Collarwali: അമ്മക്കടുവയ്ക്ക് വിട നല്‍കി പെഞ്ച് ടൈഗർ റിസർവ്
മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിലെ ( Pench Tiger Reserve) മാതരം എന്ന 'കോളർവാലി' (Collarwali) അമ്മക്കടുവയ്ക്ക് അന്ത്യാജ്ഞലി നേര്‍ന്ന് വനം വകുപ്പും നാട്ടുകാരും. 16 വയസ്സുള്ള മാതരം പ്രായാധിക്യം മൂലമാണ് മരിച്ചത്. 16 വയസ്സിനിടെ 29 കുഞ്ഞുങ്ങള്‍ക്കാണ് മാതരം ജന്മം നല്‍കിയത്. പെഞ്ച് ടൈഗർ റിസർവിലെ ഏറ്റവും ആദരണീയ ആയ ആ അമ്മക്കടുവയ്ക്ക് ആദരമര്‍പ്പിക്കാന്‍ നിരവധി നാട്ടുകാരുമെത്തിയിരുന്നു. 'കോളർവാലി' എന്ന് വിളിപ്പേരെങ്കിലും ഔദ്ധ്യോഗികമായി അവള്‍ ടി 15 എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പ്രദേശവാസികള്‍ക്ക് അവള്‍ 'മാതര'മായിരുന്നു. അമ്മ കടുവയുടെ സംസ്‌കാര ചടങ്ങുകൾ മധ്യപ്രദേശ് വനംവകുപ്പിന് കീഴിലുള്ള പെഞ്ച് ടൈഗർ റിസർവിന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചു.
A tribute to legendary royal tigress ‘collarwali’. @minforestmp @ntca_india @KrVijayShah @ChouhanShivraj @mpforestdept RIP 🙏🏻 pic.twitter.com/sVJAjqUkEZ
— Pench Tiger Reserve (@PenchMP) January 18, 2022
ജില്ലാ, വനംവകുപ്പ് ഉദ്യോഗസ്ഥരും കടുവയുടെ അന്തിമ ചടങ്ങുകളിൽ പങ്കെടുത്തു. അമ്മ കടുവയുടെ സംസ്‌കാര ചടങ്ങുകളുടെ ചിത്രങ്ങളില്‍ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിച്ചത്. "പെഞ്ചിന്‍റെ കോളർവാലി കടുവയുടെ അന്ത്യാഞ്ജലികൾ. ഇന്ത്യയല്ലാതെ മറ്റെവിടെയാണ് നിങ്ങൾക്ക് ഇത്തരമൊരു കാഴ്ച ലഭിക്കുക," ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. "RIP,പെഞ്ച് രാജ്ഞി. നിങ്ങൾ വളരെക്കാലം ഗംഭീരമായി ജീവിച്ചു. നിങ്ങൾ ഭക്ഷണ ശൃംഖലയെ ഭരിച്ചു, നിങ്ങൾ കാരണം വനം ജീവിച്ചിരുന്നു," മറ്റൊരു ട്വിറ്റർ ഉപയോക്താവ് എഴുതി.
വളരെ പ്രശസ്തയായ കോളര്‍വാലിയുടെ വിയോഗത്തില്‍ നിരവധിപ്പേരാണ് വേദന അറിയിച്ചത്. 16 വയസുള്ള കോളര്‍വാലിയെ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവികമായ മരണമാണ് എന്നും പിടിആര്‍ അധികൃതര്‍ പറഞ്ഞു. ജനുവരി 14 -നാണ് ഔദ്യോഗികമായി ടി -15 എന്ന് പേരിട്ടിരിക്കുന്ന അമ്മ കടുവയെ അവസാനമായി കണ്ടെത്തിയത്.
പ്രായാധിക്യം മൂലം ഏറെ അവശനിലയിലായിരുന്നു അന്നവള്‍. ഒരു കടുവയുടെ ശരാശരി പ്രായം 12 വരെയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. മാതരത്തിന് മരിക്കുമ്പോള്‍ 16 വയസ്സായിരുന്നു പ്രായം. കോളര്‍വാലി 2005 സെപ്റ്റംബറിൽ അന്നത്തെ പ്രശസ്ത കടുവയായിരുന്ന ടി -7 യുടെ നാല് കുട്ടികളിൽ ഒന്നായി ജനിച്ചു. 2008 മാർച്ചിലാണ് മാതരത്തിന് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ചത്.
2008 മെയ് മാസത്തിൽ കോളർവാലി ആദ്യമായി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അവയൊന്നും അധികകാരം ജീവിച്ചില്ല. 2010 ഒക്ടോബർ 23 -ന് അവള്‍ അഞ്ച് കുഞ്ഞുങ്ങൾക്ക് (നാല് പെണ്ണും ഒരു ആണും) ജന്മം നൽകി. ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികളെന്നത് കടുവകളെ സംമ്പന്ധിച്ച് അപൂർവ സംഭവമാണെന്ന് വനംവകുപ്പ് അവകാശപ്പെട്ടു.
ആദ്യത്തെ റേഡിയോ കോളറിന്‍റെ പ്രവർത്തനം നിലച്ചതിന് ശേഷം, 2010 ജനുവരിയിൽ അവൾക്ക് വീണ്ടും റേഡിയോ കോളർ ഘടിപ്പിച്ചു. അങ്ങനെ മാതരം പിന്നീട് "കോളർവാലി" എന്ന പേരിൽ പ്രശസ്തയായി. അവസാനമായി, 2018 ഡിസംബറിലാണ് കടുവ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇതോടെ അവളുടെ കുഞ്ഞുങ്ങളുടെ എണ്ണം 29 ആയി. ഇത് ലോക റെക്കോർഡാണ്. അതില്‍, 25 എണ്ണവും അതിജീവിച്ചു. പിടിആറിലെ കടുവകളുടെ എണ്ണം ഉയര്‍ത്തിയതില്‍ കോളര്‍വാലിയുടെ വലിയ ഏറെ വലുതാണ്.
2008 -നും 2018 -നും ഇടയിൽ 11 വർഷത്തിനിടെ 29 കുഞ്ഞുങ്ങളുടെ അമ്മയായതോടെ കോളര്‍വാലി 'പെഞ്ച് രാജ്ഞി' എന്ന നിലയിലും പ്രശസ്തമായി. അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട കടുവ കൂടിയായിരുന്നു കോളര്‍വാലി. ലോകത്തിലെ തന്നെ പ്രകൃതിദത്ത സാഹചര്യങ്ങളില്‍ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ട കടുവ കൂടിയാവും കോളര്‍വാലി.
പെഞ്ചിലെത്തുന്ന സന്ദര്‍ശകര്‍ കോളര്‍വാലിയെ കാണാതെ പോകാറില്ലെന്നത് തന്നെ കാരണം. മനുഷ്യനുമായി കോളര്‍വാലിക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ല. നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലൂടെ അമ്മക്കടുവയുടെ വിയോഗത്തിലുള്ള വേദന പങ്കുവച്ചത്. സൂപ്പര്‍ അമ്മയ്ക്ക് സല്യൂട്ട് എന്ന് പലരും കുറിച്ചു. അമ്മക്കടുവയുടെ ജഡം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സംസ്‌കരിച്ചത്. സംസ്കാര ചടങ്ങുകള്‍ക്ക് പ്രദേശവാസികളും സന്നിഹിതരായിരുന്നു. കടുവയുടെ ആന്തരാവയവങ്ങൾ പരിശോധനയ്‌ക്കായി ലബോറട്ടറികളിലേക്ക് അയച്ചു. 2018 ലെ കണക്കനുസരിച്ച് മധ്യപ്രദേശ് കടുവകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ്. ഇന്ന് 526 കടുവകളാണ് മധ്യപ്രദേശ് വനങ്ങളില്‍ സൈര്യവിഹാരം നടത്തുന്നത്.