കേരളത്തിലെ കാടുകള്‍ ആരോഗ്യമുള്ളവ; തുമ്പി സര്‍വ്വേയില്‍ കണ്ടെത്തിയത് 72 ഇനം തുമ്പികളെ
കേരളം വനം-വന്യജീവി വകുപ്പും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസും (SOS) പീച്ചി വന്യജീവി ഡിവിഷനും സംയുക്തമായി നടത്തിയ മൂന്ന് ദിവസത്തെ സർവേയിൽ 72 ഇനം തുമ്പികളെ കണ്ടെത്തി. ആദ്യമായാണ് തുമ്പികളെ കുറിച്ച് ഇവിടെ സർവേ നടത്തുന്നത്. കണ്ടെത്തിയ തുമ്പികളിൽ 31 ഇനം സൂചിത്തുമ്പികളും 41 ഇനം കല്ലൻത്തുമ്പികളും ആണ്. വംശനാശഭീഷണി നേരിടുന്ന കുങ്കുമ നിഴൽത്തുമ്പിയെ (ഇൻഡോസ്റ്റിക്റ്റ ഡെക്കാനെൻസിസ്) 7 ക്യാമ്പുകളിൽ നിന്നും കണ്ടെത്താനായത് ഈ കാടുകളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സർവേയ്ക്ക് നേതൃത്വം കൊടുത്ത വൈൽഡ് ലൈഫ് വാർഡൻ പ്രഭു അഭിപ്രായപ്പെട്ടു.
കുങ്കുമ നിഴല്‍ത്തുമ്പി (Indosticta deccanensis)
17 ടീമുകളായി പിരിഞ്ഞ 38 SOS അംഗങ്ങൾ വനംവകുപ്പ് ജീവനക്കാരോടൊപ്പം 17 ക്യാമ്പുകളിൽ തങ്ങിയാണ് തുമ്പികളെക്കുറിച്ച് പഠനം നടത്തിയത്.
വയനാടന്‍ മുളവാലന്‍ (Caconeura risi)
വയനാടന്‍ മുളവാലന്‍ (Caconeura risi)
ഒക്ടോബർ 9, 10, 11 തീയതികളിലായി നടന്ന സർവേയിൽ പീച്ചി - വാഴാനി വന്യജീവി സങ്കേതം, ചിമ്മിണി വന്യജീവി സങ്കേതം, ചൂലന്നൂർ മയിൽ സങ്കേതം എന്നീ സംരക്ഷിത പ്രദേശങ്ങളിലെ തുമ്പികളുടെ കണക്കാണ് എടുത്തത്.
നാട്ടുനീര്‍ക്കാവലന്‍ (Epophthalmia Vittata)
പശ്ചിമഘട്ടത്തിലെ സ്ഥാനീയ തുമ്പികളായ പുള്ളി നിഴൽത്തുമ്പി, ചെങ്കറുപ്പൻ അരുവിയൻ, വയനാടൻ മുളവാലൻ, തെക്കൻ മുളവാലൻ, പത്തി പുൽച്ചിന്നൻ, മഞ്ഞവരയൻ പൂത്താലി, വയനാടൻ കടുവ, തീക്കറുപ്പൻ എന്നിവയാണ് സർവേയുടെ മറ്റ് പ്രധാന കണ്ടെത്തലുകൾ.
സൂചിവാലന്‍ രാക്കൊതിച്ചി (Gynacantha dravida)
മിക്ക ക്യാമ്പുകളിലും കനത്ത മഴയായിരുന്നിട്ടും ആവേശം ഒട്ടും ചോരാതെ തുമ്പിനിരീക്ഷകർ തങ്ങളുടെ ജോലി കൃത്യമായി തന്നെ ചെയ്തതിന്‍റെ ഫലമായിട്ടാണ് ഇത്രയും തുമ്പികളെ കണ്ടെത്താനായതെന്ന് സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് അംഗമായ വിവേക് ചന്ദ്രൻ പറഞ്ഞു.
ചെങ്കറുപ്പന്‍ അരുവിയന്‍ (Euphaea Fraseri)
തുമ്പികള്‍ ഏറ്റവും ചെറിയ ജീവികളായത് കൊണ്ട് തന്നെ പ്രകൃതിയിലുണ്ടാകുന്ന ഏതൊരു മാറ്റവും ആദ്യം പ്രതിഫലിക്കുന്ന ജീവിവര്‍ഗ്ഗങ്ങളിലൊന്നാണ് തുമ്പികള്‍. അതില്‍ തുമ്പികളെ കുറിച്ചുള്ള പഠനം പരിസ്ഥിതിയെ കുറിച്ചുള്ള പഠനമായി തീരുന്നു.
തീക്കറുപ്പന്‍ (Epithemis Mariae)
നേരത്തെ എസ്ഒഎസ് അംഗങ്ങള്‍ അസമില്‍ നടത്തിയ തുമ്പി നിരീക്ഷണത്തിനിടെ അത്യപൂര്‍വ്വമെന്ന് കരുതിയിരുന്ന ചേരാച്ചിറകന്‍ തുമ്പികളെ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് കോളോണിയല്‍ ഭരണകാലത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ചേരാച്ചിറകന്‍ തുമ്പികളെ അസമില്‍ നിന്നും കണ്ടെത്തിയത്.
തെക്കന്‍ മുളവാലന്‍ (Esme Mudiensis)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona