വലിയതുറ കടല്‍പ്പാലം; ഇല്ലാതാകുന്ന ഒരു ദേശചിഹ്നത്തിന്‍റെ കഥ

First Published May 18, 2021, 4:41 PM IST

തിരുവനന്തപുരം ജില്ലയില്‍ നിന്ന് പതുക്കെ പതുക്കെയാണെങ്കിലും ഒരു ദേശചിഹ്നം കൂടി ഇല്ലാതാവുകയാണ്. ബ്രിട്ടീഷുകാരുടെ ഇരുമ്പ് പാലം തകര്‍ന്നപ്പോള്‍ പണിതതാണ് ഇന്നത്തെ വലിയതുറ കടല്‍പാലം. പുതുതായി വിഴിഞ്ഞം പോര്‍ട്ടിന്‍റെ പണി നടക്കുമ്പോള്‍, ഓരോ തിരയിലും ശക്തി ക്ഷയിച്ച് നാളെണ്ണി നില്‍ക്കുകയാണ് ഇന്ന്. പണ്ട് ഇന്ത്യാമഹാരാജ്യത്തിനും മുമ്പ് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തില്‍ ഭരണം നടന്നിരുന്ന കാലത്താണ് വലിയതുറയില്‍ കപ്പലടുക്കാനായി ആദ്യമായി ഒരു കടല്‍പ്പാലം പണിയുന്നത്. പ്രധാനതുറമുഖം അന്നും കൊച്ചിയായിരുന്നു. തിരുവനന്തപുരത്ത് തുറമുഖങ്ങളില്ലാതിരുന്നതിനാല്‍ കപ്പലുകള്‍ക്ക് ചരക്കിറക്കാനായി ഒരു കപ്പല്‍ പാലം നിര്‍‍മ്മിക്കപ്പെട്ടു. എന്നാല്‍, ബ്രട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയതിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെപ്പോഴോ ഒരു കപ്പല്‍ വന്നിടിച്ച് ആ ഇരുമ്പുപാലം തകര്‍ന്നതായാണ് കരയിലെ 'കഥ'. കാലക്രമേണ ആ കപ്പല്‍ പാലം വിസ്മൃതിയിലായി. ഇപ്പോള്‍ ഏറ്റകുറവുള്ള ചില അപൂര്‍വ്വം സമയങ്ങളില്‍ അതിന്‍റെ ഇനിയും നശിക്കാത്ത ചില തൂണുകള്‍ കടലിന് വെളിയില്‍ കാണാം... നാളെ ഒരു പക്ഷേ ഈ കടല്‍പ്പാലവും അത് പോലൊരു ഒര്‍മ്മയായി മാറാം. വലിയതുറയിലെ കടല്‍പാലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത് ആര്‍ മഹേന്ദ്രന്‍. ചിത്രങ്ങള്‍ : രാഗേഷ് തിരുമല, പ്രദീപ് പാലവിളാകം, അരുണ്‍ കടയ്ക്കല്‍.