രക്തം ശുദ്ധീകരിക്കുക, ഊർജ്ജം സംഭരിക്കുക, ദഹനത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കരൾ ചെയ്യുന്നത്.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവവും, സ്വയം പുനരുജ്ജീവിപ്പിക്കാൻ ശേഷിയുള്ള ഏക അവയവവുമാണ് കരൾ. രക്തം ശുദ്ധീകരിക്കുക, ഊർജ്ജം സംഭരിക്കുക, ദഹനത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കരൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ജീവിതത്തിന് കരളിന്റെ സംരക്ഷണം ഏറെ പ്രധാനമാണ്. എന്നാൽ ഇന്ന് പലരുടെയും ചില മോശം ശീലങ്ങൾ 40 വയസ്സ് തികയുന്നതിന് മുൻപ് തന്നെ കരളിനെ ഗുരുതരമായ രോഗങ്ങൾ വരാൻ കാരണമാകുന്നു. ഈ ശീലങ്ങൾ ഒഴിവാക്കൂ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. മിതമായ അളവിലാണെങ്കിലും ദിവസവുമുള്ള മദ്യപാനം

മദ്യപാനത്തിൽ കരളിന് സുരക്ഷിതമായ ഒരു പരിധി ഇല്ല. നിങ്ങൾ കഴിക്കുന്ന ഓരോ ഡ്രിങ്കും കരളിന്മേലുള്ള മെറ്റബോളിക് ഭാരം വർദ്ധിപ്പിക്കുന്നു. നിരന്തരമായി ഇത് സംഭവിക്കുമ്പോൾ കരളിന് കേടുപാടുകൾ ഉണ്ടാവുകയും മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു.

2. അൾട്രാ പ്രോസസ്സ്ഡ് ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം

ഇന്നത്തെ ജീവിതശൈലിയിൽ പാക്കറ്റ് ഭക്ഷണങ്ങളും അൾട്രാ പ്രോസസ്സ്ഡ് ഫുഡുകളും ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ്. എന്നാൽ ഇവ കുടലിന്റെ ആരോഗ്യത്തെയും പ്രത്യേകിച്ച് കരളിനെയും എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല. ഇത്തരം ഭക്ഷണങ്ങളിലുള്ള അമിതമായ ഫ്രക്ടോസ്, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, പൂരിത കൊഴുപ്പുകൾ എന്നിവ ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുന്നു.

3. വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും ഉറക്കക്കുറവും

ആധുനിക ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും. എന്നാൽ ഇവ എങ്ങനെ കരളിനെ ബാധിക്കുമെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല. മാനസിക സമ്മർദ്ദം കൂടുമ്പോൾ ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് വ്യതിചലിക്കുന്നു. ഇത് വയറിനുള്ളിലെ ആന്തരികാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഈ കൊഴുപ്പാണ് ഫാറ്റി ലിവർ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം.