ജര്‍മ്മന്‍ നരവംശ ശാസ്ത്രജ്ഞന്‍ പകര്‍ത്തിയ കേരളപിറവിക്കും മുന്നേയുള്ള മലയാളി !
സത്യത്തില്‍ കേരളമുണ്ടായതെന്നാണ് ? 1957 നവംബര്‍ ഒന്ന് എന്നുള്ളത് മനുഷ്യന്‍ തന്‍റെ ദൈനംദിന കാര്യങ്ങളുടെ ലഘൂകരണത്തിനായി കണ്ടെത്തിയ ഒരു ദിവസം മാത്രമണ്. കേരളം ഒരു ദേശനാമമായി അതിനുമെത്രയോ മുന്നേ ഇവിടെയൊക്കെയുണ്ടായിരുന്നു. പ്രകൃതിദത്തമായ അതിരുകളില്‍ ദേശം രൂപപ്പെടുമ്പോള്‍ തന്നെ മനുഷ്യ ജീവിതവും ഭാഷയും വികാസം പ്രാപിച്ച് തുടങ്ങിയിരിക്കണം. ചേരളം (ചേര്‍ നിറഞ്ഞ അളം) -ത്തില്‍ നിന്ന് ചേരളവും അത് പിന്നീട് സംസ്കൃതീകരിച്ച് കേരളവുമായി മാറിയെന്നൊരു വാദം ദേശ നാമചരിത്രത്തില്‍ പറയുന്നു. കേരളത്തിന്‍റെ ഇരുണ്ട നൂറ്റാണ്ടുകളുടെ കഥ, ഇനിയും നമ്മള് കുഴിച്ചെടുക്കേണ്ടിയിരിക്കുന്നു. സംഘകാലവും (Sangam period) ബൌദ്ധകാലവും (buddhist period) കേരളത്തിലൂടെയും കടന്ന് പോയിട്ടുള്ളതിന് നിരവധി തെളിവുകളുണ്ട്. റോം, ചൈന, പേര്‍ഷ്യ, സിലോണ്‍ എന്നിങ്ങനെ ലോകത്തിന്‍റെ ഏതാണ്ടെല്ലാ പൌരാണിക സംസ്കാരങ്ങളുമായും നമ്മള്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അതിനുള്ള കാര്യമായ തെളിവുകളൊന്നും ഇവിടെ നിന്നും നമ്മുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. മറുനാടുകളില്‍ സൂക്ഷിക്കപ്പെട്ട ചരിത്ര രേഖകളിലൂടെയാണ് ഇന്നും നമ്മള്‍ കേരളത്തിന്‍റെ പൌരാണിക പാരമ്പര്യത്തെ ഉയര്‍ത്തി കാട്ടുന്നത്. ഈ കേരളപിറവി ദിനത്തിലും അത്തരമൊരു ചരിത്രാവശേഷിപ്പിനെ കുറിച്ചാണ് ഈ കുറിപ്പ്. ആര്യന്‍ വംശത്തിന്‍റെ 'ശുദ്ധരക്തം' നരവംശപരമ്പര തപ്പി കണ്ണൂര്‍ ജില്ലയിലെ കുത്തുപറമ്പ് എത്തിയ ജർമ്മൻ (German) നാസി (Nazi) നരവംശശാസ്ത്രജ്ഞനായ (anthropologist) എഗോൺ ഫ്രീഹെർ വോൺ ഐക്‌സ്റ്റെഡ് (Egon Freiherr von Eickstedt, 1892 – 1965) പകര്‍ത്തിയ മലയാളികളുടെ ചിത്രങ്ങളും.
ലോകത്തെ എക്കാലവും നയിച്ചിരുന്നത് പലതരം സിദ്ധാന്തങ്ങളായിരുന്നു. ലോകം ഏറ്റവും ഭീതിയോടെ ഇന്നും കാണുന്ന ഒരു സിദ്ധന്താമാണ് ഹിറ്റ്ലറും നാസി ജര്‍മ്മനിയും ഉയര്‍ത്തി കൊണ്ടുവന്ന വംശീയതാവാദം - ആര്യന്‍സിദ്ധാന്തം.
കേരളവും ഹിറ്റ്ലറുടെ ആര്യന്‍ സിദ്ധാന്തവും തമ്മിലുള്ള ബന്ധം എന്ത് എന്നാണെങ്കില്‍. ഉത്തരം ലളിതമാണ്. മനുഷ്യന്‍ എക്കാലവും പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു ജീവിവര്‍ഗ്ഗമാണ്. ഇന്നും ഏതാണ്ടെല്ലാ ഭൂഖണ്ഡങ്ങളിലും മനുഷ്യന്‍റ പലായനങ്ങള്‍ തുടര്‍ക്കഥയാണെന്ന് ഓര്‍ക്കണം.
അത്തരത്തില്‍ , ആദിമകാലത്തെ ഉത്തമ മനുഷ്യകുലമെന്ന് പിന്നീട് നാസികള്‍ ഉയര്‍ത്തി കാട്ടിയ ആര്യന്മാരും പലായനത്തിലായിരുന്നു. പശ്ചിമേഷ്യ കടന്ന് അവരുടെ പലായനം അവസാനിച്ചത് ഇന്ത്യയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഉത്തരേന്ത്യയില്‍ നിന്ന് പിന്നീട് അവര്‍ ദക്ഷിണേന്ത്യയിലെക്കും കടന്നെന്നും ആ പലായനവാദം സമര്‍ത്ഥിക്കുന്നു. ഇത്തരത്തില്‍ ദക്ഷിണേന്ത്യയിലെത്തിയ ആര്യന്മാരെ തപ്പിയെത്തിയതായിരുന്നു ജർമ്മൻ നരവംശശാസ്ത്രജ്ഞനായ എഗോൺ ഫ്രീഹെർ വോൺ ഐക്‌സ്റ്റെഡ്.
അദ്ദേഹം എത്തിയതാകട്ടെ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പും. സ്വന്തം നരവംശ സിദ്ധാന്താവുമായി 1920 ല്‍ ജര്‍മ്മനിയില്‍ നിന്നും മനുഷ്യനെ പഠന വിധേയമാക്കുന്നതിന്‍റെ ഭാഗമായിട്ട് ഇറങ്ങിത്തിരിച്ച എഗോൺ കേരളത്തിലുമെത്തിയെന്നത് ചരിത്രം. എഗോണ്‍ പകര്‍ത്തിയ മുമ്പതോളം മലയാളികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
സാക്സൺ സ്റ്റേറ്റ് ലൈബ്രറിയിൽ സ്ഥിതി ചെയ്യുന്ന ജർമ്മനിയിലെ ഡ്രെസ്ഡനിലുള്ള ഒരു ചിത്ര ലൈബ്രറിയാണ് ഡ്യൂഷെ ഫോട്ടോതെക്ക് (Deutsche Fotothek). ഇവിടെ ഏതാണ്ട് രണ്ട് ദശലക്ഷത്തിലധികം ചിത്രങ്ങൾ സൂക്ഷിക്കുന്നു. ഡ്യൂഷെ ഫോട്ടോതെക്കിന്‍റെ ശേഖരത്തില്‍ നിന്നാണ് ഈ അത്യപൂര്‍വ്വ ചിത്രങ്ങള്‍ കണ്ടെത്തിയത്.
ഇന്‍സ്റ്റാഗ്രമിലെ ബ്രൌൺ ഹിസ്റ്ററി എന്ന പേജാണ് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 1920 കളില്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് ജീവിച്ചിരുന്ന മുപ്പതോളം പുരുഷന്മാരും സ്ത്രീകളുമടങ്ങിയ മലയാളികളുടെ ചിത്രങ്ങളാണ് എഗോൺ പകര്‍ത്തിയത്. തന്‍റെ സ്വന്തം നരവംശ സിദ്ധാന്തത്തിലൂന്നിയുള്ള പഠനത്തിനായി ലോകം മുഴുവനും അദ്ദേഹം സഞ്ചരിച്ചിരുന്നു.
അതിന്‍റെ ഭാഗമായാണ് എഗോണ്‍ കേരളത്തിലുമെത്തിയത്. ഇന്തോ-യൂറോപ്യൻ പൈതൃകമുള്ള ആളുകളെ ഒരു വംശീയ ഗ്രൂപ്പായി വിശേഷിപ്പിക്കുന്നതിനായി 19-ആം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ഉയർന്നുവന്ന ചരിത്രപരമായ ഒരു വംശ സങ്കൽപ്പമാണ് ആര്യൻ വംശം. പിന്നീട് നിഷ്ക്കരുണം തള്ളിക്കളയപ്പെട്ട ഈ വംശീയ സിദ്ധാന്തത്തിന്‍റെ വക്താവായിരുന്നു ഏഗോണും.
നാസി പാര്‍ട്ടി അധികാരത്തിലേറും മുമ്പ് പാര്‍ട്ടി അംഗമായ ആദ്യ വംശീയ സൈദ്ധാന്തികമായ ഹാൻസ് ഫ്രെഡറിക് കാൾ ഗുന്തർ ( Hans Friedrich Karl Günther 1891 – 1968) ന്‍റെ അടുത്ത സുഹൃത്തും അനുയായിയുമായിരുന്നു എഗോണ്‍. എഗോണിന്‍റെ ലക്ഷ്യം എന്തായിരുന്നാലും ഇന്ന് ലഭ്യമായ ഈ ഫോട്ടോഗ്രാഫുകള്‍ മലയാളിയുടെ പ്രത്യേകിച്ചും മലബാര്‍ മലയാളിയുടെ കണ്ണികളിലെ മുന്‍ തുടര്‍ച്ചയാണെന്നതില്‍ സംശയമില്ല.
നൂറ് വര്‍ഷം മുമ്പത്തെ മലയാളിയുടെ രൂപസൌകുമാര്യം എഗോണിന്‍റെ ചിത്രങ്ങളില്‍ വ്യക്തമാണ്. പുറകില്‍ വെളുത്ത തുണി വലിച്ച് കെട്ടി അതിന്‍റെ മുന്നില്‍ മോഡലുകളെ നിര്‍ത്തിയാണ് എഗോണ്‍ പ്രോഫൈല്‍ ചിത്രങ്ങളെടുത്തിരിക്കുന്നത്.
നൂറ് വര്‍ഷം മുമ്പത്തെ മലയാളിയുടെ വസ്ത്ര - ആഭരണങ്ങളും മുടി ഓതുക്കുന്നതിലെ പ്രത്യേകതയും ഈ ചിത്രങ്ങളില്‍ വ്യക്തമാണ്. പുരുഷന്മാര്‍ പലരും അര്‍ദ്ധ നഗ്നരായിരുന്നു. ചിലര്‍ ബനിയന്‍ പോലുള്ള മേല്‍ വസ്ത്രങ്ങള്‍ ധരിച്ചു.
മറ്റ് ചിലര്‍ കഴുത്തില്‍ ഉറുമാല് മാത്രം കെട്ടി. ചിലര്‍ ജുബ്ബയിട്ടപ്പോള്‍ മറ്റൊരാള്‍ ഷര്‍ട്ടും പിന്നെ കോട്ടും കൂടാതെ ഒരു തലയില്‍ കെട്ടും കെട്ടി. മിക്ക പുരുഷന്മാരും കടുക്കനിട്ടപ്പോള്‍ ചിലര്‍ നിറുകന്തലയിലും മറ്റ് ചിലര്‍ വശങ്ങളിലേക്കും കുടുമ കെട്ടി.
മറ്റ് ചിലര്‍ അന്നത്തെ രാഷ്ട്രീയ വിപ്ലവാവേശങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കുടുമവെട്ടിക്കളഞ്ഞ് സാധാരണ പോലെ മുടി വെട്ടി ചീകിയൊതുക്കി. ചിലര്‍ ചീകിയൊതുക്കാതെ അലക്ഷ്യമായി തന്നെ നിര്‍ത്തി.
സ്ത്രീകളുടെ വസ്ത്രത്തിലും ആഭരണത്തിലും പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. ഒന്ന് രണ്ടു പേര്‍ ബൌസും സാരിയിലും ധരിച്ച് ഫോട്ടോയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഒരു സ്ത്രീ പരമ്പരാഗത ആദിവാസി വേഷ-ആഭരണങ്ങളിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ആദിവാസികളുടെ വസ്ത്രധരണത്തിലെത്തിയ സ്ത്രീയുടെ കഴുത്തില്‍ രണ്ട് മാലകള്‍ അതും ലോക്കറ്റോടെയുള്ളത് ഉണ്ടായിരുന്നു. കൂടാതെ അവരുടെ കാതില്‍ നിന്നും തോള്‍ വരെ നീണ്ടുകിടക്കുന്ന മണികള്‍ കോര്‍ത്ത കമ്മലും ശ്രദ്ധേയമാണ്.
