Asianet News MalayalamAsianet News Malayalam

നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനയാണ് ഈ ലക്ഷണങ്ങള്‍...

മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും.  

6 symptoms of liver damage or liver disease
Author
First Published Dec 10, 2023, 5:56 PM IST

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും.   ലിവർ സിറോസിസ്, ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ അടക്കം കരള്‍ രോഗങ്ങള്‍ പലവിധമാണ്. എന്നാല്‍ തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികില്‍സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും. 

അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ  ചില ലക്ഷണങ്ങളെ തിരിച്ചറിയാം. 

ഒന്ന്...

കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്‍റെ അനാരോഗ്യം കാരണം സംഭവിക്കുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണിത്. പരിധിയില്‍ അധികം ബിലിറൂബിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് ഇത്തരത്തില്‍ മഞ്ഞനിറം വരുന്നത്. കരളിനുണ്ടാകുന്ന ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും ഇത്തരം പ്രശ്നം കാണപ്പെടുന്നുണ്ട്.

രണ്ട്... 

കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം. മൂത്രത്തിലെ മഞ്ഞനിറം, ചുവപ്പ് നിറം, മറ്റ് കടുംനിറം,  എന്നിവയെ നിസാരമായി കാണരുത്. 

മൂന്ന്...

കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം. അതും നിസാരമായി കാണേണ്ട. 

നാല്... 

ശരീരത്തില്‍ എവിടെയെങ്കിലും ചെറിയ മുറിവ് ഉണ്ടാകുമ്പോള്‍ നിലയ്‌ക്കാതെ രക്തം വരുന്നത്, ചിലപ്പോഴെങ്കിലും കരള്‍രോഗം കാരണമായിരിക്കും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നത് കരള്‍രോഗ ലക്ഷണമായി കണക്കാക്കാം.

അഞ്ച്... 

ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.

ആറ്... 

വയറുവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മഞ്ഞുകാലത്ത് ഉള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios