ഇവര്‍ ഇന്ത്യയുടെ ഇതിഹാസങ്ങള്‍; എന്നാല്‍ വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ കുപ്പായമഴിച്ചവര്‍
ആരാധകര്‍ക്കിടയില്‍ വിരമിക്കല്‍ മത്സരം കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹമായിരിക്കും. എന്നാല്‍ ആ ഒരു മത്സരം കളിക്കാനാവാതെ കളമൊഴിയേണ്ടി വന്ന ഇന്ത്യന്‍ താരങ്ങള്‍ നിരവധിയാണ്. സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്ക് അവസാന മത്സരമെന്ന് പറഞ്ഞാണ് വിരമിച്ചത്. രാഹുല്‍ ദ്രാവിഡിന് ഏകദിനത്തില്‍ മാത്രമാണ് വിരമിക്കല്‍ മത്സരം ലഭിച്ചത്. എന്നാല്‍ മറ്റുചിലരുണ്ട് അവരെ കുറിച്ചറിയാം...
വീരേന്ദര്‍ സെവാഗ്
ലോക ക്രിക്കറ്റില്‍ വിരേന്ദര്‍ സെവാഗിനെ ഭയക്കാത്ത ബൗളര്‍മാരില്ലായിരുന്നു. ഇന്ത്യക്ക് പലപ്പോഴും വെടിക്കെട്ട് തുടക്കം നല്‍കിയിരുന്നത് സെവാഗായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണര്‍മാരുടെ സമീപനം തന്നെ സെവാഗ് മാറ്റി. 2013ല്‍ ഓസ്ട്രലിയക്കെതിരേയായ ഏദിനത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. അതിനു ശേഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ട വീരുവിന് പിന്നീടൊരു തിരിച്ചുവരവുണ്ടായിട്ടില്ല. ഒരു മടങ്ങിവരവ് ആരാധകര്‍ കരുതിയെങ്കിലും അവസരം നല്‍കിയില്ല.
ഗൗതം ഗംഭീര്‍
2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിന്റെ ഫൈനലില്‍ ടീമിന്റെ ടോപ്സ്‌കോറര്‍ 97 റണ്‍സെടുത്ത ഗംഭീറായിരുന്നു. പക്ഷെ കയ്യടി മുഴുവന്‍ പുറത്താവാതെ 91 റണ്‍സെടുത്ത നായകന്‍ എംഎസ് ധോണിക്കായിരുന്നു. 2007ല്‍ ഇന്ത്യ ജേതാക്കളായ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ ഫൈനലിലും ടോപ്സ്‌കോറര്‍ ഗംഭീറായിരുന്നു (75 റണ്‍സ്). 2013ല്‍ ഇംഗ്ലണ്ടിനെതിരേയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. അതിനു ശേഷം അദ്ദേഹം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. ടെസ്റ്റില്‍ 2016ല്‍ അവസാനമായി കളിച്ചെങ്കിലും ഗംഭീറിനും ഇന്ത്യ അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കിയില്ല.
സഹീര്‍ ഖാന്‍
സൗരവ് ഗാംഗിയുടെയും ധോണിയുടെയും ടെസ്റ്റ് വിജയങ്ങളിലെല്ലാം സഹീര്‍ ഖാന്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. എന്തിന് പറയുന്നു 2011 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാവുമ്പോള്‍ 21 വിക്കറ്റുമായി സഹീര്‍ ഒന്നാമനായിരുന്നു. പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയും 21 വിക്കറ്റ് വീഴ്ത്തിയിരുന്നു. 2012ല്‍ ശ്രീലങ്കയ്ക്കെതിരേ നടന്ന മല്‍സരത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അതിനു ശേഷം സഹീറിനെ ദേശീയ ടീമിലേക്കു ഒരിക്കല്‍പ്പോലും തിരിച്ചുവിളിച്ചില്ല. 2015ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.
യുവരാജ് സിങ്
എം എസ് ധോണിക്ക് കീഴില്‍ ഇന്ത്യ ഐസിസി കിരീടങ്ങള്‍ നേടിയപ്പോഴെല്ലാം യുവരാജിന് വ്യക്തമായ പങ്കുണ്ടായിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ യുവി ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. 2007ലെ ടി20 ലോകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹം 2011ലെ ലോകകപ്പ് വിജയത്തിനും ചുക്കാന്‍ പിടിച്ചു. അന്ന് ടൂര്‍ണമെന്റിലെ ഏറ്റും മികച്ച താരത്തിനുള്ള പുരസ്‌കാരവും യുവി കൈക്കലാക്കിയിരുന്നു. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അദ്ദേഹം അവസാന ഏകദിന കളിച്ചത്. എങ്കിലും ടീമില്‍ മടങ്ങിയെത്താനും 2019ലെ ലോകകപ്പില്‍ കൂടി കളിച്ച് വിരമിക്കാന്‍ യുവി അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീണ്ടുമൊരു അവസരം ലഭിച്ചില്ല.
വി വി എസ് ലക്ഷ്മണ്‍
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍. വിദേശത്തും സ്വദേശത്തും റണ്‍സ് നേടാനുള്ള കരുത്താണ് ലക്ഷ്മണിനെ വ്യത്യസ്തനാക്കിയത്. 2012ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ലക്ഷ്മണ്‍ ഇന്ത്യക്കു വേണ്ടി അവസാനമായി ബാറ്റേന്തിയത്. അതിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ പിന്നീടൊരിക്കലും ടീമിലേക്കു തിരികെ വിളിച്ചിട്ടില്ല. ഇനിയൊരു അവസരം കിട്ടില്ലെന്ന് ഉറപ്പായതോടെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു.