നൂറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ബ്രൂസ് ബീച്ച് യഥാര്‍ത്ഥ ഉടമസ്ഥരിലേക്ക്
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1912 ല്‍ അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ വംശീയ പ്രശ്നങ്ങള്‍ ശക്തമായിരുന്ന കാലത്ത് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് സ്വസ്ഥമായി കടലില്‍ കുളിക്കാനായി ചാൾസ് ബ്രൂസ്, വില്ല ബ്രൂസ് (Willa and Charles Bruce) ദമ്പതികള്‍ ഒരു ബീച്ച് റിസോര്‍ട്ട് വാങ്ങി. ഇതോടെ റിസോട്ടില്‍ കറുത്ത വംശജരുടെ വന്‍ തിരക്കനുഭവപ്പെട്ടു. എന്നാല്‍, മാന്‍ഹട്ടന്‍ നഗരത്തിന് സമീപത്തെ ആ മനോഹര ബീച്ച് പ്രദേശിക കൗണ്‍സില്‍ തങ്ങളുടെ പ്രത്യേക അധികാരമുപയോഗിച്ച് , റിസോട്ടിനെ ഒരു പൊതു പാർക്കായി മാറ്റാനെന്ന കാരണം പറഞ്ഞ് 1929 ല്‍ പിടിച്ചെടുത്തു. പിന്നീട് അനേകം തിരകള്‍ ആ തീരം തല്ലി കടന്ന് പോയി. അതിനിടെ കൗണ്‍സില്‍ തങ്ങളുടെ ഉദ്ദേശത്തില്‍ നിന്നും പിന്നോട്ട് പോയി. ജനം സംഘടിച്ചു. ബ്രൂസ് ബീച്ചിന് വേണ്ടി സമരങ്ങളും റാലികളുമുണ്ടായി. ഒടുവില്‍ ഏതാണ്ട് നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത്, പ്രധാന ബീച്ച് ഫ്രണ്ട് റിസോർട്ട് അതിന്‍റെ യഥാര്‍ത്ഥ ഉടമകളുടെ പിന്‍മുറക്കാര്‍ക്ക് തിരിച്ച് കൊടുത്തു.
ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തോടെ ഉയര്‍ന്നു വന്ന വംശീയ പ്രശ്നങ്ങള്‍ ലോകത്തെ പുതുക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇതിന്‍റെ അലയൊലികള്‍ ലോകമെങ്ങും ഉയര്‍ന്നു. അതിനിടെ, നീണ്ട വര്‍ഷങ്ങളായി കറുത്ത വംശജരുടെ അവകാശ പോരാട്ടത്തില്‍ സാന്നിധ്യമറിയിച്ചിരുന്ന ബ്രൂസ് ബീച്ച് അങ്ങനെ വീണ്ടും അതിന്‍റെ യഥാര്‍ത്ഥ അവകാശികളിലേക്ക് എത്തുകയാണ്.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ മാൻഹട്ടൻ ബീച്ചിലെ ഒരു ആഫ്രിക്കൻ അമേരിക്കൻ ബീച്ച് റിസോർട്ടായിരുന്നു ബ്രൂസ് ബീച്ച്. അക്കാലത്ത് മാൻഹട്ടൻ ബീച്ചിലേക്ക് കറുത്ത വംശജര്‍ക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍, അതിന് പരിഹാരം കാണാനായി തുറന്നതായിരുന്നു ഈ ബീച്ച് റിസോട്ട്.
ചാൾസ് ബ്രൂസും വില്ല ബ്രൂസും ലോസ് ഏഞ്ചൽസിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ഹെൻറി വില്ലാർഡിൽ നിന്ന് അന്ന് 1,225 ഡോളറിന് സ്ട്രാൻഡ് ഏരിയയിലാണ് തങ്ങളുടെ വസ്തു വാങ്ങിയത്. പിന്നീട് മറ്റൊരു മൂന്ന് ലോട്ടുകളും അവര്‍ സ്ഥമാക്കി. തുടര്‍ന്ന് അവിടെ അവർ ഒരു റിസോർട്ട് സ്ഥാപിച്ച് അതിന് ബ്രൂസ് ബീച്ച് (Bruce's Beach) എന്ന് പേരിട്ടു.
ചാൾസും വില്ല ബ്രൂസും തങ്ങളുടെ ഉടമസ്ഥതയിലുള്ളെ സ്ഥലത്ത് കറുത്ത വംശജര്‍ക്കായിട്ടാണ് റിസോട്ട് തുറന്നത്. 1912 ല്‍ റിസോട്ട് തുറന്നതിന് പുറകെ ഇത് ആഫ്രിക്കൻ അമേരിക്കക്കാരുടെ ജനപ്രിയ സന്ദർശക കേന്ദ്രമായി. അപ്പോഴേക്കും പ്രാദേശിക പൊലീസും, മാന്‍ഹട്ടന്‍ ബീച്ചിന്‍റെ സ്ഥാപകനായ ജോർജ്ജ് എച്ച്. പെക്കിന്‍റെ ചില പിടിവാശികളും കറുത്തവംശജരെ റിസോട്ടില്‍ നിന്ന് കടലിലേക്ക് അര മൈല്‍ ദൂരം നടത്തിച്ചു.
പുറകെ, വംശീയ മുന്‍തൂക്കമുണ്ടായിരുന്ന പ്രദേശിക കൗണ്‍സില്‍ 1929 ല്‍ ഒരു പൊതു പാര്‍ക്ക് എന്ന ആവശ്യമുയര്‍ത്തി അന്നത്തെ നിയമം ഉപയോഗിച്ച് ആ സ്വകാര്യ റിസോട്ട് ഏറ്റെടുത്തു. കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തിയെങ്കിലും പൊതു പാര്‍ക്ക് എന്നത് വെറും വാഗ്ദാനം മാത്രമായിരുന്നു. ഉപേക്ഷിക്കപ്പെട്ടു കിടന്ന സ്ഥലത്ത് ആദ്യമായി പാര്‍ക്കിനുള്ള നീക്കം തുടങ്ങിയത് 1960 ലാണ്.
കാരണം, 1950-കളുടെ അവസാനത്തോടെ പ്രാദേശിക ഭരണകൂടം ഏറ്റെടുത്ത ഭൂമി, യഥാർത്ഥ ആവശ്യത്തിന് ഉപയോഗിക്കാത്തതിനാല്‍ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ കുടുംബം ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പാര്‍ക്കിനുള്ള നീക്കം തുടങ്ങിയത്. ആദ്യം ബേവ്യൂ ടെറസ് പാർക്ക് എന്നും പിന്നീട് പാർക്ക് കുലിയാക്കന്‍ എന്നും പേര് മാറ്റി.
ഒടുവില്‍ 2006-ൽ, മാൻഹട്ടൻ ബീച്ചിന്‍റെ അന്നത്തെ കറുത്തവംശജനായ മേയർ മിച്ച് വാർഡിന്‍റെ നേതൃത്വത്തിൽ മാൻഹട്ടൻ ബീച്ച് സിറ്റി കൗൺസിൽ പാർക്കിന്‍റെ പേര് മാറ്റാൻ തീരുമാനിച്ചു. ഒടുവില്‍, ജനസാഗത്തെ സാക്ഷി നിര്‍ത്തി 'ബ്രൂസ് ബീച്ച്' എന്ന് ബീച്ചിന് പുനർനാമകരണം ചെയ്തു. 2020 ജൂണില്‍ ബ്രീസ് ബീച്ചിലേക്ക് ഒരു അനുസ്മരണ പിക്നിക്ക് നടന്നു.
ഇതിനിടെ ബ്രൂസ് ബീച്ച്, അതിന്‍റെ യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷക കൂട്ടായ്മ ഉയര്‍ന്നുവന്നു. 2020 ഓഗസ്റ്റിൽ, ജസ്റ്റീസ് ഫോർ ബ്രൂസ് ബീച്ച് എന്ന് പേരില്‍ ഒരു മാർച്ച് സംഘടിപ്പിക്കപ്പെട്ടു. അങ്ങനെ പതുക്കെ പതുക്കെ ഭൂമി ബ്രൂസ് കുടുംബത്തിന് തിരികെ നൽകാനുള്ള പൊതു സമ്മർദ്ദം ശക്തപ്പെട്ടു.
2021 ഏപ്രിൽ 20-ന്, ലൈഫ്ഗാർഡ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കൗണ്ടി ഭൂമി കുടുംബത്തിന്‍റെ പിൻഗാമികൾക്ക് തിരികെ നൽകുന്നതിന് ലോസ്ഏഞ്ചലസ് കൗണ്ടി സൂപ്പർവൈസർമാർ ഏകകണ്ഠമായി വോട്ട് ചെയ്തു. തുടര്‍ന്ന് 2021 ജൂൺ 2-ന് കാലിഫോർണിയ സ്റ്റേറ്റ് സെനറ്റ് ബ്രൂസിന്‍റെ പിൻഗാമികൾക്ക് സ്വത്ത് തിരികെ നൽകാനുള്ള ബില്ലിന് അംഗീകാരം നൽകി. അപ്പോഴേക്കും തിരികെ നൽകേണ്ട വസ്തുവിന്‍റെ മൂല്യം 75 മില്യൺ ഡോളറായി ഉയര്‍ന്നിരുന്നു.
ലോകത്ത് വീണ്ടും വംശീയതയ്ക്കെതിരെ മുദ്രവാക്യങ്ങളുയരുമ്പോള്‍, ചെറുത്ത് നില്‍പ്പുകള്‍ ആവശ്യമാണെന്ന് തെരുവുകളില്‍ നിന്ന് ജനം ആര്‍ത്ത് വിളിക്കുന്ന കാലത്ത് നീണ്ട കാത്തിരിപ്പിനൊടുവില്‍ അവര്‍ക്ക് സ്വന്തം ഭൂമി തിരിച്ച് കിട്ടി. വരും വര്‍ഷങ്ങളില്‍ പഴയത് പോലെ ബ്രീസ് ബീച്ച് വീണ്ടും കറുത്തവംശജരുടെ കോട്ടയായിരിക്കുമെന്ന് പുതു തലമുറയും പറയുന്നു.