- Home
- Yatra
- Destinations (Yatra)
- 2,500 വര്‍ഷം പഴക്കമുള്ള പൈതൃക നഗരം; മോദി ചായ വിറ്റ സ്റ്റേഷൻ മുതൽ പുരാതന ക്ഷേത്രങ്ങൾ വരെ, വഡനഗറിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ
2,500 വര്‍ഷം പഴക്കമുള്ള പൈതൃക നഗരം; മോദി ചായ വിറ്റ സ്റ്റേഷൻ മുതൽ പുരാതന ക്ഷേത്രങ്ങൾ വരെ, വഡനഗറിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 75-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഗുജറാത്തിലെ വഡനഗറിൽ 1950 സപ്തംബർ 17നാണ് മോദിയുടെ ജനനം. മോദിയെ ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തിയ വഡനഗർ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. വഡനഗറിലെ കാഴ്ചകൾ എന്തൊക്കെയാണെന്ന് നോക്കാം

സാംസ്കാരിക പൈതൃകം
മനോഹരമായ പടിക്കിണറുകൾ മുതൽ ബുദ്ധവിഹാരങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ വരെ വഡനഗറിൽ കാണാം. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ താൽക്കാലിക പട്ടികയിലും വഡനഗർ ഇടം നേടിയിട്ടുണ്ട്.
ഹട്കേശ്വർ ക്ഷേത്രം
പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഹട്കേശ്വർ ക്ഷേത്രം വാസ്തുവിദ്യയാൽ സമ്പന്നമാണ്. മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ സ്വയംഭൂവായ ശിവലിംഗമാണുള്ളത്. പുരാതനമായ കാശിവിശ്വേശ്വര ശിവക്ഷേത്രം, സ്വാമിനാരായണ ക്ഷേത്രം, രണ്ട് ജൈന ക്ഷേത്രങ്ങൾ എന്നിവയും ഹട്കേശ്വർ ക്ഷേത്ര പരിസരത്ത് ഉണ്ട്.
കീർത്തി തോരൺ
പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച രണ്ട് വലിയ തൂണുകളാണ് കീർത്തി തോരൺ. ഏകദേശം 40 അടി ഉയരമുള്ള ഒരു കമാനത്തെ താങ്ങിനിർത്തുന്ന തൂണുകളിൽ യുദ്ധങ്ങളുടെയും വേട്ടകളുടെയും മനോഹരമായ കൊത്തുപണികൾ കാണാം. ഒരു യുദ്ധ വിജയത്തിന് ശേഷമാകാം ഇവ നിർമ്മിച്ചതെന്നും, ചിലപ്പോൾ ഒരു വലിയ ക്ഷേത്ര സമുച്ചയത്തിലേയ്ക്കുള്ള പ്രവേശന കവാടമായാകാം ഇവ പണിതതെന്നും പറയപ്പെടുന്നു. എന്നാൽ, ഇതിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
വഡനഗർ ആർക്കിയോളജിക്കൽ എക്സ്പീരിയൻഷ്യൽ മ്യൂസിയം
വഡനഗറിന്റെ 2500 വർഷത്തെ ചരിത്രം മനസ്സിലാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. പുരാവസ്തുക്കൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ എന്നിവയിലൂടെ വഡനഗറിന്റെ ചരിത്രത്തെ അറിയാം. നാണയങ്ങൾ, സെറാമിക്സ്, അസ്ഥികൂട അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ 5,000-ത്തിലധികം വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒമ്പത് തീമാറ്റിക് ഗാലറികളാണ് ഈ മ്യൂസിയത്തിലുള്ളത്. മൗര്യ, സോളങ്കി കാലഘട്ടങ്ങൾ ഉൾപ്പെടെ വിവിധ രാജവംശങ്ങളിലൂടെ വഡനഗറിന്റെ ചരിത്രം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
വഡനഗർ റെയിൽവേ സ്റ്റേഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവ് ദാമോദർദാസ് മോദിയ്ക്ക് വഡനഗർ റെയിൽവേ സ്റ്റേഷനിൽ ഒരു ചായക്കട ഉണ്ടായിരുന്നു. ചെറുപ്പത്തിൽ ഈ സ്റ്റേഷനിൽ ചായ വിൽക്കാൻ തന്റെ പിതാവിനെ സഹായിച്ചിരുന്നതായി മോദി പറയാറുണ്ട്. 2021 ൽ നവീകരിച്ച റെയിൽവേ സ്റ്റേഷൻ മോദി ഉദ്ഘാടനം ചെയ്തിരുന്നു. അതിനുശേഷം പ്രധാനമന്ത്രിയുടെ ആരാധകരുടെ ഒരു വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറി.
എങ്ങനെ എത്തിച്ചേരാം
വിമാനമാർഗ്ഗം: അഹമ്മദാബാദാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം (ഏകദേശം 90 കിലോമീറ്റർ അകലെ).
റെയിൽ മാർഗം: ഗുജറാത്തിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ വഡനഗറിലുണ്ട്.
റോഡ് മാർഗം: അഹമ്മദാബാദ്, ഗാന്ധിനഗർ, മെഹ്‌സാന എന്നിവിടങ്ങളിൽ നിന്ന് വഡനഗറിലേയ്ക്ക് ബസ്, ടാക്സി സർവീസുകൾ ലഭ്യമാണ്.

