- Home
- Magazine
- Web Specials (Magazine)
- DiCaprio the tree: ഹോളിവുഡ് നടന്‍ ലിയോനാർഡോ ഡികാപ്രിയോയുടെ പേരില്‍ വളരാന്‍ 'ഒരു മരം'
DiCaprio the tree: ഹോളിവുഡ് നടന്‍ ലിയോനാർഡോ ഡികാപ്രിയോയുടെ പേരില്‍ വളരാന്‍ 'ഒരു മരം'
ഹോളിവുഡിലെ വ്യത്യസ്തനായ അഭിനേതാവാണ് ലിയോനാർഡോ ഡികാപ്രിയോ (Leonardo DiCaprio). ഡികാപ്രിയോ നായകനായി അഭിനയിച്ച "Don't Look Up" എന്ന സിനിമ അടുത്തിടെ ഹോളിവുഡില്‍ വന്‍ ഹിറ്റായിരുന്നു. 2021 ന്‍റെ അവസാനമിറങ്ങിയ സിനിമ, അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെയും രാഷ്ട്രീയത്തെയും മനോഹരമായി വിമര്‍ശിക്കുന്നു. അഭിനയത്തോടൊപ്പം പാരിസ്ഥിതിക മേഖലയില്‍ പ്രത്യേക ശ്രദ്ധകൊടുക്കുന്ന അത്യപൂര്‍വ്വം ഹോളിവുഡ് നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഡികാപ്രിയോ. അദ്ദേഹത്തിന്‍റെ പാരിസ്ഥിതിക സ്നേഹത്തോടുള്ള ആദരവ് മുന്‍നിര്‍ത്തി ശാസ്ത്ര ലോകം, കാമറൂൺ (Cameroon) വനത്തിലെ ഒരു മരത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കി, "ഉവരിയോപ്സിസ് ഡികാപ്രിയോ" (Uvariopsis dicaprio).

മരം മുറിക്കുന്നതിനെതിരെ നിലപാടെടുത്തത് വഴി ഒരു മഴക്കാടിനെ കൊടാലിയില്‍ നിന്ന് രക്ഷിക്കാൻ ഡികാപ്രിയോ മുന്‍കൈയെടുത്തു. കാമറൂണിലെ ഏബോ ദേശീയോദ്യാനത്തെ ( Ebo Wildlife Reserve)നാശത്തില്‍ നിന്ന സംരക്ഷിക്കാന്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം നിര്‍ണ്ണായകമായെന്ന് ഞങ്ങള്‍ കരുതുന്നു.
അദ്ദേഹത്തോടുള്ള ആദരവിനാലാണ് ഏബോ ദേശീയോദ്യാനത്തിലെ ഒരു വൃക്ഷത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കിയതെന്ന് ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിലെ (Royal Botanic Gardens, Kew) ശാസ്ത്രജ്ഞർ പറയുന്നു. ലിയോനാർഡോ ഡികാപ്രിയോയുടെ പേര് ലഭിച്ച വൃക്ഷം, അവിശ്വസനീയമായ ജൈവവൈവിധ്യത്തിന് പേരുകേട്ട കാമറൂൺ വനത്തിൽ മാത്രമാണ് വളരുന്നതെന്ന് ക്യൂവിലെ ശാസ്ത്രജ്ഞന്‍ ഡോ. മാർട്ടിൻ ചീക്ക് (Dr. Martin Cheek) പറഞ്ഞു.
ഏബോ വനത്തിലെ വിസ്ജൃതവും ഭാഗത്തെ പഴക്കം ചെന്ന മരങ്ങള്‍ മുറിച്ച് കടത്താനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കി. എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകരും സസ്യശാസ്ത്രജ്ഞരും ഇതിനെതിരെ രംഗത്ത് വന്നു. കാരണം, അത്രയേറെ വൈവിധ്യമുള്ള ജൈവശാസ്ത്ര രീതിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശമാണ് ഏബോ വനമേഖല.
മദ്ധ്യാഫ്രിക്കയിലെ മനുഷ്യന്‍ താരതമ്യേന സ്പർശിക്കാത്ത ഏറ്റവും വലിയ മഴക്കാടുകളിൽ ഒന്നായ ഇത് ബാനൻ ജനതയുടെ ആവാസ കേന്ദ്രമാണ്. കൂടാതെ വംശനാശഭീഷണി നേരിടുന്ന ഗൊറില്ലകൾ, ചിമ്പുകൾ, വന ആനകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷമായ സസ്യജന്തുജാലങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ അത്യപൂര്‍വ്വ വനമേഖലയിലുണ്ട്.
സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയതോടെ ഏബോ വനമേഖലയിലെ വംശനാശഭീഷണി നേരിടുന്ന അമൂല്യമായ മൃഗങ്ങളെയും സസ്യജാലങ്ങളെയും പട്ടിക തയ്യാറാക്കി ഈ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ സർക്കാരിന് കത്തെഴുതി. ഇതോടെ പൊതുജനത്തിന് പ്രശ്നത്തിന്‍റെ കാര്യം വ്യക്തമായി. വിഷയം ശ്രദ്ധയില്‍പെട്ട ഡികാപ്രിയോ തന്‍റെ സാമൂഹിക മാധ്യമ പേജുകള്‍ വഴി വിഷയം അവതരിപ്പിച്ചു.
നിമിഷ നേരം കൊണ്ട് ദശലക്ഷക്കണക്കിന് പേര്‍ പ്രതികരണവുമായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളില്‍ ഏബോ വനപ്രദേശം സംരക്ഷിക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. പ്രശ്നം നടക്കുമ്പോള്‍ ഈ വനപ്രദേശത്തെ സര്‍ക്കാര്‍ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. പൊതു ജനം വിഷയം ഏറ്റെടുത്തതോടെ മരം മുറിക്കാനുള്ള അനുമതി സര്‍ക്കാറിന് റദ്ദാക്കേണ്ടിവന്നു.
2022-ൽ ക്യൂ ശാസ്ത്രജ്ഞർ ഔദ്യോഗികമായി നാമകരണം ചെയ്യുന്ന ആദ്യത്തെ സസ്യമാണ് ഡികാപ്രിയോ. "ഇത് വധശിക്ഷയുടെ ഒരു സ്റ്റേ മാത്രമായിരിക്കാം," ഡോ ചീക്ക് കൂട്ടിച്ചേർത്തു. പീർജെ (PeerJ) എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സസ്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുള്ളത്.
Uvariopsis dicaprio
ചെറിയ ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷത്തിന് അതിന്‍റെ ഇളം തണ്ടുകളില്‍ വളരുന്ന തിളങ്ങുന്ന മഞ്ഞ പൂക്കൾ ഉണ്ട്. യലാങ് യ്‌ലാംഗ് സസ്യ കുടുംബത്തിലെ അംഗമായ ഇത് ഏബോ വനത്തിന്‍റെ ഒരു ചെറിയ പ്രദേശത്ത് മാത്രമാണ് കണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ഈ സസ്യത്തിന്‍റെ സ്ഥാനം.
കഴിഞ്ഞ വർഷം, ക്യൂ ശാസ്ത്രജ്ഞരും അവരുടെ സഹപ്രവര്‍ത്തകരും ചേർന്ന് 200-ലധികം ചെടികൾക്കും ഫംഗസുകൾക്കും ഔദ്യോഗിക നാമം നല്‍കിയിരുന്നു. അതേ വനത്തിലെ പിങ്ക് ലില്ലി ( pink lily), ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ പ്രാണികളെ കെണിയിൽ പിടിക്കുന്ന കാട്ടുപുകയില ചെടി, മഡഗാസ്കർ (Madagascar) ദ്വീപിൽ നിന്ന് കണ്ടെത്തിയ ഇരുട്ടിൽ വളരാൻ കഴിയുന്ന നക്ഷത്രം പോലെയുള്ള പൂക്കളുള്ള ഓർക്കിഡ് എന്നിവ ഈ പുതിയ പേരിടലില്‍ പെട്ട സസ്യങ്ങളാണ്.
ഇതിനകം വംശനാശം നേരട്ടവയും പുതുതായി പേരിട്ട പല സസ്യങ്ങളിലുണ്ട്. വനനശീകരണം, ഭൂമി വൃത്തിയാക്കൽ, വരൾച്ച, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, കാടു തീ എന്നിവ കാരണം പല സസ്യങ്ങളും വംശനാശ ഭീഷണിയിലാണ്.
മഡഗാസ്കറിൽ കണ്ടെത്തിയ 16 പുതിയ ഇനം ഓർക്കിഡുകളിൽ മൂന്നെണ്ണം അവയുടെ ആവാസവ്യവസ്ഥയുടെ നാശം കാരണം വംശനാശം സംഭവിച്ചതായി കരുതപ്പെടുന്നു. യൂറോപ്പിലെ അരോമാതെറാപ്പി വ്യവസായത്തിൽ ഉപയോഗിക്കുന്ന ജെറേനിയം ഓയിലിനുള്ള ചെടികൾ വളർത്തുന്നതിനായി വനങ്ങൾ വെട്ടിമാറ്റിയപ്പോഴാകാം ഇതിലൊരെണ്ണം അപ്രത്യക്ഷമായതെന്ന് കരുതുന്നു.
