ഇരയും പീഡകനും? നിരപരാധികളായ ജനങ്ങളെ കൊന്നശേഷം ചുട്ടുതിന്നാൻവരെ പറഞ്ഞു; ആരാണ് ഡൊമിനിക് ഓങ്‌വെൻ?

First Published Feb 5, 2021, 2:25 PM IST

1980 -കളുടെ അവസാനം മുതൽ ഉഗാണ്ടയിലെയും സമീപ രാജ്യങ്ങളിലെയും സർക്കാരിനും ജനങ്ങൾക്കുമെതിരെ ശക്തമായ യുദ്ധം നടത്തിയ തീവ്രവാദ ഗ്രൂപ്പാണ് ലോർഡ്‌സ് റെസിസ്റ്റൻസ് ആർമി (എൽ‌ആർ‌എ). ജോസഫ് കോണിയായിരുന്നു എൽ‌ആർ‌എ സ്ഥാപിച്ചത്. ദൈവത്തിന്റെ പ്രതിപുരുഷനാണ് താൻ എന്നാണ് കോണി അവകാശപ്പെട്ടിരുന്നത്. ബൈബിളിലെ പത്ത് കൽപ്പനകളെ അടിസ്ഥാനമാക്കി ഒരു പുതിയ ഗവൺമെന്റ് സ്ഥാപിക്കുക എന്നതൊഴിച്ചാൽ, മിക്ക ആന്റിസ്റ്റേറ്റ് തീവ്രവാദികളിൽ നിന്നും വ്യത്യസ്തമായി, എൽ‌ആർ‌എയ്ക്ക് ദേശീയ കാഴ്ചപ്പാടോ ഏകീകൃത സാമൂഹിക ലക്ഷ്യമോ ഒന്നുമില്ല. മറ്റ് മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളായ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കും വ്യാപിച്ച അക്രമ പ്രചാരണത്തിൽ എൽ‌ആർ‌എ ഒരുലക്ഷത്തിലധികം ആളുകളെ കൊന്ന് 60,000 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ഐക്യരാഷ്ട്രസഭ പറയുന്നു. ചരിത്രത്തിലുടനീളം, കൂട്ടക്കൊലകൾ, പീഡനം, ബലാത്സംഗം, കൊള്ള, നിർബന്ധിത വേലചെയ്യിക്കൽ എന്നിവ ഉൾപ്പെടെ നിരവധി അതിക്രമങ്ങൾക്ക് എൽ‌ആർ‌എ ഉത്തരവാദിയാണ്. കുട്ടികൾക്കെതിരായ എൽ‌ആർ‌എയുടെ ക്രൂരത പ്രത്യേകിച്ച് ഭയാനകമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുക, തട്ടിക്കൊണ്ടു പോയ കുട്ടികളെ നിർബന്ധിതമായി പരിശീലിപ്പിക്കുക, അക്രമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക, പെൺകുട്ടികളാണെങ്കിൽ ലൈംഗിക അടിമകളായി ഉപയോഗിക്കുക എന്നിവയാണ് അവരുടെ പ്രവർത്തനങ്ങൾ. അങ്ങനെ തട്ടിക്കൊണ്ടു പോയി, പിന്നീട് വിമത ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയ ഒരാളാണ് ഡൊമിനിക് ഓങ്‌വെൻ. ഒരേസമയം ഇരയും, കുറ്റവാളിയുമാണയാൾ. ആരാണ് ഡൊമിനിക് ഓങ്‌വെൻ? എന്തൊക്കെയാണ് അയാൾ ചെയ്ത കുറ്റങ്ങൾ?