- Home
- Technology
- ആകാശത്തെ ക്രൂരന്‍ പറവ, അമേരിക്കയുടെ അദൃശ്യ വജ്രായുധം; ഇറാനെ ആക്രമിച്ച ബി-2 സ്‌പിരിറ്റ് ബോംബറിനെ കുറിച്ച് അറിയേണ്ടതെല്ലാം
ആകാശത്തെ ക്രൂരന്‍ പറവ, അമേരിക്കയുടെ അദൃശ്യ വജ്രായുധം; ഇറാനെ ആക്രമിച്ച ബി-2 സ്‌പിരിറ്റ് ബോംബറിനെ കുറിച്ച് അറിയേണ്ടതെല്ലാം
യുഎസ് വ്യോമസേനയുടെ ഏറ്റവും വിനാശകാരിയായ സ്റ്റെല്‍ത്ത് ബോംബറാണ് ബി-2 സ്‌പിരിറ്റ്. റഡാര്‍ കണ്ണുകളെ വെട്ടിച്ച് പറക്കാനും ജിബിയു-57 ബങ്കര്‍-ബസ്റ്റര്‍ പോലുള്ള ഭീമന്‍ ബോംബുകള്‍ വഹിക്കാനും കഴിവുള്ള ഈ വിമാനം വിവിധ രാജ്യങ്ങളില്‍ യുഎസ് ഉപയോഗിച്ചിട്ടുണ്ട്.

ബി-2 സ്‌പിരിറ്റ്: യുഎസിന്‍റെ വജ്രായുധം
പെരിഗ്രിന്‍ ഫാൽക്കൺ പക്ഷിയുടെ ആകൃതിയിലുള്ള, മാനത്തെ അത്യപകടകാരിയാണ് യുഎസ് വ്യോമസേനയുടെ ബി-2 സ്‌പിരിറ്റ് ബോംബര്‍. നിലവില്‍ ലോകത്തുള്ളതില്‍ വച്ച് ഏറ്റവും സാങ്കേതികത്തികവുള്ളതും വിനാശകാരിയുമായ ബോംബര്‍ വിമാനം കൂടിയാണ് ബി-2 സ്‌പിരിറ്റ്. ബി-2 സ്‌പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ എന്ന് ഇത് അറിയപ്പെടുന്നു. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികതയിലുള്ള ബി-2 സ്‌പിരിറ്റിനെ കണ്ടെത്തുകയോ ആക്രമിക്കുകയോ ചെയ്യുക എതിരാളികള്‍ക്ക് സങ്കീര്‍ണ്ണം.
ബി-2 സ്‌പിരിറ്റിന്‍റെ പിറവി
സോവിയറ്റ് മേഖലകളിലേക്ക് കടന്നുകയറി അണുബോംബുകള്‍ വര്‍ഷിക്കാന്‍ ശീതയുദ്ധകാലത്ത് യുഎസ് വിഭാവനം ചെയ്‌തതാണ് ബി-2 സ്‌പിരിറ്റ് എന്ന വജ്രായുധം. ബി-2 ബോംബറുകളുടെ നിര്‍മ്മാണ ചെലവും തീറ്റിപ്പോറ്റലും അത്രയേറെ ചിലവേറിയതാണ്. ഒരു ബി-2 ബോംബറിന് രണ്ട് ബില്യണ്‍ ഡോളര്‍ അധികം ചെലവ് വരും എന്നാണ് നിഗമനം. റഡാര്‍ കണ്ണുകളെ വെട്ടിച്ച് പറക്കാനാകും എന്നതാണ് ബി-2 ബോംബറുകളെ ഏറ്റവും വിനാശകാരിയാക്കുന്നത്. 50,000 അടി ഉയരത്തില്‍ വരെ പറക്കാനുള്ള കരുത്ത്, വായുവില്‍ വച്ച് ഇന്ധനം നിറയ്‌ക്കാതെ 11,000 കിലോമീറ്റര്‍ വരെ തുടര്‍ച്ചയായി പറക്കാനുള്ള ശേഷി, 18,000 കിലോഗ്രാം വരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള സൗകര്യം എന്നിവ ബി-2 സ്‌പിരിറ്റിനെ വ്യത്യസ്‌തമാക്കുന്നു.
