ഒരു കുട്ടി ഛര്‍ദ്ദിക്കുകയും തലകറങ്ങുന്നതായി പരാതിപ്പെടുകയും ചെയ്തതോടെയാണേ്രത സംഭവം മുതിര്‍ന്നവരുടെ ശ്രദ്ധയില്‍ പെട്ടത്. പന്ത്രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കുള്ള പോളിയോ വാക്‌സിന്‍ വിതരണം രാജ്യത്ത് പലയിടങ്ങളിലായി പുരോഗമിക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്രയില്‍ നിന്ന് ആശങ്കപ്പെടുത്തുന്നൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ പോളിയോയ്ക്ക് പകരം അബദ്ധത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിയെന്നതാണ് വാര്‍ത്ത. അഞ്ച് വയസിന് താഴെയുള്ള പന്ത്രണ്ട് കുഞ്ഞുങ്ങള്‍ക്കാണേ്രത അബദ്ധത്തില്‍ പോളിയോ ആണെന്ന് ധരിച്ച് മെഡിക്കല്‍ സംഘം സാനിറ്റൈസര്‍ നല്‍കിയത്. 

ഒരു കുട്ടി ഛര്‍ദ്ദിക്കുകയും തലകറങ്ങുന്നതായി പരാതിപ്പെടുകയും ചെയ്തതോടെയാണേ്രത സംഭവം മുതിര്‍ന്നവരുടെ ശ്രദ്ധയില്‍ പെട്ടത്. പന്ത്രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും സാരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ല. എല്ലാവരുടെയും നില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. നിലവില്‍ ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 

ഗുരുതരമായ വീഴ്ചയാണ് മെഡിക്കല്‍ സംഘത്തിന് പറ്റിയിട്ടുള്ളതെന്നും സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍, അംഗന്‍വാടി ജീവനക്കാരി, ആശാവര്‍ക്കര്‍ എന്നിങ്ങനെ മൂന്ന് പേര്‍ക്കെതിരെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

ഏതാനും തുള്ളികളായി മാത്രം സാനിറ്റൈസര്‍ അകത്തുചെന്നത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അല്ലാത്തപക്ഷം കുട്ടികളാണെങ്കില്‍ സാനിറ്റൈസര്‍ അകത്തുചെന്നാല്‍ എളുപ്പത്തില്‍ അവശനിലയിലാകുമെന്നും മരണം വരെ സംഭവിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

(വാർത്തയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകം)

Also Read:- കുട്ടികള്‍ 'പോളിങ് ബൂത്തി'ലേക്ക്; പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്...