ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ഡിസൈഡറിന് കളം ഒരുങ്ങിയപ്പോള്‍, ഇന്ത്യൻ നിരയില്‍ തിളങ്ങാത്ത ഏക ബാറ്ററായിരുന്നു യുവതാരമായ യശസ്വി ജയ്സ്വാള്‍
തന്റെ ശക്തികളിലൊന്നുതന്നെ ദുർബലതയെന്ന് ക്രിക്കറ്റ് ലോകം പതിയെ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഇടം കയ്യൻ വേഗപ്പന്തുകാർ നിരന്തരം വലവിരിക്കുകയാണ്, പ്രലോഭനങ്ങളെ ചെറുത്തുനില്‍ക്കാൻ കഴിയാതെ ആ ചെറുപ്പക്കാരൻ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞുകൊണ്ടേയിരുന്നു. റാഞ്ചിയിലും റായ്‌പൂരിലും ആ കാഴ്ച ആവര്‍ത്തിച്ചു. ഒടുവില്‍ വിശാഖപട്ടണം, തന്റെ വരവറിയിക്കാൻ ഒരേഒരു അവസരം കൂടി. രോഹിത് ശര്‍മയുടെ തണലില്‍ അവൻ വേരൂന്നുകയാണ്, വിരാട് കോഹ്ലിയുടെ നിഴലില്‍ നിന്ന് അവൻ പടര്‍ന്നുപന്തിലിച്ചു. ഏകദിന കരിയറിലെ ആദ്യ ശതകത്തിലേക്ക്, Innings with so much class! യശസ്വി ഭൂപേന്ദ്ര കുമാര്‍ ജയ്സ്വാള്‍.
16 പന്തില്‍ 18, 38 പന്തില്‍ 22. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ജയ്സ്വാളിന്റെ സ്കോറുകളാണിത്. സീരീസ് ഡിസൈഡറിലേക്ക് എത്തുമ്പോള്‍, ഇന്ത്യൻ നിരയില്‍ തിളങ്ങാത്ത ഏക ബാറ്റര്‍. കട്ട് ഷോട്ടുകളാണ് കരുത്ത്, അതിന് സഹായിക്കുന്ന ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനാണ് അടുത്തിടയായി ദുര്‍ബലത. മാര്‍ക്കൊ യാൻസണ്‍ കണ്‍സിസ്റ്റന്റായി ലൈൻ ഹിറ്റ് ചെയ്യുകയാണ്, ജയ്സ്വാളിന് വിഡ്ത് നല്‍കാതെ. ആറാം ഓവറിലെ ആദ്യ പന്തില്‍ ലുൻഗി എൻഗിഡിക്കെതിരെ ഒരു സ്ട്രെയിറ്റ് സിക്സ്, ആദ്യ മണിക്കൂറില്‍ ജയ്സ്വാളിന് ഓര്‍ത്തുവെക്കാൻ അതുമാത്രമായിരുന്നു. പ്രെഷര്‍ റിലീസ് ഷോട്ട്.
ബൗളറുടെ റിഥം നഷ്ടപ്പെടുത്താൻ ക്രീസുവിട്ടിറങ്ങിയും ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലുമെല്ലാം ജയ്സ്വാളിന്റെ ശ്രമങ്ങളുണ്ടായി. യാൻസണും എൻഗിഡിക്കും ബാർറ്റ്മാനുമെതിരെ തന്റെ അഗ്രസീവ് ശൈലിയെ നിയന്ത്രിക്കാൻ ജയ്സ്വാളിന് സാധിക്കുന്നുണ്ടായിരുന്നില്ല. മറുവശത്ത് രോഹിത് നിരന്തരം ജയ്സ്വാളിന് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടേയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂബോളിനെ കീഴടക്കാൻ ഉപയോഗിക്കുന്ന സ്ട്രോക്ക്പ്ലേയൊ, ട്വന്റി 20ക്ക് അനുയോജ്യമായ ഓള്‍ ഔട്ട് അറ്റാക്കിങ്ങോ ആവശ്യമില്ലെന്ന് അയാള്‍ ജയ്സ്വാളിനെ ഓര്‍മിപ്പിച്ചു. പിന്നീട് തന്നെ മറികടന്നുപോകാൻ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ഡെലിവെറികളെ 23-കാരൻ അനുവദിച്ചു.
50 പന്തുകള്‍ നേരിട്ടുകഴിഞ്ഞപ്പോള്‍ ജയ്സ്വാളിന്റെ അക്കൗണ്ടില്‍ 25 റണ്‍സ് മാത്രമായിരുന്നു, സ്ട്രൈക്ക് റേറ്റ് 50. കോർബിൻ ബോഷിന്റേയും കേശവ് മഹരാജിന്റേയും വരവും രോഹിതിന്റെ തനതുശൈലിയിലുള്ള ബാറ്റിങ്ങും ജയ്സ്വാളിന്റെ സമ്മർദസൂചി പിന്നോട്ട് അടിപ്പിച്ചു. അത് സ്കോറിങ്ങിലും പ്രതിഫലിച്ചെങ്കിലും ഒഴുക്ക് അനുഭവപ്പെട്ടില്ല. 75 പന്തില്‍ ഏകദിനത്തിലെ ആദ്യ അര്‍ദ്ധ സെഞ്ചുറി. 23 ഓവര്‍ ക്രീസില്‍ നിലയുറപ്പിച്ചതിന്റെ ചെറുത്തുനിന്നതിന്റെ ആത്മവിശ്വാസമായിരുന്നു പിന്നീട് ജയ്സ്വാളില്‍ കണ്ടത്.
24-ാം ഓവറില്‍ എൻഗിഡി പുള്‍ ചെയ്ത് മിഡ്‌വിക്കറ്റിലേക്ക്, പിന്നാലെ ക്രീസുവിട്ടിറങ്ങി പന്ത് മിഡ് ഓണിലേക്ക് നിക്ഷേപിച്ചു. ശേഷമെത്തിയ ബാര്‍റ്റ്മാനെതിരെ തന്റെ കട്ട് ഷോട്ട് പുറത്തെടുത്തു. രോഹിത് വീണതിന് ശേഷമെത്തിയ എയ്‌ഡൻ മാര്‍ക്രത്തെ വരവേറ്റത് ലോങ് ഓഫിലേക്ക് ഒരു ക്രാക്കിങ്ങ് ഷോട്ടിലൂടെ. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം നേരിട്ട 25 പന്തില്‍ 42 റണ്‍സായിരുന്നു ജയ്‌സ്വാളിന്റെ നേട്ടം, ഈ ഘട്ടത്തിലെ സ്ട്രൈക്ക് റേറ്റാകട്ടെ 160ന് മുകളിലും. ഏകദിന ഇന്നിങ്സ് എങ്ങനെ ഘട്ടം ഘട്ടമായി പടുത്തുയര്‍ത്തണമെന്ന് ഇതിഹാസങ്ങള്‍ക്കൊപ്പം ജയ്സ്വാള്‍ പഠിക്കുക തന്നെയായിരുന്നു.
മറുവശത്ത് വിരാട് കോഹ്ലി തന്റെ പ്രതാപകാലത്തേക്കാള്‍ വീര്യത്തില്‍ തുടരുകയാണ്. ഗ്യാലറിയില്‍ കോഹ്ലിയുടെ പേര് നിലയ്ക്കാതെ ഉയര്‍ന്ന് പൊടുന്നനെ ഒന്ന് താഴ്ന്നു. 36-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു അത്. കോര്‍ബിൻ ബോഷിനെ ഡീപ് ഫൈൻ ലെഗിലേക്ക് ഗയ്‌ഡ് ചെയ്ത് യശസ്വി ജയ്സ്വാള്‍ മൂന്നക്കത്തിലേക്ക്. ആദ്യ രണ്ട് ഏകദിനങ്ങളിലെ പരാജയത്തെ അനായാസം മറികടന്ന ഇന്നിങ്സ്. മൈതാനത്ത് കോഹ്ലിയും ഡ്രെസിങ് റൂമില്‍ രോഹിതും ജയ്സ്വാളിന്റെ നേട്ടം ആഘോഷിച്ചു.
സുരേഷ് റെയ്‌ന, രോഹിത്, കെ എല്‍ രാഹുല്‍, കോഹ്ലി, ശുഭ്മാൻ ഗില്‍ എന്നിവര്‍ക്ക് ശേഷം മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം. പ്രായം വെറും 23 വയസ്. കരിയറിലെ നാലാം ഏകദിനത്തില്‍ തന്നെ മൂന്നക്കം തൊടാൻ ജയ്സ്വാളിന് സാധിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒൻപതാം സെഞ്ചുറി.
75 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ടെങ്കില്‍ അടുത്ത 50 റണ്‍സിനായി ആവശ്യമായി വന്നത് 36 പന്തുകള്‍ മാത്രമായിരുന്നു. അഞ്ച് ബൗണ്ടറികള്‍. ശേഷവും ജയ്സ്ബോള്‍ തുടര്‍ന്നു. ഒടുവില്‍ എൻഗിഡിയെ കവര്‍ പോയിന്റിലൂടെ ബൗണ്ടറി വര കടത്തി വിരാട് കോഹ്ലി ജയമുറപ്പിച്ച് ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തു, ജയ്സ്വാളിനോട് ഡ്രെസിങ് റൂമിലേക്ക് നയിക്കാൻ ആവശ്യപ്പെട്ടു. 121 പന്തില്‍ 126 റണ്‍സ്, 12 ഫോറും രണ്ട് സിക്സും. രണ്ട് ഇതിഹാസങ്ങളുടെ തണലില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്തെന്ന് ജയ്സ്വാള്‍ ബാറ്റുകൊണ്ട് പറഞ്ഞുവെച്ചു.
രോഹിതിന്റെയും കോഹ്ലിയുടേയും പടിയിറക്കം വരെ കാത്തിരിക്കേണ്ടി വന്നേക്കാം ജയ്സ്വാളിന് ഏകദിന ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമാകാൻ. അത് ഒരിക്കലും നിഷേധിക്കപ്പെടില്ലെന്ന് മാത്രം ഉറപ്പുപറയാം.


