ഇന്ന് ലോക ഐവിഎഫ് ദിനമാണ്. ഐവിഎഫ് എന്നാൽ ' ഇൻ വിട്രോ ഫെർട്ടിലൈസേഷൻ'. എന്താണ് ഈ IVF ? 'വിട്രോ' എന്നുവെച്ചാൽ 'ഗ്ലാസ്' എന്നാണർത്ഥം. 'കണ്ണാടി' എന്നർത്ഥമുള്ള ലത്തീൻ ഭാഷയിലെ 'വിട്രിയസ്' എന്ന പദത്തിൽ നിന്നാണ് വിട്രോ എന്ന വാക്കുണ്ടാകുന്നത്. ഫെർട്ടിലൈസേഷൻ എന്നുവെച്ചാൽ ബീജസങ്കലനം എന്നും. അപ്പോൾ ' ഇൻ വിട്രോ ഫെർട്ടിലൈസേഷൻ' എന്നുവെച്ചാൽ, ഗ്ലാസിൽ വെച്ച് നടക്കുന്ന ബീജസങ്കലനം. അതായത്, ബീജസങ്കലനത്തിന്റെ സ്വാഭാവികാന്തരീക്ഷമായ അമ്മയുടെ ഗർഭപാത്രത്തിനു പുറത്തുവെച്ച് നടക്കുന്ന ബീജസങ്കലനം എന്നാണ് അർത്ഥമാക്കുന്നത്. സ്വാഭാവികമായി സെക്സിൽ ഏർപ്പെടുമ്പോൾ ഗർഭധാരണം സ്വാഭാവികമായി നടക്കാത്തവർക്കാണ് ഇങ്ങനെ കൃത്രിമമായ ബീജസങ്കലനത്തിന്റെ സാദ്ധ്യതകൾ  പ്രയോജനപ്പെടുത്തേണ്ടി വരുന്നത്.

ഈ പ്രക്രിയയിൽ ആദ്യം സ്ത്രീകളുടെ അണ്ഡോത്പാദനം കൃത്രിമ മാർഗ്ഗങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെടുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡം ഓവറിൽ നിന്നെടുത്ത്, ലബോറട്ടറിയിലെ ഗ്ലാസ് ടെസ്റ്റ് ട്യൂബിനുള്ളിലെ ദ്രാവകാന്തരീക്ഷത്തിൽ വെച്ച്, നേരത്തേ ശേഖരിച്ച് ശുക്ലത്തിലെ പുംബീജവുമായി സംയോജിപ്പിക്കപ്പെടുന്നു. ഈ കൃത്രിമ ബീജസങ്കലനത്തിനു ശേഷം ഉണ്ടാവുന്ന സിക്താണ്ഡം അഥവാ സൈഗോട്ടിനെ തിരികെ അമ്മയുടെ ഗര്ഭപാത്രത്തിലേക്ക് നിക്ഷേപിച്ച് അവിടെ വെച്ച് വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ പ്രക്രിയകൊണ്ട് ഉദ്ദേശിക്കുന്നത്. 

എന്തുകൊണ്ടാണ് ഇന്ന് ജൂലൈ 25 -ന് ലോക ഐവിഎഫ് ദിനമായി ആചരിക്കപ്പെടുന്നത് ? 

ഇന്നേക്ക് 42 വർഷം മുമ്പ്, അതായത് 1978 ജൂലൈ 25 -നാണ്, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ലെസ്ലിക്കും പീറ്റർ ബ്രൗണിനും മകളായി ലോകത്തിലെ ആദ്യത്ത ഐവിഎഫ് ശിശു ആയ ലൂയിസ് ബ്രൗൺ പിറന്നുവീഴുന്നത്. അന്ന് അവളെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ലോകത്തിലെ ആദ്യ 'ടെസ്റ്റ് ട്യൂബ്' ശിശു എന്നാണ്. പ്രസവം സിസേറിയൻ ആയിരുന്നു. പ്രസവാനന്തരം അമ്മയ്ക്കോ കുഞ്ഞിനോ വിശേഷിച്ച് ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. 

