- Home
- Technology
- നിങ്ങളെ ഇനിയാരും പറ്റിക്കില്ല, വാട്‌സ്ആപ്പിലെ ഈ പുത്തന്‍ സുരക്ഷാ ഫീച്ചര്‍ ഓണാക്കിയാല്‍ മതി
നിങ്ങളെ ഇനിയാരും പറ്റിക്കില്ല, വാട്‌സ്ആപ്പിലെ ഈ പുത്തന്‍ സുരക്ഷാ ഫീച്ചര്‍ ഓണാക്കിയാല്‍ മതി
ഹാക്കര്‍മാരില്‍ നിന്നും സൈബര്‍ തട്ടിപ്പുകാരില്‍ നിന്നും ഉപയോക്താക്കള്‍ക്ക് രക്ഷ നല്‍കാന്‍ പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് എന്നാണ് ഈ ഫീച്ചറിന്‍റെ പേര്.

സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്
ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി തകര്‍പ്പന്‍ ഫീച്ചറുമായി മെറ്റയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. "Strict Account Settings," എന്നാണ് ഈ പുത്തന്‍ സുരക്ഷാ സംവിധാനത്തിന്‍റെ പേര്. എങ്ങനെയാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എനാബിള്‍ ചെയ്യുകയെന്നും എന്തൊക്കെയാണ് വാട്‌സ്ആപ്പ് സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സിന്‍റെ പ്രത്യേകതകളെന്നും വിശദമായി അറിയാം.
ഹാക്കര്‍മാര്‍ക്ക് ബ്ലോക്ക്
അജ്ഞാതമായ മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെന്‍റുകളും കോളുകളും സ്വമേധയാ തടയാന്‍ വാട്‌സ്ആപ്പിലെ സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് എന്ന പുത്തന്‍ ഫീച്ചറിനാവും. പരിചിതമല്ലാത്ത കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള ലിങ്കുകളുടെ പ്രിവ്യൂകള്‍ ഡിസേബിള്‍ ചെയ്യുന്നതും ഈ ഫീച്ചറിന്‍റെ പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ഹാക്കിംഗ് ശ്രമങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനാവും എന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന മീഡിയ ഫയലുകളും ലിങ്കുകളും അയച്ചാണ് സാധാരണയായി ഹാക്കര്‍മാര്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ സമീപിക്കാറ്.
എങ്ങനെ ഫീച്ചര്‍ ഓണാക്കാം?
വാട്‌സ്ആപ്പില്‍ ഒറ്റ ക്ലിക്കിലൂടെ സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചര്‍ എനാബിള്‍ ചെയ്യാനാകും. വാട്‌സ്ആപ്പിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് പ്രൈവസി ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍, അഡ്വാന്‍സ്‌ഡ് എന്ന ഓപ്ഷനില്‍ സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ദൃശ്യമാകും. തുറന്നുവരുന്ന വിന്‍ഡോയ്‌ക്ക് ഏറ്റവും താഴെയായി സ്‌ട്രിക്‌ട് അക്കൗണ്ട് സെറ്റിംഗ് ഫീച്ചര്‍ ഓണ്‍ ചെയ്യാനുള്ള (Turn On) ഓപ്ഷന്‍ കാണാം. ഇതില്‍ ഒന്ന് ടാപ്പ് ചെയ്‌താല്‍ ഫീച്ചര്‍ എനാബിളാവും.
വാട്‌സ്ആപ്പിലെ ലോക്ക്ഡൗൺ-സ്റ്റൈൽ സവിശേഷത
വളരെ സങ്കീർണ്ണമായ സൈബർ ആക്രമണങ്ങളിൽ നിന്ന് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിനെ കൂടുതൽ സംരക്ഷിക്കുന്ന ലോക്ക്ഡൗൺ-സ്റ്റൈൽ സവിശേഷതയാണ് സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്. പത്രപ്രവർത്തകരോ പൊതു വ്യക്തികളോ പോലുള്ള, സൈബർ ആക്രമണങ്ങൾക്ക് ഇരയാകാൻ കൂടുതല്‍ സാധ്യതയുള്ള ആളുകൾക്കാണ് സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് കൂടുതല്‍ ഉപകാരപ്പെടുകയെന്ന് ഈ ഫീച്ചര്‍ അവതരിപ്പിച്ചുകൊണ്ട് മെറ്റ വ്യക്തമാക്കി. ഏറ്റവും സങ്കീർണ്ണമായ സൈബർ ഭീഷണികളിൽ നിന്ന് യൂസര്‍മാരെ സംരക്ഷിക്കാൻ മെറ്റ നടത്തുന്ന പരിശ്രമങ്ങളില്‍ ഒന്നാണ് സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍
വാട്‌സ്ആപ്പിലെ എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്‌തിട്ടുണ്ട് എന്നാണ് കാലങ്ങളായി മെറ്റയുടെ അവകാശവാദം. ഇതിന് പുറമെയാണ് കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ വാട്‌സ്ആപ്പിലേക്ക് കമ്പനി അവതരിപ്പിക്കുന്നത്. ഹാക്കര്‍മാര്‍ വാട്‌സ്ആപ്പ് വഴി ലിങ്കുകളും എപികെ ഫയലുകളും അയച്ച് മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ, സാമ്പത്തിക തട്ടിപ്പ് നടത്തുകയോ ഒക്കെ ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അതിശക്തമായ സുരക്ഷാ ഫീച്ചറുകള്‍ തയ്യാറാക്കാന്‍ വാട്‌സ്ആപ്പ് നിര്‍ബന്ധിതമായത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam
