- Home
- Yatra
- Travel Tips (Yatra)
- പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം; ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാഭം ഉറപ്പ്
പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം; ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാഭം ഉറപ്പ്
യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പലരും നേരിടാറുള്ള ഒരു ബുദ്ധിമുട്ട് ബജറ്റായിരിക്കും. കൃത്യമായി പ്ലാൻ ചെയ്താൽ വളരെ കുറഞ്ഞ ചെലവിൽ യാത്രകൾ പോകാൻ സാധിക്കും.

നേരത്തെ പ്ലാൻ ചെയ്യുക, ബുക്കിംഗ് ഉറപ്പാക്കുക
മുൻകൂട്ടിയുള്ള ആസൂത്രണം യാത്രയിലെ ചെലവ് ചുരുക്കാൻ സഹായിക്കും. വിമാന ടിക്കറ്റുകൾ, ട്രെയിൻ, താമസം എന്നിവ നേരത്തെ ബുക്ക് ചെയ്യാം. നിരക്കുകൾ കൂടുന്നതിന് മുമ്പ് മികച്ച ഡീലുകൾ കണ്ടെത്താൻ 'ഫെയർ അലർട്ടുകളും' നിരക്കുകൾ താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റുകളും ഉപയോഗിക്കുക.
യാത്രാ തീയതികളിൽ ഫ്ലക്സിബിളാകുക
നിങ്ങളുടെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ സാധിക്കുന്ന രീതിയിൽ പ്ലാൻ ചെയ്യുക. തിരക്ക് കുറഞ്ഞ സമയങ്ങളോ (ഓഫ്-സീസൺ) ആഴ്ചയുടെ മധ്യത്തിലോ യാത്ര ചെയ്യുക. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിമാന ടിക്കറ്റുകൾക്കും ഹോട്ടലുകൾക്കും സാധാരണയായി നിരക്ക് കുറവായിരിക്കും.
ബജറ്റ് ഫ്രണ്ട്‌ലി താമസം തിരഞ്ഞെടുക്കുക
ചെലവേറിയ ഹോട്ടലുകൾക്ക് പകരം ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേകൾ അല്ലെങ്കിൽ ബജറ്റ് ഹോട്ടലുകൾ എന്നിവ താമസത്തിനായി തിരഞ്ഞെടുക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും.
പൊതുഗതാഗതം ഉപയോഗിക്കുക
സ്വകാര്യ ടാക്സികളെ അപേക്ഷിച്ച് ബസുകൾ, മെട്രോകൾ, ഷെയേർഡ് ടാക്സികൾ എന്നിവയ്ക്ക് ചെലവ് വളരെ കുറവാണ്. ഗതാഗത ചെലവ് കുറയ്ക്കാനായാൽ അത് യാത്രയുടെ മൊത്തത്തിലുള്ള ചെലവിൽ വലിയ കുറവ് വരുത്തും.
പ്രാദേശിക ഭക്ഷണങ്ങൾ പരീക്ഷിക്കുക
ടൂറിസ്റ്റ് റെസ്റ്റോറന്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. പ്രാദേശിക സ്ട്രീറ്റ് ഫുഡുകളോ ചെറിയ ഭക്ഷണശാലകളോ തിരഞ്ഞെടുക്കാം. കുറഞ്ഞ നിരക്കിൽ തനത് രുചികൾ ആസ്വദിക്കാൻ ഇത് സഹായിക്കും.
സൗജന്യ സന്ദർശന കേന്ദ്രങ്ങൾ കണ്ടെത്തുക
പലയിടങ്ങളിലും ബീച്ചുകൾ, പാർക്കുകൾ, ആരാധനാലയങ്ങൾ, ചില ദിവസങ്ങളിൽ പ്രവേശനം സൗജന്യമായ മ്യൂസിയങ്ങൾ എന്നിവയുണ്ടാകും. പണം നൽകാതെ പ്രവേശനം സാധ്യമാകുന്ന ഇത്തരം സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുക.
പ്രതിദിന ബജറ്റ് നിശ്ചയിക്കുക
ഓരോ ദിവസവും ചെലവാക്കാൻ കഴിയുന്ന തുകയ്ക്ക് ഒരു പരിധി നിശ്ചയിക്കുക. ഇത് അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സഹായിക്കും. ചെലവുകൾ ട്രാക്ക് ചെയ്യാൻ മൊബൈൽ ആപ്പുകൾ ഉപയോഗിക്കാം.
ലഗേജ് പരിമിതപ്പെടുത്തുക
ആവശ്യമായ സാധനങ്ങൾ മാത്രം കയ്യിൽ കരുതുക. അമിതമായ ലഗേജ് ഫീസ് ഒഴിവാക്കാൻ ഇത് സഹായിക്കും. കുറഞ്ഞ ലഗേജുമായി യാത്ര ചെയ്യുന്നത് പണം ലാഭിക്കുമെന്ന് മാത്രമല്ല, യാത്ര കൂടുതൽ എളുപ്പമാക്കുകയും ചെയ്യും.
റിവാർഡുകളും ഡിസ്കൗണ്ടുകളും ഉപയോഗിക്കുക
ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ, കൂപ്പണുകൾ, സ്റ്റുഡന്റ് ഡിസ്കൗണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക. വിമാന ടിക്കറ്റുകൾ, ഭക്ഷണം, താമസം എന്നീ ചെലവുകളിൽ ഇത് കുറവ് വരുത്താൻ സഹായിക്കും.
അനാവശ്യ ഷോപ്പിംഗ് ഒഴിവാക്കുക
കണ്ടാൽ ഉടനെ സാധനങ്ങൾ വാങ്ങുന്നത് യാത്രാ ബജറ്റിനെ പ്രതികൂലമായി ബാധിക്കും. ഷോപ്പിംഗിനായി ഒരു നിശ്ചിത തുക മാറ്റിവെക്കുന്നതാണ് നല്ലത്.

