39 ആഴ്ചയും അഞ്ച് ദിവസവും ഗർഭിണിയായ നോയിഡ സ്വദേശിയാണ് മെഡിക്കൽ ചെക്കപ്പിന് പോകുന്നതിനിടെ റിക്ഷയിൽ നിന്ന് വീണത്.
ദില്ലി: റോഡപകടത്തെ തുടർന്ന് അബോധാവസ്ഥയിലാവുകയും വെന്‍റിലേറ്ററില്‍ കഴിയുകയുമായിരുന്ന 22 കാരിയായ യുവതി പ്രസവിച്ചു. ദില്ലി എയിംസിലെ വെന്‍റിലേറ്ററില്‍ കഴിഞ്ഞ യുവതി ആരോഗ്യമുള്ള ഒരു ആൺകുട്ടിക്കാണ് ജന്മം നൽകിയത്. സിസേറിയന്‍ ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 39 ആഴ്ചയും അഞ്ച് ദിവസവും ഗർഭിണിയായ നോയിഡ സ്വദേശിയാണ് മെഡിക്കൽ ചെക്കപ്പിന് പോകുന്നതിനിടെ റിക്ഷയിൽ നിന്ന് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നന്ദിനി തിവാരി എന്ന യുവതിയെ ഒക്ടോബർ 17 ന് അബോധാവസ്ഥയിൽ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സിടി സ്കാനിൽ തലച്ചോറിന്റെ ഇടതുവശത്ത് നേർത്ത രക്തം കട്ടപിടിച്ചതായും ചെറിയ വീക്കത്തിന്റെ സാന്നിധ്യവും കണ്ടെത്തി. തുടര്‍ന്നാണ് യുവതിയെ ഇൻട്യൂബേറ്റ് ചെയ്ത് വെന്റിലേറ്റർ സപ്പോർട്ടിലാക്കിയത്. ഇവരുടെ സ്ഥിതി മെച്ചപ്പെട്ടപ്പോഴാണ് ഗൈനക്കോളജി വിഭാഗം പ്രസവം നടത്താൻ നിർദേശിച്ചത്. ഒരു മൾട്ടി ഡിസിപ്പിനറി ഡോക്ടർമാരുടെ സംഘത്തിന്‍റെ നേത്യത്വത്തിലാണ് രണ്ട് ജീവനുകളും രക്ഷപ്പെട്ടത്. യുവതിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും ഐസിയുവിൽ തുടരുകയാണ്. ഇവരെ ഉടനെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ന്യൂറോ സർജറി വിഭാഗത്തിലെ പ്രൊഫ. ഡോ. ദീപക് ഗുപ്ത പറയുന്നത്.
ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗമാണ് സിസേറിയന്‍ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (എൻഐസിയു) മാറ്റുകയും ചെയ്തു. യുവതി ഇപ്പോഴും ഐസിയുവിൽ ബോധാവസ്ഥയിൽ തുടരുന്നു. ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായും ഒരാഴ്ചയ്ക്ക് ശേഷം അവരെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഡോ. ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
