കാറുകള്‍ വില്‍ക്കില്ല, പകരം ഉപേക്ഷിച്ചുപോകും, ഒടുവില്‍ അധികൃതര്‍ക്ക് തലവേദന; കാണാം ചിത്രങ്ങള്‍
ഹവായി അതിമനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാൽ, അവിടെ ചെല്ലുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു സ്ഥിരം കാഴ്‍ചയുണ്ട്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പഴകിയ കാറുകൾ. അവിടെ നിവാസികൾ നാട് വിട്ടുപോകുമ്പോൾ വണ്ടി വിൽക്കാൻ മെനക്കെടാതെ വഴിയരികിൽ ഉപേക്ഷിച്ച് പോവുകയാണ് പതിവ്. അവയിൽ ഭൂരിഭാഗവും വയലുകളുടെയും, മരങ്ങളുടെയും ഇടയിൽ കിടന്ന് നശിക്കുന്നു. അധികൃതരുടെ ഒരു സ്ഥിരം തലവേദനയാണ് ഇങ്ങനെ റോഡരികിൽ ഉപേക്ഷിക്കപ്പെടുന്ന വണ്ടികൾ. അവ നീക്കം ചെയ്യാൻ ഓരോ വർഷവും സംസ്ഥാനം ലക്ഷക്കണക്കിന് പണമാണ് ചെലവഴിക്കുന്നത്. എന്താണ് ഇതിന് കാരണം?
ഹവായിയിലെ ദ്വീപുകളിലേക്കും പുറത്തേക്കും ആളുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഹവായിയിൽ നിന്നും പോകുമ്പോൾ, നിവാസികൾ പലപ്പോഴും അവരുടെ കാറുകൾ ഉപേക്ഷിക്കുന്നു. കാരണം അതാണ് അവരെ സംബന്ധിച്ചിടത്തോളം ലാഭം. സാധാരണയായി നമ്മൾ അത്തരമൊരു സന്ദർഭത്തിൽ ഒന്നുകിൽ കാർ വിൽക്കും, ഇല്ലെങ്കിൽ അത് സ്ക്രാപ്പ് ചെയ്യാൻ നൽകും. എന്നാൽ, ഇവിടെ ഒരാൾക്ക് വണ്ടി അങ്ങനെ എളുപ്പത്തിൽ വിൽക്കാൻ സാധിക്കില്ല. അതിന് ഒരുപാട് നൂലാമാലകൾ ഉണ്ട്.
ഹവായിയിൽ ഒരു കാർ വിൽക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറുന്നതിനുമാവശ്യമായ രേഖകൾ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് വളരെ ചെലവേറിയതും സമയമെടുക്കുന്നതുമായ ഒരേർപ്പാടാണ്. തന്റെ വാഹനം നിയമാനുസൃതമായി വിൽക്കാൻ ആഗ്രഹിക്കുന്ന ആർക്കും എണ്ണമറ്റ നടപടികളിലൂടെയും, നിയമങ്ങളിലൂടെയും കടന്ന് പോകേണ്ടി വരുന്നു. അതിന്റെ പിന്നാലെ പോകാൻ മടിച്ച് ആളുകൾ കാർ വിൽക്കേണ്ടെന്ന് തീരുമാനിക്കും. അങ്ങനെയാണ് പലരും ഹവായിയിൽ വാഹനങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്.
ഏറ്റവും വലിയ പുലിവാല് വാഹന രജിസ്ട്രേഷനാണ്. ഹവായിയിൽ, രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിൽ നിന്നും വ്യത്യസ്‍തമായി, വാഹന രജിസ്ട്രേഷൻ ആരും ഗൗരവമായി എടുക്കാറില്ല. ഇനി നിങ്ങളെ പൊലീസ് പിടിച്ചാൽ പോലും രജിസ്ട്രേഷന്റെ കാര്യം അവർ പരിഗണിക്കാറില്ല. എന്നാൽ, നിങ്ങൾ ഹവായ് സംസ്ഥാനം വിടാൻ തീരുമാനിക്കുകയാണെങ്കിൽ, രജിസ്ട്രേഷനായി ആയിരം ഡോളർ വരെ ഫീസ് നൽകേണ്ടി വരും.
അതുപോലെതന്നെ ബുദ്ധിമുട്ടേറിയതാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശ, സുരക്ഷാ പരിശോധനാ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ. കാർ വിൽക്കാൻ ഇത് ആവശ്യമാണല്ലോ. ഈ പ്രമാണങ്ങൾ സ്വന്തമാക്കുന്നതിന് നിങ്ങൾക്ക് നൂറു ഡോളർ വരെ ചെലവാകും. അതും പോരാതെ, പണമടച്ചാലും അത് കൈയിൽ കിട്ടണമെങ്കിൽ മാസങ്ങളെടുക്കും. അതുകൊണ്ടാണ്, ആളുകൾ കാറുകൾ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്.
ഉപേക്ഷിക്കപ്പെട്ട ആയിരത്തിലധികം വാഹനങ്ങളാണ് ഹവായ് വർഷാവർഷം നീക്കം ചെയ്യുന്നത്. ഇത് പണച്ചെലവേറിയതാണ് എന്ന് മാത്രമല്ല, പ്രകൃതിയ്ക്ക് ദോഷകരവുമാണ്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കാറുകളുടെ എണ്ണം വർഷം ചെല്ലുംതോറും കുറയുകയല്ല, മറിച്ച് കൂടുകയാണ് ചെയ്യുന്നത് എന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുകയാണ്.