ചെമ്പ് ഖനനത്തെ തുടര്‍ന്ന് കോംഗോയിലെ കട്ടംഗയിൽ (Katanga in Congo) നിന്നുള്ള ഒരു പുതിയ കേപ് പ്രിംറോസ് (Cape primrose) ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. ഒരു ജീവിവർഗത്തിന് ശാസ്ത്രീയ നാമം ലഭിക്കുന്നതുവരെ, അതിന്‍റെ വംശനാശ അപകടസാധ്യത വിലയിരുത്തുന്നത് ഏതാണ്ട് അസാധ്യമാണ്. ഇത് ഇത്തരത്തിലുള്ള അത്യപൂര്‍വ്വ ഇനം സസ്യങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനെ തടയുന്നു.
അജ്ഞാത ജീവികളെ കണ്ടെത്താനും അവയ്ക്ക് പേരിടാനും വംശനാശം സംഭവിക്കുന്നതിന് മുമ്പ് അവയെ സംരക്ഷിക്കാനുമുള്ള മനുഷ്യന്‍റെ അവസാന അവസരമാണിതെന്ന ഓർമ്മപ്പെടുത്തലാണ് 2021-ലെ കണ്ടുപിടിത്തങ്ങളുടെ പട്ടികയെന്ന് ഡോ.മാർട്ടിൻ ചീക്ക് പറയുന്നു.
"ഇനിയും ആയിരക്കണക്കിന് സസ്യജാലങ്ങളും ദശലക്ഷക്കണക്കിന് ഫംഗസ് സ്പീഷീസുകളും മനുഷ്യന് അറിയാത്തതായുണ്ട്. അവർ വളരുന്ന, പ്രത്യേകിച്ച് വനങ്ങൾ അടക്കമുള്ള ഈ പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയെല്ലാം അവിടെ എന്താണെന്ന് പോലും അറിയാതെ മനുഷ്യരായ നമ്മൾ കൂടുതൽ വേഗത്തിൽ നശിപ്പിക്കുകയാണ്." അദ്ദേഹം കൂട്ടിചേര്‍ത്തു.
കാമറൂണിലെ നിര്‍ദ്ദിഷ്ട ദേശീയോദ്യാനമാണ് ഏബോ വന്യജീവി സങ്കേതം. മലകളും താഴ്വാരങ്ങളുമായി ഏതാണ്ട് 1417 കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ രേഖപ്പെടുത്തുന്ന യുഎന്നിന്‍റെ ചുവന്ന ലിസ്റ്റില്‍ രേഖപ്പെടുത്തപ്പെട്ട ' പ്ര്യൂസിന്‍റെ ചുവന്ന കൊളോബസ്' (Preuss's red colobus) എന്ന് വിളിപ്പേരുള്ള കുരങ്ങുകള്‍ ഈ ദേശീയോദ്യാനത്തിലെ അന്തേവാസികളാണ്.
സനഗ നദിക്ക് വടക്ക് 20 കിലോമീറ്റർ അകലെയാണ് ഏബോ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. നദിയുടെ പ്രത്യേകതകൊണ്ട് തന്നെ ജൈന ഭൂമി ശാസ്ത്രപരമായി ഒറ്റപ്പട്ട് കിടക്കുന്ന വന്യജീവി സങ്കേതമാണ് ഏബോ. 2005 ഏപ്രിലിലാണ് എബോ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടത്. കാമറൂൺ-നൈജീരിയ ഹൈലാൻഡ്സ് മേഖലയിലെ മറ്റ് എൻഡെമിസം കേന്ദ്രങ്ങളുമായി ഏബോ ഫോറസ്റ്റിന് താരതമ്യപ്പെടുത്താവുന്ന ജൈവവൈവിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
നൈജീരിയ-കാമറൂൺ ചിമ്പാൻസി, വെസ്റ്റേൺ ഗൊറില്ല, ഗോലിയാത്ത് ഫ്രോഗ്, ഫോറസ്റ്റ് എലിഫന്‍റ്, പ്ര്യൂസിന്‍റെ റെഡ് കൊളോബസ് മങ്കി, ഡ്രിൽ, ഗ്രേ-നെക്ക്ഡ് റോക്ക്ഫൗൾ, ഗ്രേ പാരറ്റ് തുടങ്ങിയ ജീവിവര്‍ഗ്ഗങ്ങള്‍ ഏബോ വന്യജീവി സങ്കേതത്തിലെ സ്വന്തം ജീവി വര്‍ഗ്ഗങ്ങളാണ്. പ്രാദേശിക ജനസംഖ്യയിലെ ഏതാണ്ട് 40 ശതമാനം പേരും ഭക്ഷണത്തിനും ഔഷധത്തിനും ഈ വനത്തെയാണ് ആശ്രയിക്കുന്നത്.