ലോകമൊട്ടാകെ പടര്‍ന്നുപിടിച്ച കൊവിഡ് 19 എന്ന മഹമാരിയുടെ കൈകളില്‍ നിന്ന് സുരക്ഷിതരായി തിരിച്ച് ജീവിതത്തിലേക്ക് മടങ്ങുന്ന വയോധികര്‍ നിരവധിയാണ്. പ്രായമായവര്‍ക്ക് കൊവിഡ് 19 വലിയ വെല്ലുവിളിയാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴും തൊണ്ണൂറും നൂറും വയസുള്ളവര്‍ പുല്ല് പോലെ രോഗത്തെയും അതിജീവിച്ച് നിറപുഞ്ചിരിയുമായി മടങ്ങുന്നത് തീര്‍ച്ചയായും നമുക്ക് ആവേശം തന്നെയാണ് പകരുന്നത്. 

രോഗത്തെ അതിജീവിച്ചതിനെ തുടര്‍ന്ന് നൂറ്റിയാറുകാരനായ ഒരു അപ്പൂപ്പന് ആശുപത്രി അധികൃതരും ബന്ധുക്കളും ചേര്‍ന്ന് ദില്ലിയില്‍ വന്‍ വരവേല്‍പ് നല്‍കിയത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സംഭവമായിരുന്നു. എന്നാല്‍ എല്ലായിടത്തും സ്ഥിതി സമാനമല്ല. രോഗത്തെ തോല്‍പിച്ച് ആയുസിനെ തിരിച്ചുപിടിച്ചിട്ടും കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വൃദ്ധരുണ്ട്. 

അങ്ങനെയൊരു കഥയാണ് തമിഴ്‌നാട്ടിലെ ആമ്പൂരില്‍ നിന്ന് പുറത്തുവരുന്നത്. കൊവിഡ് 19 ടെസ്റ്റ് ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് ആമ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഹമീദ ബീ എന്ന നൂറ്റിമൂന്നുകാരി, രോഗം ഭേദമായി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കാണുന്നത് രോഷാകുലരായ അയല്‍ക്കാരെയും നാട്ടുകാരെയുമാണ്. 

കൊവിഡ് ബാധിച്ചു എന്നതിന്റെ പേരില്‍ ഹമീദയോടും കുടുംബത്തോടും വീട് മാറിപ്പോകാനാണ് അവര്‍ ആവശ്യപ്പെട്ടത്. തികച്ചും അശാസ്ത്രീയമായ വാദങ്ങളും അഭ്യൂഹങ്ങളുമായിരുന്നു അവരെ നയിച്ചിരുന്നത്. എന്നാല്‍ അവരുടെ ഭീഷണികള്‍ക്ക് മുമ്പില്‍ വഴങ്ങാന്‍ ഹമീദ തയ്യാറായില്ല. 

അവര്‍ നേരെ പരാതിയുമായി അധികൃതരെ സമീപിച്ചു. തുടര്‍ന്ന് റവന്യൂ ഡിവിണല്‍ ഓഫീസര്‍ ഗായത്രി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹമീദയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഒരു കാരണവശാലും വീട് വിട്ട് പോകേണ്ടിവരില്ലെന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും അവര്‍ ഹമീദയ്ക്ക് വാക്ക് നല്‍കി. 

'നൂറ്റിമൂന്ന് വയസായ ആളാണെന്ന് അറിഞ്ഞ ദിവസം തൊട്ട് തന്നെ ആശുപത്രിയില്‍ ഞങ്ങളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിത്തുടങ്ങി. ചികിത്സയോടൊക്കെ വളെ ആക്ടീവായാണ് അവര്‍ പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ഞങ്ങള്‍ കൊണ്ടുവന്ന പഴങ്ങളൊക്കെ വാങ്ങി സൂക്ഷിച്ചു. സുഖമായിരിക്കുന്നു അവര്‍. നിലവില്‍ അവരുടെ സുരക്ഷയ്ക്ക് ഒരു ഭീഷണിയുമില്ല. എന്തായാലും പരാതിയില്‍ ഞങ്ങള്‍ അന്വേഷണം നടത്താന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്...'- ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഹമീദയ്ക്ക് നിലവില്‍ വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നില്ല. അത് ലഭ്യമാക്കാനുള്ള നടപടികള്‍ കൂടി തങ്ങള്‍ ത്വരിതപ്പെടുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് 19 രോഗം ഭേദമായ ശേഷവും വീണ്ടും തൊട്ടുകൂടായ്മ കാണിക്കുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. എന്നാല്‍ തികച്ചും അടിസ്ഥാനമില്ലാത്ത ഭയം മാത്രമാണ് ഇതിന് പിന്നില്‍. മാത്രമല്ല, സാമൂഹികമായി പരിഷ്‌കൃതരായ ഒരു ജനതയ്ക്ക് ചേര്‍ന്നതല്ല ഈ സമീപനമെന്ന് കൂടി ഹമീദയുടെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- രണ്ട് മഹാമാരികളെ പോരാടിത്തോല്‍പ്പിച്ച 106കാരന്‍; പ്രത്യാശയുടെ പ്രതീകം...