റഷ്യയുടെ കൊവിഡ്  വാക്സിൻ സ്പുട്നിക് 5 സ്വീകരിച്ച ഏഴിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായതായി റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറഷ്കോ വ്യക്തമാക്കി. 14 ശതമാനം പേർക്കാണ് തളർച്ചയും പേശീവേദനയും ഉണ്ടായത്. 'ദ് മോസ്കോ ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മരുന്ന് പരീക്ഷണത്തിന് തയ്യാറായ 40,000 പേരിൽ 300 പേർക്കാണ് ഇതുവരെ പരീക്ഷണം നടത്തിയത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലാണ് പാർശ്വഫലങ്ങൾ കണ്ടതായും, അതേസമയം കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതിൽ 100 ശതമാനം വിജയം കൈവരിച്ചതായും മുറഷ്കോ പറഞ്ഞു. 

സ്പുട്നിക് 5 കൊവിഡ് 19 വാക്സീൻ പരീക്ഷണം അവസാന ഘട്ടത്തിലാണ്. നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യത്തോടെയോ പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകും. മൂന്നാം ഘട്ടം പരീക്ഷണം പൂർത്തിയാക്കുന്നതോടെ ഘട്ടംഘട്ടമായിട്ടായിരിക്കും വാക്സിൻ വിതരണം ചെയ്യുന്നത്.

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(ആഡിഐഎഫ്), റഷ്യൻ ആരോഗ്യ നിധി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഫാർമസ്യൂട്ടിക്കൽ കമ്പനി എന്നിവർ ചേർന്ന് ഇന്ത്യയിൽ പരീക്ഷണം നടത്താനും 100 മില്യൻ ഡോസ് വിതരണം ചെയ്യാനും ധാരണയായിട്ടുണ്ട്. 

കൊവിഡ് 19; ലോകത്ത് ഏറ്റവുമധികം രോഗമുക്തി റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ഇന്ത്യ!