എട്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ട്യൂമര്‍ പുറത്തെടുത്തത്. ഒരു സാധാരണ ലാപ്‌ടോപിന്റെ വലിപ്പം വരും ട്യൂമറെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. പത്ത് കിലോ ഭാരവുമുണ്ട്.

നിത്യജീവിതത്തില്‍ ( Daily Life ) നാം നേരിടുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ( Health Issues ) കാര്യമായി പരിഗണിക്കാതിരിക്കുന്നത് പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് വഴിവച്ചേക്കാം. അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ദില്ലിയില്‍ താമസിക്കുന്ന കെനിയന്‍ സ്വദേശിയായ അമ്പത്തിയൊമ്പതുകാരി മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. 

വിശപ്പില്ല, ആകെ അസ്വസ്ഥത, ശ്വാസതടസം, വയര്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നു എന്നിങ്ങനെ ഒരുപിടി പ്രശ്‌നങ്ങളായിരുന്നു ഇവര്‍ ഡോക്ടര്‍മാര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധരുടെ സംഘം നടത്തിയ പരിശോധനയില് ഇവരുടെ വൃക്കയിലുണ്ടായ ഒരു ട്യൂമര്‍ (മുഴ ) വയറാകെ പടരും വിധം ഭീമാകരമായി വളര്‍ന്നിരിക്കുന്നതായി കണ്ടെത്തി. 

അസാധാരണമായ ഭാരവും വലിപ്പവുമുള്ള ട്യൂമറാണ് അകത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ സ്ത്രീയെ അറിയിച്ചു. ഇതനുസരിച്ച ്ഡിസംബറില്‍ നടത്തിയ ശസ്ത്രക്രിയയില്‍ നീക്കം ചെയ്തത് പത്ത് കിലോ ഭാരമുള്ള ട്യൂമറാണ്. 

ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ് ഇത്രയും വലിപ്പവും ഭാരവുമുള്ള ട്യൂമര്‍ വൃക്കയില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഇതിന് മുമ്പ് ദില്ലിയിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഏഴ് കിലോയിലധികം ഭാരമുള്ള ട്യൂമര്‍ ഒരു രോഗിയുടെ വൃക്കയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. 

എച്ച്‌ഐവി പോസിറ്റീവ് ആയ രോഗിയായിരുന്നു സ്ത്രീ. അതും ചികിത്സയിലും ശസ്ത്രക്രിയയിലും അധിക വെല്ലുവിളികള്‍ നിറച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എട്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ട്യൂമര്‍ പുറത്തെടുത്തത്. ഒരു സാധാരണ ലാപ്‌ടോപിന്റെ വലിപ്പം വരും ട്യൂമറെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. പത്ത് കിലോ ഭാരവുമുണ്ട്. 

വയറാകെ ട്യൂമര്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയായിരുന്നുവത്രേ. കുടലടക്കം ദഹനവ്യവസ്ഥയിലെ അവയവങ്ങളെല്ലാം തന്നെ ഞെരുങ്ങിയിരിക്കുന്ന അവസ്ഥ. എന്തായാലും ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരികയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഡോ. അര്‍ചിത് പണ്ഡിറ്റ്, ഡോ. വിനീത് ഗോയല്‍, എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

Also Read:- എന്റെ അമ്മയെ ഇല്ലാതാക്കിയ ആ രോ​ഗം എന്നെയും വേട്ടയാടുന്നു ; കാൻസറിനോട് പൊരുതി നടി ഹംസ നന്ദിനി