത്സരിക്കുന്ന അവസാന പരീക്ഷണവേദിയായിരിക്കും ഈ രണ്ട് പരമ്പരകളെന്നുറപ്പാണ്.

തിരുവനന്തപുരം: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള സെലക്ഷൻ ട്രയല്‍സാണ് അടുത്ത ആഴ്ച തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയും അടുത്തമാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയും. രണ്ട് പരമ്പരകളിലുമായി ആകെ 10 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ലോകകപ്പ് ടീമിലെത്താന്‍ മത്സരിക്കുന്ന അവസാന പരീക്ഷണവേദിയായിരിക്കും ഈ രണ്ട് പരമ്പരകളെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടീം സെലക്ഷന്‍ നോക്കിയാല്‍ ലോകകപ്പ് ടീമിന്‍റെ ഏകേദേശ ഘടന മനസിലാവും. ലോകകപ്പ് ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന് നോക്കാം.

ഓപ്പണിംഗില്‍ സഞ്ജുവിന് പ്രതീക്ഷ വേണ്ട

ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കി ഉയര്‍ത്തിയതോടെ വരാനിരിക്കുന്ന പരമ്പരകളിലും ഓപ്പണര്‍മാര്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കോച്ച് ഗൗതം ഗംഭീര്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ലോകകപ്പ് ടീമിലും അഭിഷക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാകും ഓപ്പണിംഗ് റോളിലിറങ്ങുക. അഭിഷേകിന്‍റെയോ സഞ്ജുവിന്‍റെയോ അപ്രതീക്ഷിത പരിക്ക് മാത്രമാകും ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ് വഴിതുറക്കുക. അഭിഷേകിനോ ഗില്ലിനോ ലോകകപ്പിന് മുമ്പ് പരിക്കേറ്റാല്‍ മാത്രമെ ഓപ്പണറായി യശസ്വ ജയ്സ്വാളിനെയും പരിഗണിക്കാനിടയുള്ളു. ലോകകപ്പ് ടീമില്‍ സഞ്ജുവുണ്ടെങ്കില്‍ മൂന്നാം ഓപ്പണര്‍ ഉണ്ടാകാനിടയില്ല.

സൂര്യഗ്രഹണത്തില്‍ നിന്ന് പുറത്തുവരാന്‍ നായകന്‍

തിലക് ഉറപ്പിച്ചു 

ലോകകപ്പ് ടീമില്‍ അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം സ്ഥാനമുറപ്പുള്ള മറ്റൊരു താരം തിലക് വര്‍മയാണ്. ഏഷ്യാ കപ്പിലെ വീരോചിത പ്രകടനത്തിന് പിന്നാലെ നിറം മങ്ങിയെങ്കിലും നാലാം നമ്പറില്‍ നിലവില്‍ തിലകിനപ്പുറം മറ്റൊരു താരത്തെ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ചിന്തിക്കുന്നല്ല.

സഞ്ജുവിന്‍റെ സമയം

അഞ്ചാം നമ്പറിലായിരിക്കും സഞ്ജുവിന് പ്ലേയിംഗ് ഇലവവനില്‍ അവസരം ലഭിച്ചാല്‍ ബാറ്റിംഗിന് അവസരം ലഭിക്കുക. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമായാല്‍ മാത്രം മൂന്നാം നമ്പറിലേക്ക് പ്രമോഷന്‍ കിട്ടാനുള്ള വിദൂര സാധ്യതയും മുന്നിലുണ്ട്. 7 മുതല്‍ 15 വരെയുള്ള ഓവറുകളിലെ റണ്‍നിരക്ക് താഴാതെ നോക്കുക എന്നതായിരുന്നു സഞ്ജുവിന്‍റെയും തിലകിന്‍റെയും പ്രധാന ചുമതല.

പാണ്ഡ്യ പവര്‍

ഫിനിഷറായി ഹാര്‍ദ്ദിക് പാണ്ഡ്യ എത്തുന്നത് ഇന്ത്യക്ക് കരുത്തുകൂട്ടും. സാഹചര്യം അനുസരിച്ച് പാണ്ഡ്യയുടെ ബാറ്റിംഗ് പൊസിഷനില്‍ മാറ്റം വരാമെങ്കിലും നിലവിലെ സാചഹര്യത്തില്‍ ആറാമനായാവും പാണ്ഡ്യ ക്രീസിലെത്തുക. ലോകകപ്പ് ടീമിലും പ്ലേയിംഗ് ഇലവനിലും സ്ഥാനം ഉറപ്പുള്ള താരം കൂടിയാണ് പാണ്ഡ്യ.

ശിവം ദുബെ

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാക്ക് അപ്പായിട്ടായിരിക്കും ശിവം ദുബെയെ ടീമിലേക്ക് പരിഗണിക്കുക. പരിക്കുകളുടെ ചരിത്രമുള്ള ഹാര്‍ദ്ദിക്കിന് ഏതെങ്കിലും സാഹചര്യത്തില്‍ പരിക്കേറ്റൽ ശിവം ദുബെക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങും. ഹാര്‍ദ്ദിക്കും ശിവം ദുബെയും ഒരേസമയം പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത വിരളമാണെങ്കിലും സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ളത് ശിവം ദുബെക്ക് അനുകൂല ഘടകമാണ്. നിതീഷ് കുമാര്‍ റെഡ്ഡിയുമായിട്ടായിരിക്കും ശിവം ദുബെ ലോകകപ്പ് ടീമിലെത്താന്‍ മത്സരിക്കുക.

അക്സര്‍ പട്ടേല്‍

ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പുള്ള മറ്റൊരുതാരമാണ് അക്സര്‍ പട്ടേല്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളി തിരിക്കാന്‍ കഴിവുള്ള കൂട്ടത്തകര്‍ച്ചകളില്‍ ടീമിനെ പിടിച്ചു നിര്‍ത്താന്‍ കഴിവുളള അക്സര്‍ ലോകകപ്പ് ടീമിലും ഇടം ഉറപ്പിക്കുന്നു.

വാഷിംഗ്ടണ്‍ സുന്ദര്‍

ഓള്‍ റൗണ്ടര്‍മാരില്‍ കോച്ച് ഗൗതം ഗംഭീറിനുള്ള പ്രത്യേക താല്‍പര്യം വാഷിംഗ്ടണ്‍ സുന്ദറിന് ലോകകപ്പ് ടീമിലിടം ഉറപ്പു നല്‍കുന്നു. എട്ടാം നമ്പറില്‍ മികച്ച ബാറ്ററായി ഉപയോഗിക്കാമെന്നതും പവര്‍ പ്ലേയില്‍ പോലും പന്തെറിയാനുള്ള മിടുക്കും വാഷിംഗ്ടണ്‍ സുന്ദറിന് ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പു നല്‍കുന്നു. സുന്ദറോ കുല്‍ദീപോ എന്നതായിരിക്കും ഇന്ത്യൻ ടീം മാനേജ്മെന്‍റിന് മുന്നിലുള്ള പ്രധാന തലവേദന.

വരുണ്‍ ചക്രവര്‍ത്തി

ലോകകപ്പ് ടീമില്‍ ഉറപ്പായും സ്ഥാനം കിട്ടുമെന്ന് കരുതുന്ന താരമാണ് ഇന്ത്യയുടെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും സ്പിന്‍ പിച്ചുകളില്‍ ഇന്ത്യയുടെ വരുണാസ്ത്രമാകും വരുണ്‍ ചക്രവര്‍ത്തിയെന്നാണ് വിലയിരുത്തല്‍.

അര്‍ഷ്ദീപ്-ബുമ്ര

പേസ് നിരയില്‍ അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര ദ്വയമാകും ഇന്ത്യയുടെ തുരുപ്പുചീട്ട്. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അര്‍ഷ്ദീപ് ബുമ്രക്കൊപ്പം ചേരുമ്പോള്‍ ഡെഡ്‌ലി കോംബോ ആകുമെന്നാണ് കരുതുന്നത്.

ഹര്‍ഷിത് എവിടെ

ടീമിലെ മൂന്നാം പേസറുടെ റോളിലാവും ഹര്‍ഷിത് റാണ ടി20 ലോകകപ്പ് ടീമിലിടം നേടുക എന്നാണ് കരുതുന്നത്. വാലറ്റത്തെ ബാറ്റിംഗ് മികവും ഹര്‍ഷിതിന് ലോകകപ്പ് ടീമില്‍ ഇടം സമ്മാനിക്കുമെന്നാണ് കരുതുന്നത്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപും ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍, സായ് സുദര്‍ശന്‍ എന്നിവര്‍ക്ക് ലോകകപ്പ് ടീമില്‍ പ്രതീക്ഷ വേണ്ടെന്നാണ് സൂചനകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക