Asianet News MalayalamAsianet News Malayalam

റൂട്ട് കനാൽ ചെയ്തതിന് പിന്നാലെ വേദന, ഉടന്‍ ശസ്ത്രക്രിയ ചെയ്തു; 19കാരൻ ഗുരുതരാവസ്ഥയിൽ

ശ്വാസോച്ഛ്വാസത്തിനായി തൊണ്ടയിൽ ദ്വാരമുണ്ടാക്കിയായിരുന്നു ശസ്ത്രക്രിയ...

19 year old in critical stage after root canal treatment
Author
Bengaluru, First Published Jan 8, 2020, 9:42 PM IST

ബെംഗളൂരു:  നിരന്തരമായ പല്ലുവേദനയെ തുടർന്ന് റൂട്ട് കനാൽ ചികിത്സയ്ക്കു വിധേയനായ വിദ്യാർത്ഥിയെ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച് എ എലിൽ താമസിക്കുന്ന വേണു (19) ആണ് ഡോക്ടറുടെ അനാസ്ഥമൂലം ദുരിതമനുഭവിക്കുന്നത്. റൂട്ട് കനാൽ ചെയ്ത് രണ്ടു ദിവസങ്ങൾക്ക് ശേഷം മോണവീക്കവും പഴുപ്പും കാരണം സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതിരുന്ന വേണു വീണ്ടും ഡോക്ടറെ സമീപിച്ചെങ്കിലും വേദനയ്ക്കുള്ള മരുന്ന് നൽകി തിരിച്ചയക്കുകയായിരുന്നു.

വേദന കൂടി ശ്വാസതടസ്സം നേരിടാൻ തുടങ്ങിയപ്പോൾ ഉടനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടർമാർ ഉടനെ അടിയന്തിര ശസ്ത്രക്രിയ വേണമെന്നറിയിക്കുകയുമായിരുന്നു. പഴുപ്പ് തലച്ചോറിനെ ബാധിക്കാതിരിക്കാനാണ് ശസ്ത്രക്രിയയെന്നും ഡോക്ടർമാർ പറഞ്ഞു. ശ്വാസോച്ഛ്വാസത്തിനായി തൊണ്ടയിൽ ദ്വാരമുണ്ടാക്കിയായിരുന്നു ശസ്ത്രക്രിയ. ഡിസംബർ 30 നാണ്  ശസ്ത്രക്രിയ നടന്നതെങ്കിലും വേണു ഇപ്പോഴും ഐസിയുവിലാണെന്നും സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വേണുവിന്റെ അച്ഛൻ ശ്രീനിവാസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ക്ലിനിക്ക് ഉടമയും ദന്തരോഗ വിദഗ്ദയുമായ ഡോ. മോണിക്ക തയാലിനെതിരെയും വിജ്ഞാൻ നഗറിലെ മോണിക്കയുടെ കിയാറ ഡെന്റൽ ക്ലിനിക്കിനെതിരെയും ശ്രീനിവാസ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ റൂട്ട് കനാൽ ചെയ്തത് ഇടതു ഭാഗത്താണെന്നും വേണുവിന് വീക്കവും പഴുപ്പും ബാധിച്ചത് വലതു ഭാഗത്താണെന്നുമാണ് ഡോക്ടർ പറയുന്നത്.

Follow Us:
Download App:
  • android
  • ios