- Home
- Magazine
- Web Specials (Magazine)
- Pantanal wildfires : ഈ ദുരന്തം മനുഷ്യരാശിക്കുള്ള സന്ദേശം, കാട്ടുതീയിലില്ലാതെയാവുന്നത് ലക്ഷക്കണക്കിന് ജീവികള്‍
Pantanal wildfires : ഈ ദുരന്തം മനുഷ്യരാശിക്കുള്ള സന്ദേശം, കാട്ടുതീയിലില്ലാതെയാവുന്നത് ലക്ഷക്കണക്കിന് ജീവികള്‍
2020 -ൽ ബ്രസീലി(Brazil)ലെ പാന്റനാൽ(Pantanal) കാട്ടുതീ(wildfires)യില്‍ കൊല്ലപ്പെട്ട മൃഗങ്ങളുടെ എണ്ണമെടുത്തിരിക്കുകയാണ് ബ്രസീലിലെ ശാസ്ത്രജ്ഞര്‍. വലിയ ദുരന്തസൂചനയാണ് ഇത് നൽകുന്നത് എന്നും ശാസ്ത്രജ്ഞർ. ഉരഗങ്ങൾ, പക്ഷികൾ, പ്രൈമേറ്റുകൾ എന്നിവയുൾപ്പെടെ 17 മില്ല്യൺ (1.7 കോടി) ജീവികള്‍ ചത്തതായി അവർ കണക്കാക്കുന്നു. ജനുവരി മുതൽ നവംബർ വരെയുണ്ടായ കാട്ടുതീ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടത്തിന്റെ 30% നശിപ്പിച്ചതായി കണക്കാക്കുന്നു. ഈ നഷ്ടത്തിന്റെ കണക്ക് സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആ വർഷം 22,000 വ്യത്യസ്‌ത തീപിടിത്തങ്ങൾ രേഖപ്പെടുത്തിയതായി WWF-Brazil -ലെ സയൻസ് മേധാവി ഡോ. മരിയാന നപൊളിറ്റാനോ ഫെറേറ വിശദീകരിച്ചു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യം ഈ പുതിയ ഗവേഷണം ഉയർത്തിക്കാട്ടുന്നതായി ഗവേഷകർ പറയുന്നു. പാന്റനാൽ ഉൾപ്പെടെ സെൻട്രൽ ബ്രസീലിൽ വ്യാപകമായി പ്രവർത്തിച്ചിട്ടുള്ള മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. അലക്സ് ലീസിന്റെ അഭിപ്രായത്തിൽ, 'പാന്റനാലില്‍ സ്വാഭാവികമായി കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാൽ, 2020 -ലെ കാട്ടുതീ വലിയ ദുരന്തം ആയിരുന്നു' എന്ന് പറയുന്നു.
"ഈ തീപിടുത്തങ്ങൾ അവയുടെ അളവ് കാരണം അസാധാരണമായിരുന്നു. അക്കാലത്ത് പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന വലിയ വരൾച്ചയുമായി വ്യക്തമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. വർഷം തോറും ഇങ്ങനെ വലിയ അളവിൽ തീകത്തിയാൽ പാന്റനാലിന് ഇതുപോലെ തുടരാനാവില്ല. ജൈവവൈവിധ്യത്തെയും ഇത് ബാധിക്കും" എന്നും ലീസ് പറയുന്നു.
കൊല്ലപ്പെട്ട ജീവികളുടെ ശരീരം എണ്ണിക്കൊണ്ടുള്ള രീതിയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. തീപിടിത്തമുണ്ടായി 48 മണിക്കൂറിനുള്ളിൽ തണ്ണീർത്തടത്തിന്റെ പ്രദേശങ്ങളിൽ എത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. അവർ നിശ്ചിത ഇടവേളകളിൽ അതിലൂടെ നടക്കുകയും അവർ കണ്ടെത്തിയ എല്ലാ ചത്ത മൃഗങ്ങളെയും പരിശോധിക്കുകയും ചെയ്തു. കണ്ടെത്തിയ 300 മൃഗങ്ങളുടെ ഇനത്തെ തിരിച്ചറിയാൻ സംഘത്തിന് കഴിഞ്ഞു. മൊത്തം എത്ര മൃഗങ്ങൾ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്ക് നൽകാൻ അവർ പരിശോധിച്ച സ്ഥലത്ത് നിന്ന് എക്സ്ട്രാപോളേറ്റ് ചെയ്യുകയായിരുന്നു.
ബ്രസീലിയയിലെ എംബ്രാപ പാന്റനാൽ എന്ന ഗവേഷണ സ്ഥാപനത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വാൾഫ്രിഡോ മൊറേസ് തോമസാണ് പഠനത്തിന് നേതൃത്വം നൽകിയത്. ദുരന്തത്തിന്റെ വിശാലവും ഭൂമിശാസ്ത്രപരവുമായ അളവ് കണക്കിലെടുക്കുമ്പോൾ, താനും തന്റെ സംഘവും ഈ സംഖ്യകളിൽ ആശ്ചര്യപ്പെടുന്നില്ല എന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.
ചിലയിനങ്ങള്‍ മറ്റ് ചില ഇനങ്ങളേക്കാള്‍ കൂടുതല്‍ ബാധിക്കപ്പെട്ടത് എങ്ങനെയാണ് എന്നതില്‍ മാത്രമാണ് തനിക്ക് ആശ്ചര്യമെന്നും അദ്ദേഹം പറയുന്നു. പാമ്പുകള്‍ വളരെയധികമെണ്ണം ഇല്ലാതെയായിട്ടുണ്ട്. സാധരണയായി പ്രദേശത്തെ തവളകളെയാണ് അവ വേട്ടയാടുന്നത്. ഇതെല്ലാം പ്രദേശത്തെ ആവാസവ്യവസ്ഥയെ താറുമാറാക്കിയേക്കാം എന്നും അദ്ദേഹം പറയുന്നു.
ബ്രസീൽ, പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന തണ്ണീർത്തടങ്ങൾ ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ്. 140,000-160,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ജാഗ്വർ, ആന്റീറ്റർ, ദേശാടന പക്ഷികൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് ജീവിവർഗങ്ങൾ ഇവിടെ വസിക്കുന്നു.
ഫീൽഡ് ഗവേഷണം ഇപ്പോഴും തുടരുകയാണെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ബ്രസീലിന്റെ ഡോ ഫെരേര വിശദീകരിച്ചു. “ഉടൻ ഉണ്ടായ ആഘാതം വളരെ ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ തീപിടുത്തത്തിന് ശേഷം ആഴ്‌ചകളും മാസങ്ങളും വർഷങ്ങളും കൊണ്ട് ആവാസവ്യവസ്ഥ എങ്ങനെ വീണ്ടെടുക്കാമെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്” അവർ ബിബിസി ന്യൂസിനോട് പറഞ്ഞു.
മനുഷ്യ-പ്രേരിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ദൃശ്യമായ അനന്തരഫലങ്ങളിൽ ഒന്നാണ് കാട്ടുതീയുടെ ഈ വര്‍ധനവ് എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. എന്നാൽ, പഠനത്തിന്‍റെ കണ്ടെത്തല്‍ പാരിസ്ഥിതിക ദുരന്തങ്ങളുടെ തോത് കുറക്കാനും പരിഹരിക്കാനുമുള്ള എന്തെങ്കിവും വഴിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രദേശത്ത് ഇത്തരം ദുരന്തങ്ങളുണ്ടാവാതിരിക്കാനും മുന്‍കരുതലുകളെടുക്കാനുമുള്ള പദ്ധതിയുണ്ടാക്കുന്നതിലേക്ക് ഇത് നയിക്കപ്പെടുമെന്നും വിശ്വസിക്കുന്നു.
ഈ പഠനത്തിലെ എസ്റ്റിമേറ്റിന്റെ കൃത്യതയെക്കുറിച്ച് മറ്റ് ശാസ്ത്രജ്ഞർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ടീം കണക്കാക്കിയ ഏതാനും നൂറ് ശരീരങ്ങളിൽ നിന്ന് കൊല്ലപ്പെട്ട മൃഗങ്ങളുടെ ആകെ എണ്ണത്തിലേക്ക് എക്സ്ട്രാപോളേറ്റ് ചെയ്യുന്നതിൽ പിശക് സംഭവിക്കുന്നതിന് വലിയ സാധ്യതയുണ്ട് എന്നും അവര്‍ പറയുന്നു. എന്നാല്‍, അവിടെ നിരവധിക്കണക്കിന് ജീവജാലങ്ങളുണ്ട് എന്നും അതിനാല്‍ കണക്കുകളിത്രയും അധികം തന്നെയാവാനാണ് സാധ്യത എന്നും ലീസ് പറയുന്നു.
പാന്റനാലിലെ ദുരന്തത്തെ 'മനുഷ്യരാശിക്കുള്ള ഒരു സന്ദേശം' എന്നാണ് ഡോക്ടർ ഫെരേര വിശേഷിപ്പിച്ചത്. “പ്രകൃതി കഷ്ടപ്പെടുകയാണെന്ന് ഇത് കാണിക്കുന്നു. നാം മനുഷ്യരും കഷ്ടപ്പെടുകയാണ്. ശുദ്ധജലത്തിന്റെ അഭാവവും ഭക്ഷണത്തിന്റെ അഭാവവുമുണ്ട് നമുക്ക്” അവർ പറഞ്ഞു. "ഭാവി തലമുറകൾ ഈ ലോകത്ത് ജീവിക്കണമെങ്കിൽ നമ്മൾ പ്രകൃതിയുമായി ഇടപഴകുന്ന രീതി മാറ്റേണ്ടതുണ്ട്" എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.