തന്ത്രപ്രധാന യുദ്ധങ്ങളില്‍ അമേരിക്കയുടെ 'അറ്റകൈ' പ്രയോഗം
1988-ലായിരുന്നു ബി-2 സ്‌പിരിറ്റ് ബോംബര്‍ ആദ്യമായി അമേരിക്കന്‍ മണ്ണില്‍ നിന്ന് പറന്നുയര്‍ന്നത്. 1999-ലെ കൊസോവോ യുദ്ധത്തിൽ ബി-2 സ്‌പിരിറ്റ് ബോംബറുകള്‍ അമേരിക്ക ഉപയോഗിച്ചു. പിന്നീട് ഇറാഖ്, അഫ്‌ഗാനിസ്ഥാൻ, ലിബിയ, യെമൻ, ഇറാന്‍ എന്നിവിടങ്ങളിലും ബി-2 സ്‌പിരിറ്റിനെ വ്യോമാക്രമണങ്ങള്‍ക്ക് യുഎസ് കൂടെക്കൂട്ടി. 2025-ല്‍ ഇറാനിലെ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങള്‍ ജിബിയു-57 ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഇട്ട് യുഎസ് തകര്‍ത്തത് ബി-2 സ്‌പിരിറ്റ് ഉപയോഗിച്ചായിരുന്നു. അമേരിക്കയിലെ മിസോറിയിലുള്ള വൈറ്റ്‌മാന്‍ എയ്‌റോസ്‌പേസില്‍ നിന്നാണ് ബി-2 ബോംബറുകള്‍ യുഎസ് സൈന്യം നിയന്ത്രിക്കുന്നത്.
ജിബിയു-57 ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കുന്ന ഭീമന്‍
ജിബിയു-57 എന്ന ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ അനുമതിയുള്ള ഏക വിമാനമാണ് യുഎസ് എയര്‍ ഫോഴ്‌സിന്‍റെ ബി-2 സ്‌പിരിറ്റ്. യുഎസ് വ്യോമസേനയ്ക്ക് ആകെ 19 ബി-2 വിമാനങ്ങളാണ് നിലവിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം പരമാവധി രണ്ട് ജിബിയു-57 ബോംബുകളാണ് ഒരു ബി-2 സ്‌പിരിറ്റ് യുദ്ധവിമാനത്തിന് വഹിക്കാനാവുക.
വീണ്ടും ഇറാനില്‍ ബി-2 പ്രയോഗം
ഏറ്റവുമൊടുവില്‍, ഇറാനില്‍ ഇക്കഴിഞ്ഞ ദിവസം അമേരിക്ക ബി-2 സ്‌പിരിറ്റ് ഉപയോഗിച്ചു. എയർ ട്രാഫിക് കൺട്രോൾ കമ്യൂണിക്കേഷൻ വിവരങ്ങൾ പ്രകാരം നാല് B-2 വിമാനങ്ങൾ ഈ ആദ്യ ദൗത്യത്തിൽ പങ്കെടുത്തു. അമേരിക്കയിൽ നിന്ന് നേരിട്ട് പറന്ന ഈ ബി-2 സ്‌പിരിറ്റ് ബോംബറുകൾ 2000 പൗണ്ട് (ഏകദേശം 907.1847 കിലോ) ഭാരമുള്ള ഗൈഡഡ് ബോംബുകൾ ഉപയോഗിച്ച് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ശേഖരം ആക്രമിച്ച് തകര്‍ത്തു എന്നാണ് അവകാശവാദങ്ങള്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

