- Home
- Magazine
- Web Specials (Magazine)
- കൂട്ടക്കുരുതി ഭയന്ന് പാഞ്ച്ഷീറിലെ മനുഷ്യര്‍; മുമ്പത്തെപ്പോലെ താലിബാന്‍ ഇവരെയും കൊന്നുതള്ളുമോ?
കൂട്ടക്കുരുതി ഭയന്ന് പാഞ്ച്ഷീറിലെ മനുഷ്യര്‍; മുമ്പത്തെപ്പോലെ താലിബാന്‍ ഇവരെയും കൊന്നുതള്ളുമോ?
ഒരെതിര്‍പ്പുമില്ലാതെ 33 പ്രവിശ്യകള്‍ ആയുധംവെച്ച് കീഴടങ്ങിയ അഫ്ഗാനിസ്താനില്‍, താലിബാനെതിരെ ആയുധമെടുത്ത് പൊരുതിയ ഒരേയൊരു പ്രവിശ്യയാണ് കാബൂളില്‍നിന്നും 140 കിലോ മീറ്റര്‍ വടക്കുള്ള പാഞ്ച്ഷീര്‍. ഏഴ് ജില്ലകളുള്ള ഇവിടെ 2020-ലെ കണക്കനുസരിച്ച് ജനസംഖ്യ 169,900 ആണ്. താരതമ്യേന ജനസാന്ദ്രതയേറിയ ഈ പ്രദേശത്തിനു നേര്‍ക്ക് മൂന്നാഴ്ചകളായി താലിബാന്‍ ആക്രമണം നടത്തുകയാണ്. പാക്കിസ്താന്‍ പോര്‍വിമാനങ്ങള്‍ ആകാശത്തുനിന്നും ബോംബാക്രമണം നടത്തിയതായും വാര്‍ത്തകളുണ്ട്. ഇങ്ങോട്ടേക്കുള്ള വഴികള്‍ അടച്ചിട്ട നിലയിലാണ്. ഇന്റര്‍നെറ്റ്, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ മുഴുവന്‍ താലിബാന്‍ മുറിച്ചുകളഞ്ഞു. ആര്‍ക്കും ഇവിടേക്കു വരാനും പോവാനുമാവില്ല. ഭക്ഷണവും അവശ്യസാധനങ്ങളും എത്തുന്നില്ല. ചികില്‍സാസംവിധാനങ്ങള്‍ അപര്യാപ്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും അങ്ങോട്ട് പോവാനാവില്ല. ഒരു സന്നദ്ധ സംഘടനയും അവിടെയില്ല. ഒന്നേമുക്കാല്‍ ലക്ഷത്തോളം വരുന്ന മനുഷ്യര്‍ ഏത് അവസ്ഥയിലാണ് ഇവിടെ കഴിയുന്നത് എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല. 1990-കളില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ബാമിയാനിലും ബാല്‍ഖിലും പിന്നീട് മസാറെ ഷെരീഫിലുമായി ആയിരക്കണക്കിന് സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്തവരാണ് താലിബാന്‍. പാഞ്ച്ഷീറിനെയും അവര്‍ ചോരയില്‍ മുക്കുമോ എന്ന ഭീതിയാണ് അഫ്ഗാനിസ്താനിലാകെ.

''പാഞ്ച്ഷീര്‍ ഇപ്പോള്‍ ഒരു ബ്ലാക്ക് ബോക്‌സ് ആണ്. ആരെങ്കിലും പോയി തുറന്നുനോക്കിയാലേ, അവിടെ എന്താണ് നടന്നതെന്നും ആരൊക്കെ ബാക്കിയുണ്ട് എന്നും അറിയാനാവൂ.''ഇത് ജര്‍മന്‍ ഡവലപ്‌മെന്റ് ഏജന്‍സിയുടെ മുതിര്‍ന്ന പോളിസി വിദഗ്ധന്‍ സല്‍മായി നിഷാതിന്റെ വാക്കുകളാണ്. പാഞ്ച്ഷീറിന്റെ അവസ്ഥയെക്കുറിച്ച് അല്‍ജസീറ ചാനല്‍ തയ്യാറാക്കിയ വാര്‍ത്താ പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഇതു തന്നെയാണ് വാസ്തവം. താലിബാന്‍ പറയുന്നതിനപ്പുറം പാഞ്ച്ഷീറിന്റെ അവസ്ഥ ആര്‍ക്കുമറിയില്ല. ഇന്റര്‍നെറ്റും ടെലികമ്യൂണിക്കേഷന്‍ മാര്‍ഗങ്ങളും അടച്ചുകളഞ്ഞതിനാല്‍ അവിടെയുള്ളവര്‍ക്കാര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാനാവില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കോ രാജ്യാന്തര ഏജന്‍സികള്‍ക്കോ അങ്ങോട്ട് പോവാനുമാവില്ല. എല്ലാ മാര്‍ഗങ്ങളും അടയപ്പെട്ട്, എലിക്കെണിയില്‍ പെട്ട അവസ്ഥയിലാണ് പാഞ്ച്ഷീറിലെ മനുഷ്യര്‍ ഇപ്പോള്‍.
പാഞ്ച്ഷീര്‍ പിടിച്ചെടുത്തു എന്നാണ് താലിബാന്‍ വക്താവ് സബിഹുല്ലാ മുജാഹിദ് അവകാശപ്പെടുന്നത്. എന്നാല്‍, യുദ്ധം തുടരുകയാണെന്നും പല ജില്ലകളും കീഴടങ്ങിയിട്ടില്ലെന്നും താലിബാനെതിരായ ചെറുത്തുനില്‍പ്പിന് പാഞ്ച്ഷീറിനെ കേന്ദ്രമാക്കിയ ദേശീയ പ്രതിരോധ മുന്നണിയുടെ ചില ശബ്ദസന്ദേശങ്ങളില്‍ പറയുന്നു.
പാക്കിസ്താന്‍ പോര്‍വിമാനങ്ങള്‍ ആകാശത്തുനിന്നും ബോംബുകള്‍ പ്രവഹിച്ചതായും പാക്കിസ്താന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിമാനങ്ങളില്‍നിന്നും താഴേക്കിറങ്ങി ആക്രമണം നടത്തിയതായും പ്രതിരോധ മുന്നണി നേതാവ് അഹമ്മദ് മസൂദ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ പറയുന്നു.
<p>fahim dashti</p>
ഇക്കഴിഞ്ഞ നാളുകളില്‍ പാഞ്ച്ഷീറിന്റെ അവസ്ഥകള്‍ പുറംലോകത്തെത്തിച്ചത് പ്രതിരോധ മുന്നണിയുടെ വക്താവായ ഫാഹിം ദഷ്തിയായിരുന്നു. മാധ്യമങ്ങളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ഫാഹിമിനെ കഴിഞ്ഞ ദിവസം താലിബാന്‍ വധിച്ചതായി അഹമ്മദ് മസൂദ് സ്ഥിരീകരിച്ചിട്ടുണ്ട്. അതോടെ, പുറംലോകവുമായുള്ള ബന്ധം പൂര്‍ണ്ണമായി മുറിഞ്ഞിട്ടുണ്ട്.
പ്രതിരോധത്തിന് നേതൃത്വം നല്‍കിയ അഫ്ഗാനിസ്താനിലെ സ്വയം പ്രഖ്യാപിത പ്രസിഡന്റും മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന അംറുല്ലാ സാലിഹ് താജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ട്. എന്നാല്‍, താന്‍ പാഞ്ച്ഷീറില്‍ തന്നെയുണ്ട് എന്നാണ് അവസാനമായി പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ അദ്ദേഹം അറിയിച്ചത്.
പാഞ്ച്ഷീറിന്റെ വീരനായകന്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പ്രതിരോധ മുന്നണി താലിബാനെതിരെ പോരാടിയത്. താഴ്‌വര വീണതോടെ അഹമ്മദ് മസൂദ് വിദേശത്തേക്ക് രക്ഷപ്പെട്ടതായും താലിബാന്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, അഹമ്മദ് മസൂദ് ഇക്കാര്യം നിഷേധിക്കുന്നുണ്ട്. താലിബാന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്നാണദ്ദേഹം പറയുന്നത്.
കാര്യം എന്തായാലും ആര്‍ക്കും ഇവിടെ നടക്കുന്നത് എന്തെന്ന് സ്ഥിരീകരിക്കാനാവില്ല. കാരണം, കാര്യങ്ങള്‍ പുറത്തറിയിക്കാന്‍ ഇവിടെ യാതൊരു മാര്‍ഗവുമില്ല. ഇന്റര്‍നെറ്റു മുതല്‍ പാലം വരെ താലിബാന്‍ തകര്‍ത്തുകഴിഞ്ഞു. നൂറുകണക്കിന് താലിബാന്‍ ഭീകരര്‍ വീണ്ടും പാഞ്ച്ഷീറിലേക്ക് പോവുന്നതായാണ് അഫ്ഗാന്‍ ചാനലായ ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, പ്രതിരോധ മുന്നണി പരാജയപ്പെട്ടാലും ഇല്ലെങ്കിലും ഇവിടത്തെ മനുഷ്യരുടെ അവസ്ഥ അതിദയനീയമാണ്. അടിയന്തിരമായി രാജ്യാന്തര സഹായം കിട്ടിയില്ലെങ്കില്‍, പട്ടിണി കിടന്നോ ബോംബുകള്‍ വീണോ താലിബാന്‍ ബുള്ളറ്റുകള്‍ക്ക് ഇരയായോ അവര്‍ മരിച്ചുപോവും എന്നതാണ് നേര്.
താലിബാന്‍ ഇന്റര്‍നെറ്റ് മുറിച്ചുകളഞ്ഞതോടെ യുദ്ധവാര്‍ത്തകള്‍ ഏകപക്ഷീയമാവുകയായിരുന്നു. താലിബാന്‍ പറയുന്നത് മാത്രം ലോകമറിയുന്ന അവസ്ഥ. ഇതോടെ പ്രതിരോധ മുന്നണിയ്ക്ക് പറയാനുള്ളതൊന്നും പുറത്തറിയാതായി.
ഇതുമാത്രമല്ല, പാഞ്ച്ഷീറിലുള്ളവര്‍ക്ക് പുറത്തുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും പറ്റാത്ത അവസ്ഥയായി. വിദേശത്തുള്ള അനേകം പാഞ്ച്ഷീര്‍ നിവാസികള്‍ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളറിയാത്ത ആശങ്കകളിലാണ്.
അതിനിടെ, താലിബാന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് പാഞ്ച്ഷീറിന്റെ പര്‍വ്വതപ്രദേശത്തേക്ക് രക്ഷപ്പെട്ടവരില്‍ ഒരാളോട് അല്‍ ജസീറ ചാനല്‍ ഇന്നലെ സംസാരിച്ചു. 20 വയസ്സുള്ള ഇയാള്‍ സുരക്ഷാകാരണങ്ങളാല്‍ പേരു വെളിപ്പെടുത്തിയില്ല. പക്ഷേ, പാഞ്ച്ഷീറില്‍ എന്താണ് നടക്കുന്നതെന്ന സൂചനകള്‍ ഇയാള്‍ നല്‍കി. അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ ഇവിടത്തെ മനുഷ്യര്‍ അനുഭവിക്കുന്ന ഭീകരാവസ്ഥ വ്യക്തമാണ്.
ഒന്നരലക്ഷത്തോളം പേര്‍ പാഞ്ച്ഷീറില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരുടെ അവസ്ഥ ഗുരുതരവും പേടിപ്പെടുത്തുന്നതുമാണെന്നാണ് ഈ 20-കാരന്‍ പറഞ്ഞത്.
അവശ്യസാധനങ്ങളുടെ ക്ഷാമമാണ് പാഞ്ച്ഷീര്‍ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഇയാള്‍ പറയുന്നു. താഴ്‌വരയിലേക്കുള്ള എല്ലാ വഴികളും കഴിഞ്ഞ ആഴ്ച താലിബാന്‍ അടച്ചു. അതിനാല്‍ അവശ്യസാധനങ്ങള്‍ താഴ്‌വരയിലേക്ക് എത്തിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്.
''എന്തൊക്കെ ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചു വെച്ചാലും അതൊക്കെ തീരാനുള്ള സമയമായി. ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് ശേഖരിച്ച വസ്തുക്കളാണ് അവര്‍ കഴിച്ചു കൊണ്ടിരുന്നത്. അതൊക്കെയിപ്പോള്‍ തീര്‍ന്നു. ഇപ്പോള്‍ കടകളും അങ്ങാടികളും ശൂന്യമാണ്.'' ആ ഇരുപതുകാരന്റെ വാക്കുകള്‍.
താഴ്‌വരയിലെ ജനങ്ങള്‍ മരുന്നുകളുടെ ക്ഷമവും ചികില്‍സാ പ്രശ്‌നങ്ങളും അനുഭവിക്കുന്നതായി ഇയാള്‍ ചാനലിേേനാട് പറഞ്ഞു. ''എന്റെ വീട്ടിലുമുണ്ട്, രോഗികള്‍. എന്താണ് ചെയ്യുക? അവരെ സഹായിക്കാന്‍ ഒരു വഴിയുമില്ല.''
ബദാക്ഷാന്‍, ഹെല്‍മന്ദ്, ലാഗ്മാന്‍ തുടങ്ങിയ പ്രവിശ്യകളിലുള്ള താലിബാന്‍കാരാണ് പാഞ്ച്ഷീറിലേക്ക് കൂടുതലായി വന്നതെന്ന് ഈ 20-കാരന്‍ പറയുന്നു. ''അവരുടെ രീതികള്‍ വ്യത്യസ്തമാണ്. അവരുടെ സംസ്‌കാരവും. അവരുടെ പെരുമാറ്റത്തിലും അതുണ്ട്. ഇവിടെയുള്ള മനുഷ്യര്‍ക്ക് പൊരുത്തപ്പെടാന്‍ പറ്റുന്നതല്ല അതൊന്നും.''
ചുരുക്കം ചില താലിബാന്‍കാര്‍ മോശമല്ലാതെ പെരുമാറുന്നുണ്ടെങ്കിലും പാഞ്ച്ഷീറുകാര്‍ക്ക് അവരെ ഒട്ടും വിശ്വാസമില്ലെന്ന് ഇയാള്‍ പറയുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ താലിബാന്‍ ആവശ്യപ്പെടുമ്പോഴും അവര്‍ക്ക് സംശയമുണ്ട്, ഭയമുണ്ട്. താലിബാനെ ഒട്ടും വിശ്വാസമില്ല. ''
രണ്ടാമത് വന്ന താലിബാന്‍ സംഘം അങ്ങേയറ്റം കുഴപ്പക്കാരാണെന്നാണ് ഈ ഇരുപതുകാരന്‍ അല്‍ ജസീറയോട് പറയുന്നത്. ''അവര്‍ അക്രമാസക്തരും ചൂടന്‍മാരുമാണ്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ ഉപദ്രവിക്കുകയും തോന്നുന്നതെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്യുന്നുണ്ട്.
പാഞ്ച്ഷീറില്‍ കൂട്ടക്കുരുതി നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം ശബ്ദസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.