കാമുകന്റെ ചതിയില്‍ ജീവനും ജീവിതവും പൊലിഞ്ഞ പെണ്ണ്; നിഗൂഢമായ സുമതി വളവും പ്രേതകഥകളും
ഒരുപാടുകാലമായി ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഒരിടമാണ് തിരുവനന്തപുരം ജില്ലയിലെ സുമതി വളവ്. 7 പതിറ്റാണ്ട് മുമ്പ് കാമുകന്റെ ചതിയില്‍ ജീവനും ജീവിതവും പൊലിഞ്ഞ സുമതിയുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച കൊടും വളവ് കാണാൻ ഇന്ന് നിരവധി ആളുകൾ എത്തുന്നുണ്ട്.

1953 ജനുവരി 27
സുമതി വളവിനെക്കുറിച്ചുള്ള കഥകളാണ് ഇന്ന് ഈ സ്ഥലം നേരിട്ടുകാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പാലോട് നിന്നും കല്ലറയ്ക്ക് പോകുന്ന റോഡിലേക്ക് തിരിയുന്നത് മുതൽ റിസര്‍വ് ഫോറസ്റ്റാണ്. വളവുകൾ കൊണ്ട് സമ്പന്നമായ റോഡിലൂടെയുള്ള യാത്രയിൽ ചുറ്റിനും വന്യത വന്ന് നിറയും. 72 വര്‍ഷം മുമ്പ് ഇവിടെയുള്ള വളവിൽ വെച്ചാണ് സുമതി എന്ന ഗര്‍ഭിണിയായ പെൺകുട്ടി കഴുത്തറത്ത് കൊല ചെയ്യപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ 1953 ജനുവരി 27 ചൊവ്വാഴ്ച രാത്രി 10 മണിയ്ക്ക്.
ആരായിരുന്നു സുമതി?
കാരേറ്റ് ഭാഗത്തായിരുന്നു സുമതിയുടെ സ്ഥലം. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബമല്ലായിരുന്നു. അരിക്കച്ചവടക്കാരിയായിരുന്നു സുമതിയുടെ അമ്മയെന്ന് പറയപ്പെടുന്നു. അങ്ങനെയാണ് താണു മുതലാളിയുടെ വീട്ടില്‍ വേലക്കാരിയായി സുമതി എത്തുന്നത്. താണു മുതലാളിക്ക് രത്‌നാകരന്‍ എന്നൊരു മകനുണ്ടായിരുന്നു. വൈകാതെ തന്നെ രത്നാകരനും സുമതിയും പ്രണയത്തിലായതോടെയാണ് കഥകളുടെ തുടക്കം.
അരുംകൊല
രത്‌നാകരന്റെ വിവാഹ വാഗ്ദാനത്തില്‍ മയങ്ങിയാവണം സുമതി ഗര്‍ഭിണിയായി. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ രത്നാകരൻ സുമതിയിൽ നിന്ന് അകലാൻ തുടങ്ങി. ഇതോടെ തന്നെ വിവാഹം കഴിക്കണമെന്ന് സുമതി നിർബന്ധം പിടിച്ചു. ഇതിന് പിന്നാലെയാണ് സുമതിയുടെ കൊലപാതകം. കൊല്ലപ്പെടുമ്പോള്‍ 19-20 വയസ്സായിരുന്നു സുമതിയുടെ പ്രായം.
കൊല ചെയ്യപ്പെട്ടതെങ്ങനെ?
പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം നടക്കുന്ന സമയത്താണ് സുമതി കൊല്ലപ്പെടുന്നത്. ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് രത്‌നാകരന്‍ തന്റെ അംബാസിഡര്‍ കാറില്‍ സുമതിയെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങി. തമിഴ്‌നാട്ടിൽ എവിടെയെങ്കിലും പോയി വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞാണ് സുമതിയെയും കൂട്ടി രത്നാകരൻ ഇറങ്ങിയതെന്നും ഒരു കഥയുണ്ട്. കാര്‍ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ സുഹൃത്ത് രവീന്ദ്രനും ഈ കാറില്‍ കയറി.
രക്ഷപ്പെടാനുള്ള സുമതിയുടെ ശ്രമം
കാര്‍ പങ്ങോട് എത്തി ക്ഷേത്രത്തിലേക്ക് പോകുന്നതിനു പകരം നേരെ പാലോടേക്ക് തിരിഞ്ഞു. മൈലമൂട് പാലത്തിന് സമീപം വനാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാര്‍ കാട്ടിനുള്ളിലേക്ക് കയറ്റി നിര്‍ത്തി. വഴി നിശ്ചയമില്ലാതിരുന്ന സുമതിയോട് അമ്പലത്തിലേക്ക് ഇതിലെ കുറുക്കുവഴിയുണ്ടെന്നാണ് ഇവർ പറഞ്ഞത്. ഇത് വിശ്വസിച്ച സുമതി ഇവര്‍ക്ക് ഒപ്പം നടന്നു. എന്നാൽ, ഇവരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയിൽ സുമതിയ്ക്ക് സംശയം തോന്നിയിരുന്നു. താൻ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ സുമതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ക്രൂരത എസ് വളവിന് സമീപം
സുമതിയെ പിന്തുടർന്നു പിടിച്ച രത്നാകരനും സുഹൃത്തും സുമതിയെ വനത്തിനുള്ളിലേയ്ക്ക് വലിച്ചിഴച്ചു. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡും കാടും ഇരുട്ടുമെല്ലാം ഇവരുടെ ദിശ തെറ്റിച്ചു. ദിശതെറ്റിയ ഇരുവരും ഉള്‍വനമെന്ന് ധരിച്ച് നടന്നെത്തിയത് റോഡരികിലേക്ക് തന്നെയായിരുന്നു. കല്ലറ പാലോട് റോഡില്‍ ഇപ്പോള്‍ സുമതിയെ കൊന്ന റോഡ് എന്നറിയപ്പെടുന്ന എസ്സ് വളവിന് സമീപത്തായിരുന്നു അവർ സുമതിയെയും കൊണ്ട് എത്തിയത്. പിന്നെ നടന്നത് അരുംകൊല. ഈറ്റവെട്ടാനെത്തിയ ആദിവാസികളായ കാണിക്കാരാണ് ദിവസങ്ങള്‍ക്കു ശേഷം സുമതിയുടെ മൃതദേഹം കാണുന്നത്. അന്ന് മുതലാണ് ഇവിടം സുമതിയെ കൊന്ന വളവാകുന്നത്.
പൊലീസ് അന്വേഷണം
സുമതിയുടെ കൊലപാതകം വലിയ ചർച്ചയാകുകയും കേസിൽ അന്വേഷണം പുരോഗമിക്കുകയും ചെയ്തു. കുറച്ച് നാൾ കുടുംബ വീട്ടിലും മറ്റും ഒളിച്ച് താമസിച്ച രത്നാകരനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വൈകാതെ സുഹൃത്തായിരുന്ന രവീന്ദ്രനും പിടിയിലായി. ഇവർക്ക് കോടതി 12 വർഷം തടവുശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇരുവരും വർഷങ്ങൾക്ക് ശേഷം മരിച്ചു. രത്നാകരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
പാട്ടു പുസ്തകത്തിലൂടെ സുമതിയ്ക്ക് പുനര്‍ജ്ജന്മം
കൊല ചെയ്യപ്പെടുമ്പോൾ സുമതി ഗര്‍ഭിണിയായതിനാല്‍ ഇവിടം അറുകൊലയുടെ വാസസ്ഥലമായി പിന്നീട് ചിത്രികരിക്കപ്പെട്ടു. സുമതിയുടെ ആത്മാവ് ഗതികിട്ടാതെ അലയുന്ന കഥ വാമൊഴിയായും വരമൊഴിയായുമൊക്കെ പരന്നു. ഉത്സവപ്പറമ്പുകളില്‍ വിറ്റിരുന്ന പാട്ടുപുസ്തകങ്ങളിൽ ആദ്യകാലത്ത് സുമതിക്കഥകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
അവകാശവാദങ്ങൾ
വെള്ളവസ്ത്രം ധരിച്ചൊരു സ്ത്രീരൂപം റോഡരികില്‍ ഉലാത്തുന്നതു കണ്ടുവെന്നും പലപ്പോഴും റോഡിനു മുകളിലെ പൊന്തക്കാട്ടില്‍ നിന്നോ തൊട്ടുതാഴെയുള്ള കാടുമൂടിയ ഗര്‍ത്തത്തില്‍ നിന്നോ ഭീകരശബ്ദങ്ങള്‍ ഉയര്‍ന്നു കേൾക്കാറുണ്ടെന്നുമെല്ലാം പലരും അവകാശപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ഈ വളവിലെത്തുന്ന വാഹനങ്ങളുടെ എഞ്ചിനുകള്‍ തനിയെ ഓഫാകുക, ബൈക്ക് യാത്രികര്‍ പൊടുന്നനെ ബൈക്കില്‍ നിന്നും എടുത്തെറിയപ്പെടുക, വാഹനങ്ങളുടെ ലൈറ്റുകള്‍ താനെ അണയുക, ടയറുകളുടെ കാറ്റ് പോകുക തുടങ്ങി കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിച്ചു.
സാമൂഹിക വിരുദ്ധരുടെ കേന്ദ്രം
കഥകള്‍ കാട്ടുതീ പോലെ പരന്നതോടെ ഒരുകാലത്ത് പട്ടാപ്പകല്‍ പോലും ഇത് വഴി കടന്ന് പോകാന്‍ ആളുകള്‍ മടിച്ചിരുന്നു. സുമതിയുടെ പ്രേതത്തിന്റെ മറവില്‍ ഒരുകാലത്ത് ഇവിടം സാമൂഹിക വിരുദ്ധര്‍ കേന്ദ്രമാക്കിയിരുന്നുവെന്ന് പൊലീസും നാട്ടുകാരും ഒരുപോലെ പറയുന്നു.

