World War I : സഞ്ചാരികളെ കാത്ത് ആല്‍പ്സ് പര്‍വ്വതത്തിന് മുകളില്‍ ഒന്നാം ലോക മഹായുദ്ധ കാലത്തെ അഭയകേന്ദ്രം
ചില കാര്യങ്ങളില്‍ ലോകത്തിന് ഇന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് യുദ്ധം, പലായനം, അഭയാര്‍ത്ഥികള്‍ എന്നീ കാര്യങ്ങള്‍ ഏറിയും കുറഞ്ഞും ഇന്നും ലോകത്തിന്‍റെ പല ഭാഗത്തും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം ചിലപ്പോഴൊക്കെ പഴയ ചില യുദ്ധകാര്യങ്ങള്‍ കഥകളായും ചിത്രങ്ങളായും ഇപ്പോഴും പൊതുധാരയിലേക്ക് ഉയര്‍ന്നു വരുന്നു. അത്തരത്തിലൊരു പഴയ യുദ്ധകാല ചരിത്രത്തിലൊന്നിനെ കുറിച്ചാണിത്. ഏതാണ്ട് നാല് വര്‍ഷത്തോളും നീണ്ട് നിന്ന ഒന്നാം ലോകമഹായുദ്ധം (World war 1). അക്കാലത്തെ ഇറ്റാലിയന്‍ സൈന്യത്തിന്‍റെ ഒരു രഹസ്യകേന്ദ്രത്തെ കുറിച്ചാണിത്.
തികച്ചും അസംഭവ്യമായ സ്ഥലത്താണ് ഇറ്റാലിയന്‍ സൈന്യം അഭയകേന്ദ്രം സ്ഥാപിച്ചത്. അവിടെ എത്തിചേരാന്‍ തന്നെ അസാമാധ്യമായ ധൈര്യം ആവശ്യമാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഇറ്റാലിയന്‍ സൈനീകര്‍ ഉപേക്ഷിച്ച രക്ഷാകേന്ദ്രം. എവിടെയാണന്നല്ലേ ? അങ്ങ് അമ്പെസോ ഡോലോമൈറ്റിന്‍റെ (Ampezzo Dolomites) നാച്ചുറൽ പാർക്കിലെ മോണ്ടെ ക്രിസ്റ്റല്ലോ മാസിഫിലെ (Monte Cristallo) ലംബമായ പാറിയിലാണ് ഈ രഹസ്യ അഭയ കേന്ദ്രം.
ഇന്ന് ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും പ്രിയപ്പെട്ട സ്ഥലമാണ് മോണ്ടെ ക്രിസ്റ്റല്ലോ മാസിഫിലെ ഈ ഇറ്റാലിയന്‍ അഭയകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 2,700 മീറ്ററിലധികം (8,858 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അഭയകേന്ദ്രത്തില്‍ പക്ഷേ അത്രപെട്ടെന്നൊന്നും എത്തിചേരാന്‍ കഴിയില്ല.
വെല്ലുവിളി നിറഞ്ഞ പാറക്കെട്ടുകളിലൂടെ ദീര്‍ഘനേരം നടന്നാല്‍ മാത്രമേ ഇവിടേയ്ക്ക് എത്തിചേരാന്‍ പറ്റൂ. ഒരു ചരിഞ്ഞ മേൽക്കൂര, രണ്ട് വാതിലുകളും നാല് ജനാലകളും തടിയിൽ ഫ്രെയിം ചെയ്തിരിക്കുന്നു. ചില ജനാലകൾ അടഞ്ഞ നിലയിലാണ്. ഒറ്റനോട്ടത്തിൽ, ഈ കെട്ടിടത്തിന്‍റെ വാതിൽക്കൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് താഴെയുള്ള താഴ്‌വരയിലേക്ക് നേരെ പതിക്കുന്നതായി തോന്നാം.
ഒന്നാം ലോകമഹായുദ്ധകാലത്ത് 'ദി വൈറ്റ് വാർ' (The White War) എന്നറിയപ്പെടുന്ന ഈ അഭയകേന്ദ്രം ഇറ്റാലിയൻ പട്ടാളക്കാർ നിർമ്മിച്ചതാണെന്ന് കരുതുന്നു. ശീതീകരണ സാഹചര്യങ്ങളെ സൈനികർ ഇവിടെ അഭിമുഖീകരിച്ചിരിക്കണം. 1915 മെയ് 23-നാണ് ഇറ്റലി, ഓസ്ട്രിയ-ഹംഗറിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
ഇറ്റലിയും ഓസ്‌ട്രോ-ഹംഗേറിയൻ സേനയും തമ്മിൽ ഇന്ന് ദേശീയയോദ്യാനമായ അമ്പെസോ ഡോലോമൈറ്റിയില്‍ വച്ച് അന്ന് കരുണയില്ലാത്ത യുദ്ധം നടന്നു. പട്ടാളക്കാരും ഒരു കൂട്ടം മൃഗങ്ങളും പീരങ്കികളും യുദ്ധോപകരണങ്ങളും അങ്ങനെ യുദ്ധമുഖത്തെ ഏല്ലാ ആയുധങ്ങളും അതിവന്യമായ ഈ ഭൂപ്രകൃതിയില്‍ ഉടനീളം വിന്യസിക്കപ്പെട്ടു. മേഖലയില്‍ നിരവധി തുരങ്കങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.
ശത്രുവിനെ വകവരുത്താനായി ഇരുപക്ഷവും നിരവധി കൃത്രിമ ഹിമപാതങ്ങള്‍ സൃഷ്ടിച്ചു. ഈ ദാരുണമായ യുദ്ധത്തിനിടെയാകാം സൈനീകര്‍ ഈ അഭയകേന്ദ്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇവിടെയ്ക്ക് എത്തിപ്പെടുന്നതിനായി അവര്‍ റോപ്പ് വേയും മരഗോവണികളും ഉപയോഗിച്ചു. യുദ്ധമുഖത്ത് നേരിട്ട് നില്‍ക്കാതെ യുദ്ധം വീക്ഷിക്കാന്‍ പറ്റിയൊരു സ്ഥലമായി സൈനീകര്‍ ഇതിനെ ഉപയോഗിച്ചിരിക്കാമെന്ന് കരുതുന്നു.
ഇന്ന് ഈ അഭയകേന്ദ്രത്തിലെത്തുന്നതിനായി യാത്രക്കാരെ സഹായിക്കുന്നതിന് പ്രത്യേക വഴികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇരുമ്പ് ഗോവണികളും റോപ്പുകളും മറ്റും ഈ വഴിയില്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. പർവതത്തിന്‍റെ കൂടുതൽ കഠിനമായ ഭാഗങ്ങളില്‍ സുരക്ഷിതമായി സഞ്ചരിക്കാൻ മലകയറ്റക്കാരെ സഹായിക്കുന്നതിന് പാറയിൽ നിർമ്മിച്ച ഈ ഉരുക്ക് ഗോവണികളും ഓടുകളും കേബിളുകളും ഉൾപ്പെടുന്ന ഒരു റൂട്ടിനെ ഇന്ന് 'വിയ ഫെറാറ്റ' ( Via Ferrata) അഥവാ 'ഇരുമ്പ് പാത' (iron path) എന്ന് വളിക്കുന്നു.
ആമ്പെസോ, ബോയിറ്റ് നദിയില്‍ ഒരു സ്കീ റിസോർട്ടും ചെറിയൊരു പട്ടണവും ഉണ്ട്. ഇവിടെ നിന്നാണ് ഈ ഇരുമ്പ് പാത ആരംഭിക്കുന്നത്. 'മഹായുദ്ധം അവശേഷിപ്പിച്ച അടയാളങ്ങൾ മോണ്ടെ ക്രിസ്റ്റല്ലോയില്‍ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നു. മാത്രമല്ല മല കയറ്റത്തിന് അത്യാവശ്യം ഫിറ്റനസ് ആവശ്യമാണെന്നും കോർട്ടിന ഡോലോമിറ്റി എന്ന തദ്ദേശവാസി പറയുന്നു.
ഇരുമ്പ് പാത വഴി യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ പറഞ്ഞത് 'പാറ ഭിത്തിയിൽ കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങളുള്ള ചില ആകർഷണീയമായ കാഴ്ചകൾക്കും അതിശയകരമായ ചരിത്രവും കാണാന്‍ ഏകദേശം ആറ് മുതൽ എട്ട് മണിക്കൂർ വരെ എടുക്കും.' മെന്നാണ്. മറ്റൊരു വഴിയായ ഫെറാറ്റ വഴി പോകുമ്പോള്‍ മലകയറ്റക്കാർ 27 മീറ്റർ (89 അടി) നീളമുള്ള പോണ്ടെ ക്രിസ്റ്റല്ലോ തൂക്കുപാലം കടക്കേണ്ടിവരുന്നു.
1993-ൽ പുറത്തിറങ്ങിയ ക്ലിഫ് ഹാംഗർ എന്ന ആക്ഷൻ സിനിമയിൽ ബോംബ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട് സിൽവസ്റ്റർ സ്റ്റാലോൺ ഇതേ പാലത്തിലൂടെയാണ് ഓടി രക്ഷപ്പെടുന്നത്. ഈ പാലം ലോറെൻസി മൗണ്ടൻ ഹട്ടിലേക്കാണ് (Guido Lorenzi mountain hut). ഒരു പർവത ചുരത്തിന് മുകളിലാണ് ഈ താമസസ്ഥലം. ഈ വഴികളിലെല്ലാം തന്നെ നിരവധി യുദ്ധ അഭയകേന്ദ്രങ്ങളുണ്ട്.
2009-ൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി ഡോളോമൈറ്റ്‌സ് പ്രഖ്യാപിക്കപ്പെട്ടു. അടുത്തകാലത്തായി ഡോളോമൈറ്റ്‌സിലെ ഹിമാനികളും മഞ്ഞുപാളികളും ഉരുകിയതോടെ, അടുത്തുള്ള ഓർട്‌ലെസ്-സെവെഡേൽ ആൽപ്‌സ്, അഡമെല്ലോ-പ്രെസനെല്ല ആൽപ്‌സ്, വൈറ്റ് വാർ അവശിഷ്ടങ്ങൾ എന്നിവ കൂടുതല്‍ വ്യക്തമായി ദൂരെ നിന്നേ കാണാം.
ഈ വര്‍ഷം ആദ്യം ലോംബാർഡിയിലെ സ്കോർലുസോ പർവതത്തിലെ മഞ്ഞ് പാളികള്‍ ഉരുകിയപ്പോള്‍ ഒന്നാം ലോകമഹായുദ്ധത്തിൽ നഷ്ടപ്പെട്ട ഒരു പർവത ക്യാമ്പ് കണ്ടെത്തി. അവിടെ ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനീകര്‍ ഉപയോഗിച്ച വസ്ത്രങ്ങൾ, പോസ്റ്റ്കാർഡുകൾ, ടിന്നിലടച്ച ഭക്ഷണം എന്നിവ കണ്ടെത്തി.
1918 നവംബർ 4 ന് അവസാനിച്ച യുദ്ധം അതിനിടെ 6,00,000 ഇറ്റലിക്കാരുടെയും 4,00,000 ഓസ്ട്രോ-ഹംഗേറിയരുടെയും ജീവൻ നഷ്ടപ്പെടുത്തി കഴിഞ്ഞിരുന്നു. ഇന്ന് ചരിത്രവശിഷ്ടമായ ആ യുദ്ധ പ്രദേശം സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മഞ്ഞ് ഉരുകിയതോടെ.
ഇന്ന് ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന അമ്പെസോ ഡോലോമൈറ്റിന്‍, വടക്കൻ ഇറ്റലിയിലെ വെനെറ്റോ മേഖലയിലെ തെക്കൻ (ഡോളോമിറ്റിക്) ആൽപ്‌സിന്‍റെ ഹൃദയഭാഗത്തുള്ള ഒരു പട്ടണവും കമ്യൂണുമാണ്. ബോയിറ്റ് നദിയിൽ, ആൽപൈൻ താഴ്‌വരയിലുള്ള ഈ പ്രദേശത്ത് സ്കീയിംഗ് പാതകൾ, സൈക്കിള്‍ പാതകള്‍, മറ്റ് പ്രകൃതിദൃശ്യങ്ങൾ, താമസസൗകര്യങ്ങൾ, കടകൾ, ആപ്രെസ്-സ്കീ രംഗം എന്നിവയ്ക്കും ഇറ്റാലിയൻ പ്രഭുക്കന്മാരുടെ കൂട്ടത്തിനും പേരുകേട്ട ഒരു വേനൽക്കാല-ശീതകാല കായിക വിനോദ കേന്ദ്രമാണിത്.
1915 സെപ്റ്റംബർ 26 , അതായത് ഒന്നാം ലോകമഹായുദ്ധ കാലത്ത് പകര്‍ത്തിയ ചിത്രം. പശ്ചാത്തലത്തിൽ മൗണ്ട് ക്രിസ്റ്റൽ (ക്രിസ്റ്റല്ലോ) ഉള്ള ടോഫേനിന്‍റെ താഴ്‌വരയിൽ നിന്നുള്ള കോർട്ടിന ഡി ആംപെസ്സോയുടെ കാഴ്ച. ആൽഡോ മൊളിനാരിയാണ് ഫോട്ടോഗ്രാഫര്‍. ചിത്രത്തില്‍ പര്‍വ്വതത്തിലേക്ക് നോക്കുന്ന സൈനീകരെ കാണാം.
1889 ല്‍ ആന്‍റൺ ഗ്രാറ്റിൽ / ഇൻസ്ബ്രൂക്ക് എന്നിവര്‍ പകര്‍ത്തിയ ചിത്രം. ഇറ്റലിയിലെ ഡോളോമൈറ്റ് പര്‍വ്വതനിരയെ പകര്‍ത്തിയിരിക്കുന്നു.