ആദ്യപുത്രി ലൂയിസ് ജനിക്കും മുമ്പ് ഫാലോപ്പിയൻ നാളികളിലെ ബ്ലോക്ക് കാരണം വർഷങ്ങളോളം പലതരം വന്ധ്യതാ ചികിത്സകൾ നടത്തി പരാജയപ്പെട്ട്  വിഷാദരോഗത്തിന്റെ വക്കോളം എത്തി നിൽക്കെയാണ് ഒടുവിൽ മാഞ്ചസ്റ്ററിലെ ഡോക്ടർമാർ, അപ്പോൾ പരീക്ഷണ ഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു സംഗതിയെപ്പറ്റി - ടെസ്റ്റ് ട്യൂബിലുള്ള ബീജസങ്കലനത്തെപ്പറ്റി ലെസ്ലി ബ്രൗണിനോട് പറഞ്ഞത്. 1977 നവംബറിൽ ലെസ്ലി ലോകത്തിൽ ആദ്യമായി നടത്തപ്പെട്ട ഐവിഎഫ് പരീക്ഷണത്തിന് വിധേയയായി. അവരുടെ അണ്ഡാശയത്തിൽ നിന്നെടുത്ത ഒരു അണ്ഡവും ഭർത്താവിന്റെ ശുക്ലവും തമ്മിൽ ലബോറട്ടറി സാഹചര്യത്തിൽ കൃത്രിമമായി സങ്കലനം ചെയ്ത് ഒരു എംബ്രയോ രൂപം കൊണ്ടു. ഏതാനും ദിവസങ്ങൾക്കകം ലെസ്ലിയുടെ ഗർഭപാത്രത്തിൽ അത് നിക്ഷേപിതമായി. 

ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റായ പാട്രിക് സ്റ്റെപ്ടോ, ശാസ്ത്രജ്ഞനായ റോബർട്ട് എഡ്വാർഡ്സ് എന്നിവരായിരുന്നു ഗർഭധാരണത്തിനുള്ള ഈ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തവർ. ഐവിഎഫ് വഴി ലെസ്ലി ഗർഭം ധരിച്ചു എന്നറിഞ്ഞതോടെ ലോകത്തിലെ പരമ്പരാഗത ഗർഭവാദികൾ അവരെ വിടാതെ പിന്തുടർന്നു. എന്തോ അപരാധം ചെയ്തപോലെ പലരും അവരെ നോക്കിക്കണ്ടു. ഐവിഎഫ് എന്ന കൃത്രിമ ഗര്ഭധാരണമാർഗത്തിന്റെ നിയമപരവും നൈതികവുമായ സാധുതയെ പലരും അന്ന് ചോദ്യം ചെയ്തു. 

ഈ പ്രസവം കഴിഞ്ഞ് വർഷങ്ങൾക്കുള്ളിൽ ലെസ്ലിക്ക് നതാലി എന്നുപേരായ മറ്റൊരു കുഞ്ഞ് കൂടി ജനിച്ചു. ആ കുഞ്ഞ്, നതാലി, 1999 -ൽ സ്വാഭാവികമായി ഗർഭം ധരിച്ചു. അതോടെ ഐവിഎഫ് വഴി ഗർഭം ധരിച്ചുണ്ടാകുന്ന പെണ്കുഞ്ഞുങ്ങൾക്ക് സ്വാഭാവികമായ ഗർഭം ധരിക്കാനുള്ള ശേഷി ഉണ്ടാവില്ല എന്ന ആശങ്ക അതോടെ നീങ്ങിക്കിട്ടി. 2006 -ൽ ലൂയിസ് ബ്രൗണും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 

ആദ്യത്തെ ഐവിഎഫ് കുഞ്ഞ് ജനിച്ചിട്ട് ഇന്നേക്ക് 42 വർഷം പിന്നിടുന്നു. ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം സിദ്ധിക്കാതെ  വർഷങ്ങളായി കഴിഞ്ഞുകൂടുന്ന നിരവധി ദമ്പതികളുടെ ജീവിതങ്ങളിലേക്ക് സന്താനസൗഭാഗ്യത്തിന്റെ വെളിച്ചം എത്തിച്ചുകൊണ്ട് ഐവിഎഫ് ഇന്നും നമുക്കിടയിൽ പ്രചാരത്തിലുണ്ട്. എന്നുമാത്രമല്ല, അതിന്ന് ഏറെ  സ്വാഭാവികമായ ഒരു ചികിത്സാ പ്രക്രിയ എന്ന തലത്തിലേക്ക് പുരോഗമിച്ചിട്ടുണ്ട്.