എന്നാല്‍ മറ്റ് സ്ത്രീകള്‍ മേല്‍ മുണ്ട് ചുമലില്‍ നിന്ന് ചുമലിലേക്ക് വെറുതെ അലക്ഷ്യമായി വിരിച്ചിട്ടു. അവരുടെ എല്ലാവരുടെയും കാതുകളില്‍ വലിയ തോടകള്‍ തൂങ്ങിക്കിടന്നു. ചിലരുടെത് വലിയ വളയമായിരുന്നെങ്കില്‍ മറ്റ് ചിലരുടെത് അടപ്പുള്ളത് പോലെ തോന്നിക്കുന്ന കമ്മലുകളായിരുന്നു.
എന്നാല്‍ പുരുഷന്‍റെയും സ്ത്രീയുടെയും ശരീരപ്രകൃതികള്‍ ഏതാണ്ടൊന്ന് തന്നെയായിരുന്നു. നീണ്ട് കൂര്‍ത്ത മൂക്ക്. തലയില്‍ നിന്നും അല്‍പം അകന്ന് വിടര്‍ന്ന് നില്‍ക്കുന്ന ചെവി. തീക്ഷണതയുള്ള കണ്ണുകള്‍. താടിയെല്ലിന്‍റെ രൂപം. ശരീരത്തിന്‍റെ പ്രത്യേകത - എന്നീ ശാരീരിക വ്യത്യാസങ്ങളെല്ലാം ഏതാണ്ട് സമാനമായിരുന്നു.
മുടി ചീകുന്നതിലെ പ്രത്യേകതയും വസ്ത്രധാരണത്തിലും ആഭരണത്തിലും ചിലര്‍ പുലര്‍ത്തിയിരുന്ന സാമ്യവും മറ്റ് ചിലരില്‍ നിന്നുള്ള കൃത്യമായ വ്യത്യാസവും സൂചിപ്പിക്കുന്നത് കേരളത്തില്‍ അന്ന് നിലനിന്നിരുന്ന ജാതീയമായ വ്യത്യാസങ്ങളെയായിരുന്നു.
ഓരോ ജാതിക്കും ഓരോ വസ്ത്രധാരണവും ഓരോ ആഭരണങ്ങളുമാണ് അന്നത്തെ 'ജാതി കേരളം' നിഷ്ക്കര്‍ഷിച്ചിരുന്നത്. എന്നാല്‍, യൂറോപ്പില്‍ നിന്നും അക്കാലത്ത് പ്രചാരം നേടിത്തുടങ്ങിയ ക്യാമറ എന്ന ഉപകരണവുമായെത്തിയ സായിപ്പിന് മുന്നില്‍ അവര്‍ നിന്നത് ഭയാശങ്കകളില്ലാതെ തീക്ഷ്ണമായ നോട്ടത്തോടെയായിരുന്നുവെന്നത് ചിത്രങ്ങളിലെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
എഗോൺ ഫ്രീഹെർ വോൺ ഐക്‌സ്റ്റെഡ് എന്ന നാസി നരവംശശാസ്ത്രജ്ഞന്‍റെ ഉദ്ദേശമെന്തായിരുന്നാലും ഇന്ന് ഈ ചിത്രങ്ങള്‍ മലയാളിയുടെ പ്രത്യേകിച്ചും മലബാറുകാരായ മലയാളിയുടെ പൂര്‍വ്വപിതാക്കന്മാരുടെ യാഥാര്‍ത്ഥ മുന്‍കാമിയെയാണ് കാട്ടിത്തരുന്നത്. അതോടൊപ്പം അന്ന് മലയാളി പുലര്‍ത്തിയിരുന്ന ജാതി വേര്‍തിരിവുകളിലേക്കുള്ള ശക്തമായ തെളിവുമാണ് ഈ ചിത്രങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona