ബീജിംയിങ്: കടുത്ത തലവേ​ദനയുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവാവിന്റെ ശരീരത്തിൽ നിന്ന് ഡോക്ടർമാർ കണ്ടെത്തിയത് 700 വിരകളെ. പടിഞ്ഞാറന്‍ ചൈന സ്വദേശിയായ ഷൂ ഷോങിന്റെ (43) ശരീരത്തിൽ നിന്നാണ് വിരകളെ കണ്ടെത്തിയത്. ഏകദേശം ഒരുമാസത്തോളമായി അനുഭവിക്കുന്ന തലവേദന സഹിക്കാനാകാതെയായപ്പോൾ ഷൂ ഷോങ് ഒടുവിൽ ചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു.

ഷെജിയാങ് പ്രവിശ്യയിലെ പ്രശസ്ത ആശുപത്രിയിലെ സാംക്രമികരോ​ഗ വിദ​ഗ്ധനായ ഡോ.വാങ് ജിൻ റോം​ഗിന്റെ അടുത്താണ് ഷൂ ഷോങ് ചികിത്സ തേടിയെത്തിയത്. ‌‌‌‌പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാടവിരകളാണ് തലവേദനയ്ക്ക് കാരണമെന്ന് ഡോക്ടർ കണ്ടെത്തി. പിന്നീട് വിവിധ മെഡിക്കൽ ചെക്കപ്പുകൾ നടത്തുകയും ശരീരത്തിൽ വിരകളുടെ സാമീപ്യം കണ്ടെത്തുകയുമായിരുന്നു. തലച്ചോറ്, നെഞ്ച്‌, ശ്വാസകോശം എന്നിവിടങ്ങളിലാണ് വിരകളെ കണ്ടെത്തിയത്. ഷൂ ഷോങ്ങിന്റെ ശരീരത്തിലെ പ്രധാന അവയവങ്ങളില്ലെല്ലാം തന്നെ വിരകൾ പെരുകിയിരിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു.

വേവാത്ത മാംസമടങ്ങിയ ഭക്ഷണം കഴിച്ചതാകാം വിരകൾ‌ ശരീരത്തിൽ പെരുകാനുള്ള പ്രധാന കാരണം. വേവാത്ത മാംസത്തിലൂടെ ശരീരത്തിലെത്തിയ വിരകൾ മുട്ടയിട്ട് പെരുകിയതാണ് അണുബാധയ്ക്ക് കാരണമായത്. വേവാത്ത മാംസം കഴിച്ചാൽ വിരകൾ പെരുകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണത്തിലൂടെ ശരീരത്തിൽ കടക്കുന്ന ഇത്തരം വിരകൾ മുട്ടയിട്ട് പെരുകുകയും ഒടുവിൽ ജീവന് വരെ ഭീഷണിയാകുകയും ചെയ്യുന്നതായും ഡോക്ടർ‌ പറ‍‌ഞ്ഞു.