- Home
- Yatra
- പാളത്തിലൂടെ 'പറക്കുന്ന' ട്രെയിൻ! വന്ദേ ഭാരതിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത 12 കാര്യങ്ങൾ
പാളത്തിലൂടെ 'പറക്കുന്ന' ട്രെയിൻ! വന്ദേ ഭാരതിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത 12 കാര്യങ്ങൾ
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ പ്രീമിയം സെമി-ഹൈ-സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും വേഗതയും ഉറപ്പുനൽകുന്ന ഈ ട്രെയിനുകൾക്ക് രാജ്യത്താകമാനം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പ്രീമിയം സീറ്റുകൾ
വന്ദേ ഭാരത് ട്രെയിനുകളിലെ എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകൾ 180 ഡിഗ്രി തിരിയും. ഇതുവഴി നിങ്ങൾക്ക് മുഖാമുഖം ഇരിക്കാനോ നിങ്ങളുടെ ഗ്രൂപ്പുമായി സംസാരിക്കാനോ കഴിയും. പ്ലഷ് കുഷ്യനിംഗ്, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലാമ്പുകൾ എന്നിവയുമുണ്ട്. ഇവ ദീർഘദൂര യാത്രകളിൽ ഒരു പ്രീമിയം അനുഭവം ഉറപ്പാക്കുന്നു.
ലൈറ്റുകൾ മുതൽ വൈഫൈ വരെ
എല്ലാ കോച്ചുകളിലും ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകൾ, ഓൺബോർഡ് വൈഫൈ, ലൈവ് അപ്‌ഡേറ്റുകൾ കാണിക്കുന്ന ജിപിഎസ് അധിഷ്ഠിത ഡിസ്‌പ്ലേ ബോർഡുകൾ എന്നിവയുണ്ട്. പകൽ മുഴുവൻ ഇവയുടെ ലൈറ്റിംഗ് ക്രമീകരിക്കും. രാവിലെ നല്ല തെളിച്ചമുള്ളതും രാത്രിയിൽ മൃദുവായ ലൈറ്റിംഗുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
വൃത്തിയുള്ള, ദുർഗന്ധമില്ലാത്ത ടോയ്‌ലറ്റുകൾ
ഇന്ത്യൻ റെയിൽവേ എല്ലാക്കാലത്തും വിമര്‍ശനം നേരിട്ടിരുന്ന ഒരു മേഖലയായിരുന്നു ട്രെയിനിലെ ടോയ്ലെറ്റുകൾ. എന്നാൽ, വന്ദേ ഭാരതിലെ ബയോ-വാക്വം ടോയ്‌ലറ്റുകൾ വിമര്‍ശനങ്ങളെ തുടച്ചുനീക്കിയെന്ന് തന്നെ പറയാം. കുറച്ച് വെള്ളം മാത്രം ഉപയോഗിക്കുന്ന, നിശബ്ദമായി ഫ്ലഷ് ചെയ്യുന്ന, ദീർഘദൂര റൂട്ടുകളിൽ പോലും അത്ഭുതകരമാംവിധം വൃത്തിയായി തുടരുന്ന ടോയ്ലെറ്റുകളാണ് വന്ദേ ഭാരതിലുള്ളത്.
നിശബ്ദമായ യാത്ര
പൂർണ്ണമായും സീൽ ചെയ്ത കോച്ചുകളാണ് വന്ദേ ഭാരതിലുള്ളത്. സൗണ്ട് പ്രൂഫ്, ട്രാക്കിലെ ശബ്‌ദം പ്രതിരോധിക്കുന്ന ഓട്ടോമാറ്റിക് പ്ലഗ് വാതിലുകൾ എന്നിവ കോച്ചുകളെ നിശബ്ദമായി നിലനിര്‍ത്താൻ സഹായിക്കുന്നു. ഉയർന്ന വേഗതയിൽ പോലും വൈബ്രേഷൻ വളരെ കുറവാണ് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇവയെല്ലാം തന്നെ യാത്രാ സുഖം മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ ഉറക്കം തടസപ്പെടുത്താതിരിക്കാനും സഹായിക്കുന്നു.
കൊടുംവേനലിലും 'കൂളായി' യാത്ര ചെയ്യാം
വന്ദേ ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കൺട്രോൾ സംവിധാനം ഉണ്ട്. യാത്രക്കാരുടെ എണ്ണത്തെയും പുറത്തെ കാലാവസ്ഥയെയും അടിസ്ഥാനമാക്കി ഇവ താപനില ക്രമീകരിക്കുന്നു. എത്ര കൊടുംവേനലിലും യാത്രയുടെ തുടക്കം മുതൽ അവസാനം വരെ താപനില പൂർണ്ണമായും സ്ഥിരമായി നിലനിർത്താൻ എയർ കണ്ടീഷനിംഗ് സഹായിക്കുമെന്നതാണ് പ്രധാന സവിശേഷത.
അമ്പരപ്പിക്കുന്ന രുചികൾ
ചൂടുള്ള ഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ കൃത്യസമയത്ത് വിളമ്പുന്നു എന്നതാണ് വന്ദേ ഭാരതിനെ വ്യത്യസ്തമാക്കുന്നത്. വൃത്തിയായി പാക്ക് ചെയ്താണ് ഇവ യാത്രക്കാരുടെ മുന്നിലേയ്ക്ക് എത്തുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഒരു ഗ്രൂപ്പ് ആളുകളാണ് ഇത് കൈകാര്യം ചെയ്യുന്നത്. വിമാന സർവീസിനോട് സാമ്യമുള്ളതായി തോന്നുന്ന തരത്തിലാണ് അവതരണം.
'പറക്കും' ട്രെയിൻ
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് കഴിയും. ഓരോ സ്റ്റോപ്പിനുശേഷവും വളരെ പെട്ടെന്ന് വേഗത കൈവരിക്കാൻ ഇവയ്ക്ക് സാധിക്കും. എത്ര വലിയ വേഗതയിലും സ്ഥിരത നിലനിര്‍ത്തുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. സുഗമമായ ചലനവും കൃത്യനിഷ്ഠയും ഇതിനെ ബിസിനസ്, വിനോദ യാത്രക്കാർ ഒരുപോലെ ഇഷ്ടപ്പെടുന്ന സര്‍വീസാക്കി മാറ്റിയിരിക്കുന്നു.
മുന്നിൽ എഞ്ചിനില്ല!
വന്ദേ ഭാരത് ട്രെയിനുകൾ ഒരു പ്രത്യേക എഞ്ചിൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത് ഒരു ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (EMU) ആണ്. അതായത് ഓരോ കോച്ചിനും അതിന്റേതായ പവർ സ്രോതസ്സ് ഉണ്ട്. ഇന്ത്യയിലെ തിരക്കേറിയ ട്രാക്കുകളിൽ ഉയർന്ന വേഗതയിൽ പോലും വേഗത്തിൽ സ്റ്റാർട്ട് ചെയ്യാനും, വേഗതയും ബാലൻസും സുഗമമായി നിർത്താനും ഈ ഡിസൈൻ സഹായിക്കുന്നു.
പൂർണ്ണമായും മെയ്ഡ് ഇൻ ഇന്ത്യ
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ നിര്‍മ്മാണം. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ അഭിമാന പദ്ധതിയാണിത്. ഡിസൈൻ, അസംബ്ലി, സാങ്കേതികവിദ്യ എന്നിവയെല്ലാം തദ്ദേശീയമായാണ് വികസിപ്പിച്ചിരിക്കുന്നത്. വേഗതയിലും സുഖസൗകര്യങ്ങളിലും ഇന്ത്യൻ റെയിൽവേയ്ക്ക് അന്താരാഷ്ട്ര നിലവാരം പുലർത്താൻ കഴിയുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ബിൽറ്റ്-ഇൻ ഇന്റലിജൻസ്
അപകങ്ങൾ ഒഴിവാക്കാൻ ഇന്ത്യ വികസിപ്പിച്ച 'കവച്' സംവിധാനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഒരേ ലൈനിൽ മറ്റൊരു ട്രെയിൻ വന്നാൽ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യും. മനുഷ്യർ വരുത്തുന്ന പിഴവുകൾ ഇതിലൂടെ നിയന്ത്രിക്കപ്പെടും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യ റെയിൽവേ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയൊരു വിപ്ലവത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ഊര്‍ജ്ജത്തിന്റെ ക്രമീകരണം
വന്ദേ ഭാരതിന്റെ ബ്രേക്കിംഗ് സിസ്റ്റം ട്രെയിൻ വേഗത കുറയ്ക്കുമ്പോഴെല്ലാം ഗതികോർജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്നു. പഴയ ട്രെയിനുകളെ അപേക്ഷിച്ച് ഇത് ഏകദേശം 30% വൈദ്യുതി ലാഭിക്കുന്നു. കാര്‍ബൺ ബഹിര്‍ഗമനം തടയുകയും ചെയ്യുന്നു. കാര്‍ബൺ ബഹിര്‍ഗമനത്തെ സമ്പൂര്‍ണമായി ഇല്ലാതാക്കുക എന്ന എന്ന ഇന്ത്യൻ റെയിൽവേയുടെ ദീർഘകാല ലക്ഷ്യത്തിന് ഈ ട്രെയിനുകൾ വലിയ പിന്തുണയാണ് നൽകുന്നത്.
കുതിച്ചുപായാൻ റെഡി
മണിക്കൂറിൽ 200 കി.മീ വേഗതയിൽ സഞ്ചരിക്കാനായുള്ള രൂപകൽപ്പനയാണ് വന്ദേ ഭാരതിന് നൽകിയിട്ടുള്ളത്. എന്നാൽ, ട്രാക്ക്, സിഗ്നലിംഗ് തുടങ്ങിയ പരിമിതികൾ കാരണം മിക്ക റൂട്ടുകളും നിലവിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത മാത്രമേ ഇവയ്ക്ക് അനുവദിക്കുന്നുള്ളൂ. നിലവിൽ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യ നവീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുമ്പോൾ വന്ദേ ഭാരത് ട്രെയിനുകൾ അതിന്‍റെ യഥാര്‍ത്ഥ പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

