ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊല; പൊലീസുകാരന്‍ കുറ്റക്കാരനെന്ന് വിധി, വൈകാരികമായി പ്രതികരിച്ച് അമേരിക്ക

First Published Apr 21, 2021, 11:49 AM IST

ലോകം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രതിഷേധം ഒരുപക്ഷേ അമേരിക്കയില്‍ നിന്നായിരിക്കണം. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡെന്ന യുവാവിനെ വെള്ളക്കാരനായ പൊലീസുകാരന്‍ തെരുവില്‍ ശ്വാസം മുട്ടിച്ചു കൊന്നു. ഇതേ തുടര്‍ന്ന് 'ബ്ലാക്ക് ലൈവ്‍സ് മാറ്റര്‍' (Black Lives Matter) പ്രതിഷേധം തെരുവുകളില്‍ കത്തിപ്പടര്‍ന്നു. അമേരിക്കയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് അതിന്‍റെ ചുടുകാറ്റ് ആഞ്ഞടിച്ചു. കാലങ്ങളായി നിഷേധിക്കപ്പെടുന്ന നീതിക്കെതിരെ പതിനായിരക്കണക്കിന് പേര്‍ തെരുവില്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. പലയിടങ്ങളില്‍ നിന്നും എങ്ങനെയാണ് കറുത്തവര്‍ഗക്കാര്‍ അതിക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് എന്ന മനസാക്ഷി മരവിച്ച കഥകള്‍ പുറത്തുവന്നു. ലോകത്തിന്‍റെയാകെ ശ്രദ്ധ 'ബ്ലാക്ക് ലൈവ്‍സ് മാറ്റര്‍ പ്രക്ഷോഭം' ആകര്‍ഷിച്ചു. കൊവിഡ് പോലും കണക്കാക്കാതെ ഫ്ലോയിഡിനും ഒപ്പം അതുപോലെ നീതിനിഷേധിക്കപ്പെട്ട ജനതയ്ക്കും വേണ്ടി ആളുകള്‍ പുറത്തിറങ്ങി. ഒടുവില്‍, ഫ്ലോയിഡിന് നീതി ഉറപ്പാവുകയാണ്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊന്ന അമേരിക്കന്‍ പൊലീസിലെ വെളുത്ത ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നു.