വെളിച്ചെണ്ണയ്ക്ക് തീവിലയായതിന് പിന്നിലെ ആഗോള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
കേരളത്തിന്റെ അടുക്കളകളില്‍നിന്ന് വെളിച്ചെണ്ണ അപ്രത്യക്ഷമാവുമോ? ദോശയ്ക്ക് ചട്ണി അരയ്ക്കാന്‍ പോലും തേങ്ങ കിട്ടാത്ത അവസ്ഥ. ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില 500 കടന്ന് കുതിക്കുമ്പോള്‍, നമ്മുടെ വീടുകളിലെ ഈ തേങ്ങാപ്രതിസന്ധിക്ക് കാരണം ഫിലിപ്പീന്‍സിലെയും ഇന്തോനേഷ്യയിലെയും ചില നയങ്ങളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഞെട്ടേണ്ട, ഇതാണ് സത്യം! വെളിച്ചെണ്ണയ്ക്ക് തീവിലയായതിന് പിന്നിലെ ആഗോള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. നാളികേരം ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായിട്ടും, ആവശ്യത്തിനുള്ള തേങ്ങയുടെ 65 ശതമാനവും നമ്മള്‍ ഇറക്കുമതി ചെയ്യുകയാണ്
2023 ജൂലൈ മുതല്‍ 2024 ജൂണ്‍ വരെ ലോകത്തെ ഏറ്റവും വലിയ നാളികേര ഉല്‍പാദകരും കയറ്റുമതിക്കാരും ആയ ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും എല്‍ നിനോ പ്രതിഭാസം കാരണം കടുത്ത വരള്‍ച്ചയുണ്ടായി. ഇതോടെ തേങ്ങ ഉല്‍പാദനം കുത്തനെ കുറഞ്ഞു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ 2024 ഒക്ടോബറോടെയാണ് ഇന്ത്യയില്‍ പ്രകടമായി തുടങ്ങിയത്. ഇതിനൊപ്പം ഫിലിപ്പീന്‍സ്, ഡീസലില്‍ വെളിച്ചെണ്ണ കലര്‍ത്തുന്നത് നിര്‍ബന്ധമാക്കി. ഇത് ആഭ്യന്തര ഉപയോഗം വര്‍ദ്ധിപ്പിച്ചു. അതുകൂടാതെ ഇന്തോനേഷ്യ വെളിച്ചെണ്ണയുടെ കയറ്റുമതി കുറയ്ക്കാനും തീരുമാനിച്ചു. ഈ നടപടികള്‍ ആഗോള വിപണിയില്‍ വെളിച്ചെണ്ണയുടെ ലഭ്യത കുറക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു.
വെളിച്ചെണ്ണയുടെ ഈ വിലവര്‍ദ്ധനവ് സാധാരണക്കാരെ മാത്രമല്ല, വന്‍കിട കമ്പനികളെയും, റെസ്റ്റോറന്റുകളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. 'പാരച്യൂട്ട്' വെളിച്ചെണ്ണയുടെ നിര്‍മ്മാതാക്കളായ മാരിക്കോ പോലുള്ള കമ്പനികള്‍ക്ക് കൊപ്ര ഒരു പ്രധാന അസംസ്‌കൃത വസ്തുവാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊപ്രയുടെ വില 40-50% വര്‍ദ്ധിച്ചതോടെ പാരച്യൂട്ട് വെളിച്ചെണ്ണയുടെ വില 30% വരെ വര്‍ദ്ധിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. സംസ്ഥാനത്തെ ഏറ്റവും വലിയ വെളിച്ചെണ്ണ നിര്‍മ്മാതാക്കളായ കെരാഫെഡ് പോലും ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 529 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. എന്നാല്‍ വിപണിയിലെ മറ്റ് പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും 600 രൂപയിലധികമാണ് വില.
കേരളത്തില്‍, കാറ്ററിങ് സര്‍വീസുകള്‍ ഒരു ചടങ്ങില്‍ ഏകദേശം 400-500 തേങ്ങയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 350 തേങ്ങ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുന്നതെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഒരു മാസത്തേക്ക് ഏകദേശം 1,000 ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങാറുണ്ടായിരുന്നെന്നും, ഇപ്പോഴുണ്ടായ വിലക്കയറ്റം കാരണം അവര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ അധികഭാരം ഉണ്ടായിട്ടുണ്ട്.
സര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെടുന്നില്ല?
ഇന്ത്യയില്‍ പ്രതിവര്‍ഷം 260 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതില്‍ 42% പാം ഓയിലും, 18% സോയാബീന്‍ ഓയിലും, 15% വീതം സൂര്യകാന്തി, കടുകെണ്ണ എന്നിവയുമാണ്. എന്നാല്‍ വെളിച്ചെണ്ണയുടെ ഉപയോഗം വെറും 4 ലക്ഷം ടണ്‍, അതായത് 1.5% മാത്രമാണ്. അതിനാല്‍ തന്നെ വെളിച്ചെണ്ണയുടെ ഉപയോഗം തെക്കേ ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നത്‌കൊണ്ട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ കടുകെണ്ണ, സോയാബീന്‍, സൂര്യകാന്തി എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ കേരളീയരുടെ ഭക്ഷണരീതിയില്‍ വെളിച്ചെണ്ണ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടാണ് ഈ പ്രതിസന്ധി കേരളത്തെ മാത്രം ബാധിക്കുന്നതായതിനാല്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന് വ്യവസായ മേഖല ചൂണ്ടിക്കാണിക്കുന്നു.ിന് വില കൂടുമ്പോള്‍, നാളികേരം തന്നെയില്ലാത്ത ഒരു കാലം വരുമോ എന്ന ആശങ്കയും ശക്തമാണ്.

